ഷട്ടറുകൾ തകരാറിലായത് മാറ്റുന്നതിൽ ‌കാലതാമസം ; മണിയാർ ബാരേജ്‌ അപകടാവസ്‌ഥയിൽ

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – കക്കാട്ടാറിനു കുറുകെ നിർമിച്ചിരിക്കുന്ന മണിയാര്‍ ബാരേജിന്റെ കാലപ്പഴക്കം ചെന്ന ഷട്ടറുകള്‍ മാറ്റുന്നതില്‍ കാലതാമസം . സ്വകാര്യ കമ്പനിക്ക്‌ കരാര്‍ നല്‍കി രണ്ടു വര്‍ഷമാകുമ്പോഴും ഷട്ടറുകളില്‍ ഒരെണ്ണം പോലും മാറ്റിസ്‌ഥാപിച്ചില്ല. വലിയ അപകട ഭീഷണി നിലനില്‍ക്കുന്നുവെന്നും ജലസേചന വകുപ്പിന്റെ അനാസ്ഥയാണെന്നും നാട്ടുകാര്‍ ആരോപിച്ചു.

കനത്ത മഴ ഇതേപോലെ തുടര്‍ന്നാല്‍ ബാരേജ്‌ നിറയും. അധികമായുള്ളത്‌ ഒഴുക്കി വിട്ട്‌ ജലനിരപ്പ്‌ ക്രമീകരിച്ച്‌ പ്രളയക്കെടുതി ഒഴിവാക്കാന്‍ അഞ്ച്‌ ഷട്ടറുകളും കൃത്യമായി തുറക്കണം. എന്നാല്‍ അഞ്ചെണ്ണത്തിന്റെയും അവസ്‌ഥ പരിതാപകരമാണ്‌. ഒന്നും മൂന്നും ഷട്ടറുകള്‍ ഉയര്‍ത്തണമെങ്കില്‍ ജീവനക്കാര്‍ പെടാപ്പാടുപെടണം. രണ്ട്‌, നാല്‌ ഷട്ടറുകള്‍ക്ക്‌ വലിയ കുഴപ്പമില്ല. അഞ്ചാമത്തെ ഷട്ടര്‍ തെന്നിമാറി ഒരു വശത്തേക്കു പോയി. തുറക്കാന്‍ പോലും പറ്റാത്ത സ്‌ഥിതിയാണ്‌.

കാലപ്പഴക്കം ചെന്ന അഞ്ച്‌ ഷട്ടറുകളും അടിയന്തരമായി മാറ്റി പുതിയത്‌ സ്‌ഥാപിക്കാന്‍ പ്രളയശേഷം തീരുമാനമെടുത്തതാണ്‌. ഒടുവില്‍, 2022 ജൂലൈയില്‍ കൊല്‍ക്കത്ത ആസ്‌ഥാനമായ സ്വകാര്യ കമ്പനിക്ക്‌ ആറു കോടി ചെലവില്‍ കരാര്‍ നല്‍കി. എന്നാല്‍ ഷട്ടര്‍ ഗേറ്റുകള്‍ മണിയാറില്‍ എത്തിച്ചതല്ലാതെ ഒരു പണിയും നടന്നില്ല. വീണ്ടുമൊരു മഴക്കാലമെത്തുമ്പോള്‍ പഴകിയ ഷട്ടറുകള്‍ വച്ചു തന്നെ ഉദ്യോഗസ്‌ഥര്‍ക്ക്‌ ജലനിരപ്പ്‌ ക്രമീകരിക്കേണ്ട ദുരവസ്‌ഥ, ഒപ്പം ജനങ്ങളും കടുത്ത ആശങ്കയിലാണ്‌.

പമ്പ ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച മണിയാര്‍ ബാരേജിലേക്ക്‌, രണ്ട്‌ സ്വകാര്യ ജലവൈദ്യുത പദ്ധതികളിലെ വെള്ളം കൂടി എത്തും. അതിതീവ്രമഴ വന്നാല്‍ അത്ര പെട്ടെന്ന്‌ പഴക്കംചെന്ന ഷട്ടറുകള്‍ തുറന്ന്‌ ജലനിരപ്പ്‌ ക്രമീകരിക്കാന്‍ പറ്റുമോയെന്നാണ്‌ ആശങ്ക. കരാറെടുത്ത കമ്പനിയെകൊണ്ട്‌ തന്നെ ഉടന്‍ അറ്റകുറ്റപ്പണി നടത്തുമെന്നും ഓഗസ്‌റ്റില്‍ പുതിയ ഷട്ടറുകള്‍ സ്‌ഥാപിക്കുമെന്നും ആശങ്കയ്‌ക്ക് അടിസ്‌ഥാനമില്ലെന്നുമാണ്‌ ഉദ്യോഗസ്‌ഥ വിശദീകരണം. കരാറുകാരനെകൊണ്ട്‌ കൃത്യമായി ജോലികള്‍ പൂര്‍ത്തിയാക്കാത്ത ജലസേചന വകുപ്പിന്റെ ഭാഗത്ത്‌ ഗുരുതരവീഴ്‌ച സംഭവിച്ചുവെന്നു നാട്ടുകാരും ജനപ്രതിനിധികളും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *