കോഴിക്കോട്: രാഹുൽഗാന്ധി റായ്ബറേലിയിലും മത്സരിക്കുന്നത് ഭീരുത്വം കൊണ്ടാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. രാഹുൽ അവിടെയും തോൽക്കും. വയനാട്ടിലും തോൽക്കും. അങ്ങനെ ഈ തിരഞ്ഞെടുപ്പോടെ രാഹുലിന്റെ രാഷ്ട്രീയത്തിന് വിരാമമാകും. വയനാട് തന്റെ കുടുംബമാണ്, രണ്ടാംവീടാണ് എന്നൊക്കെയാണ് രാഹുൽ പറഞ്ഞത്. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ മറ്റൊരിടത്ത് മത്സരിക്കുന്ന കാര്യം മറച്ചുവെച്ചു. അമേഠിയിൽ മത്സരിച്ചിരുന്നെങ്കിൽ കഴിഞ്ഞതവണ തോറ്റ മണ്ഡലത്തിലെ രാഷ്ട്രീയദൗത്യം എന്ന് പറയാമായിരുന്നു. തനിനാടകമാണ് രാഹുൽ കാണിച്ചതെന്നും ഓസ്‌കാർ അവാർഡിന് അർഹനാണെന്നും സുരേന്ദ്രൻ പരിഹസിച്ചു.
ഇന്ത്യ മുന്നണിയെ നയിക്കാൻ രാഹുൽഗാന്ധിക്ക് ഇച്ഛാശക്തിയില്ലെന്നതാണ് റായ്ബറേലിയിലെ സ്ഥാനാർഥിത്വം കാണിക്കുന്നത്. വയനാട്ടിൽ വെയിലുകൊണ്ട ലീഗുകാർ ഉൾപ്പെടെയുള്ളവർക്കുള്ള കൂലിയാണ് അദ്ദേഹം കൊടുത്തത്. വയനാട് കോൺഗ്രസിന്റെ സുരക്ഷിത മണ്ഡലമായി അധികകാലമുണ്ടാവില്ല. മൈക്രോസ്‌കോപ്പ് വെച്ചാൽ കാണാത്ത രീതിയിൽ ഇന്ത്യയിൽ കോൺഗ്രസ് തളർന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
കോൺഗ്രസ് ഉപ്പുവെച്ച കലംപോലെയാവാൻ കാരണം രാഹുൽഗാന്ധിയാണ്. വയനാട്ടിൽ ലീഗ് അത്യധ്വാനംചെയ്തു. എന്നിട്ട് എന്തുകിട്ടി ? പ്രധാനമന്ത്രി രണ്ടിടത്ത് മത്സരിച്ചപോലെയല്ല രാഹുൽ ഗാന്ധി മത്സരിക്കുന്നത്. മുസ്ലിം ലീഗിന് വൈകിയേ ബുദ്ധിയുദിക്കൂ. വയനാട് കുടുംബം ആണെന്ന് പറഞ്ഞ രാഹുൽ ഗാന്ധിക്ക് ഇനി കുടുംബമേ ഇല്ലാത്ത സ്ഥിതിയാകും. ലീഗിനെ പറ്റിക്കാനാണ് പ്രിയങ്കാ ഗാന്ധി വരുമെന്ന് പറയുന്നതെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
അതേസമയം, ബി.ജെ.പി. കേരളത്തിൽ അഞ്ചിടത്ത് വിജയിക്കുമെന്ന് കെ. സുരേന്ദ്രൻ അവകാശപ്പെട്ടു. വടകരയിൽ ബി.ജെ.പി. നന്നായി പ്രവർത്തിച്ചു. കഴിഞ്ഞ തവണ 80,000-ത്തിലേറെ വോട്ട് കിട്ടിയ മണ്ഡലമാണ്. ഇതിന്റെ രണ്ടിരട്ടിയിലധികം വോട്ട് ഇത്തവണ കിട്ടും. തൃശ്ശൂരിൽ കെ. മുരളീധരൻ മുൻകൂർ ജാമ്യമെടുത്തു കഴിഞ്ഞു. അദ്ദേഹത്തിന് ഇനി വീട്ടിൽ ഇരിക്കാം. വടകരയിൽ വലിയ തോതിൽ വർഗീയ പ്രചാരണം നടന്നു. അതിന് നേതാക്കൾ നേതൃത്വം നൽകി. ഈ വിഷയം ശരിയായ രീതിയിൽ പരിശോധിക്കപ്പടെണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ.എസ്.ആർ.ടി.സി. ഡ്രൈവറും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും തമ്മിലുണ്ടായ തർക്കത്തിലും സുരേന്ദ്രൻ പ്രതികരിച്ചു. ആരുടെ ഭാഗത്താണ് അപാകതയെന്ന് ഗതാഗതമന്ത്രി ഗണേഷ്‌കുമാർ പറയണം. എന്തടിസ്ഥാനത്തിലാണ് എം.എൽ.എ. ബസിൽ കയറി ആളുകളെ ഇറക്കിവിട്ടത് ? ബസിൽ എന്ത് സംഭവിച്ചു എന്നകാര്യത്തിൽ വകുപ്പുമന്ത്രി മറുപടി പറയണം. ഡ്രൈവർക്ക് കേരളത്തിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.


