രണ്ട് പുതിയ ബിഷപ്പുമാരെ പ്രഖ്യാപിച്ച് മലങ്കര സുറിയാനി കത്തോലിക്കാ സഭ

Kerala Pathanamthitta
Print Friendly, PDF & Email

അടൂർ – രണ്ട് പുതിയ ബിഷപ്പുമാരെ പ്രഖ്യാപിച്ച് മലങ്കര സുറിയാനി കത്തോലിക്കാ സഭ. മോൺ.ഡോ. കുര്യാക്കോസ് തടത്തിലിനെ യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേറ്ററുടെ ചുമതലയിലും മോൺ.ഡോ. ജോൺ കുറ്റിയിലിനെ തിരുവനന്തപുരം മേജർ അതിരൂപതയുടെ സഹായ മെത്രാനുമായാണ് നിയമനം. മെത്രാഭിഷേകം നവംബർ 22ന് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കും.

അടൂരിൽ നടക്കുന്ന 95 ാമത് പുനരൈക്യ വാർഷികത്തോടനുബന്ധിച്ച് ധന്യൻ മാർ ഈവാനിയോസ് മെത്രാഭിഷേക ശതാബ്ദിയുടെ അല്മായ സംഗമവേദിയിൽ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയാണ് പുതിയ മെത്രാൻമാരുടെ നിയമന പ്രഖ്യാപനം നടത്തിയത്. തിരുവല്ല ആർച്ച് ബിഷപ് ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത നിയമന കല്പന വായിച്ചു.

* മോൺ.ഡോ. കുര്യാക്കോസ് തടത്തിൽ

മലങ്കര കത്തോലിക്കാസഭ തിരുവല്ല അതിരൂപതയിൽപെട്ട അമയന്നൂർ സെന്റ് മേരീസ് ഇടവകാംഗമാണ് നിയുക്ത യൂറോപ്പ് അപ്പസ്‌തോലിക് വിസിറ്റേറ്റർ ബിഷപ് മോൺ. ഡോ.കുര്യാക്കോസ് തടത്തിൽ. അമയന്നൂർ തടത്തിൽ പരേതനായ തോമസിന്റെയും അന്നമ്മയുടെയും മകനായി 1962 മാർച്ച് 27നു ജനിച്ചു. തിരുവല്ല ഇൻഫന്റ് മേരീസ് മൈനർ സെമിനാരിയിലായിരുന്നു വൈദിക പരിശീലനം. തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങൾ ആലുവ സെന്റ് ജോസഫ്‌സ് പൊന്തിഫിക്കൽ സെമിനാരിയിൽ നടത്തി.

1987 ൽ ആർച്ച് ബിഷപ് ബനഡിക്ട് മാർ ഗ്രീഗോറിയോസിൽ നിന്നും തിരുവല്ല അതിരൂപതയിൽ വൈദികപട്ടം സ്വീകരിച്ചു. വൈദികശുശ്രൂഷ തുടരുമ്പോൾ തന്നെ തൃശൂർ സെന്റ് തോമസ് കോളജിൽ നിന്ന് ആംഗലേയ സാഹിത്യത്തിൽ ബിരുദവും റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് ആരാധന ക്രമ ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കി. കാനം, നെടുമാവ്, ചുമന്നമണ്ണ്, അടിപെരണ്ട, കൊമ്പഴ, ചക്കുണ്ട്, കുന്നംകുളം, വാഴാനി, തിരുവൻവണ്ടൂർ, ചെങ്ങരൂർ ഇടവകകളിൽ വികാരിയായിരുന്നു. 2021 മുതൽ സഭയുടെ യുകെ റീജിയന്റെ സഭാതല കോർഡിനേറ്ററാണ്. തിരുവനന്തപുരം മലങ്കര സെമിനാരിയിൽ അധ്യാപകനായും കോട്ടയം വടവാതൂർ, കുന്നോത്ത് ഗുഡ്‌ഷെപ്പേർഡ് സെമിനാരികളിൽ വിസിറ്റിങ് പ്രഫസറായും സേവനമനുഷ്ഠിച്ചു. മലങ്കര മേജർ സെമിനാരി റെക്ടർ, തിരുവല്ല അതിരൂപത ചാൻസലർ, വിശ്വാസ പരിശീലന പദ്ധതി അതിഭദ്രാസന ഡയറക്ടർ, സഭയുടെ ആരാധന കമ്മിഷൻ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ആരാധന ദൈവശാസ്ത്രത്തിൽ പാണ്ഡിത്യമുള്ള നിയുക്ത മെത്രാൻ സഭയുടെ മാസ്റ്റർ ഓഫ് സെറിമണിയായി ശുശ്രൂഷ ചെയ്തിരുന്നു. നിലവിൽ യുകെയിലെ കവന്ററി, പ്‌ളിമോത്ത് ഇടവകകളുടെ വികാരി കൂടിയാണ്. സഹോദരങ്ങൾ: മാത്തുക്കുട്ടി, സാബു, മിനി.

* മോൺ.ഡോ. ജോൺ കുറ്റിയിൽ

കൊട്ടാരക്കര കിഴക്കേത്തെരുവ് ഇടവകാംഗമാണ് നിയുക്ത സഹായ മെത്രാൻ മോൺ. ഡോ.ജോൺ കുറ്റിയിൽ. കിഴക്കേത്തെരുവ് കുറ്റിയിൽ പരതേനായ രാജനും ഓമനയുമാണ് മാതാപിതാക്കൾ. 1982 മേയ് 30നാണ് ജനനം. കിഴക്കേത്തെരുവ് സെന്റ് മേരീസ് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തിരുവനന്തപുരം സെന്റ് അലോഷ്യസ് മൈനർ സെമിനാരിയിൽ വൈദികപഠനം നടത്തി. തത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങളും വൈദിക പരിശീലനവും സെന്റ് മേരീസ് മലങ്കര മേജർ സെമിനാരിയിൽ പൂർത്തിയാക്കി.

2008ൽ കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവയിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു. തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിലെ വൈദികനാണ്. കർദിനാൾ ക്ലീമിസ് ബാവയുടെ സെക്രട്ടറിയായാണ് പ്രഥമ നിയമനം. റോമിലെ ഓറിയന്റൽ ഇൻസ്റ്റിറ്റിയൂട്ടിൽ നിന്നും സഭാ നിയമത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കി. ചാല, കരമന, പാറോട്ടകോണം, പാളയം സമാധാനരാജ്ഞി ബസിലിക്ക ഇടവകകളിൽ വികാരിയായി സേവനം അനുഷ്ഠിച്ചു. സെന്റ് അലോഷ്യസ് മൈനർ സെമിനാരി റെക്ടറായും തിരുവനന്തപുരം മേജർ അതിഭദ്രാസന അജപാലന സമിതി വൈദിക സെക്രട്ടറിയായും സേവനം ചെയ്തു. നിലവിൽ മേജർ അതിഭദ്രാസന ചാൻസലറായും സഭയുടെ മാസ്റ്റർ ഓഫ് സെറിമണീസായും ശുശ്രൂഷ ചെയ്യുന്നു. മേജർ മലങ്കര സെമിനാരിയിൽ സഭാ നിയമ അധ്യാപകൻ കൂടിയാണ്. ഗ്രന്ഥകാരൻ, ബഹുഭാഷ പണ്ഡിതൻ, പ്രഭാഷകൻ തുടങ്ങിയ നിലകളിലും ശ്രദ്ധേയനാണ്. നിലവിൽ തിരുവനന്തപുരം മണ്ണന്തല വിശുദ്ധ ജോൺ പോൾ, ഉളിയാഴിത്തറ തിരുഹൃദയ ഇടവകകളുടെ വികാരിയാണ്. സഹോദരൻ: രാജീവ് (അധ്യാപകൻ).

Leave a Reply

Your email address will not be published. Required fields are marked *