ഏനാത്ത് കുളക്കടയിൽ ഉണ്ടൊരു സൂര്യകാന്തി ഗ്രാമം

Fashion Lifestyle Pathanamthitta
Print Friendly, PDF & Email

അടൂർ: കത്തിപ്പടരുന്ന വെയിലിൽ സ്വർണവർണമാർന്ന് തല പൊക്കിപ്പിടിച്ച് നിൽക്കുന്ന സൂര്യകാന്തിപ്പൂക്കൾ. ഇത് തമിഴ്നാട്ടിലെ സുരണ്ടയോ സുന്ദര പാണ്ഡ്യപുരമോ അല്ല. എം.സി റോഡ് അരികിൽ ഏനാത്ത് കുളക്കടയ്ക്ക് സമീപമുള്ള സൂര്യകാന്തി തോട്ടമാണ്. എം.സി റോഡ് വഴി പോകുന്നവർ വാഹനം നിർത്തി സൂര്യകാന്തിപ്പാടം കാണും. പിന്നെ മതി വരുവോളം ഫോട്ടോയെടുത്താണ് മടക്കം.

ഏനാത്ത് പാലത്തിന് സമീപം കുളക്കടയിൽ റോഡരികിൽ മൂന്ന് ഏക്കർ സ്ഥലത്താണ് സൂര്യകാന്തി പാടം. പുത്തൂർ തേവലപ്പുറം മനു മന്ദിരത്തിൽ മനു, കല്ലട അനിൽ ഭവനിൽ അനിൽ മംഗല്യ എന്നിവർ ചേർന്നാണ് കൃഷിയിറക്കിയിരിക്കുന്നത്. ഡ്രിപ്പ് ഇറിഗേഷൻ സംവിധാനത്തിൽ വെള്ളം എത്തിച്ച് ജൈവവളം ഉപയോഗിച്ചായിരുന്നു കൃഷി.

സൂര്യകാന്തി വച്ച് പിടിപ്പിച്ച് 50 ദിവസമായപ്പോഴേക്കും പൂവിട്ടു. കത്തുന്ന സൂര്യനെ കണ്ണിമ വെട്ടാതെ ഉദയം മുതൽ അസ്തമയം വരെ നോക്കി നിൽക്കുന്ന സൂര്യകാന്തിപ്പൂക്കൾ കാണാനും സെൽഫി എടുക്കുന്നതിനും സഞ്ചാരികളുടെ തിരക്കാണ്. ദൂരെ കാഴ്ച്ചയിൽ മഞ്ഞപ്പട്ട് വിരിച്ചത് പോലെ തോന്നും. കടുത്ത വേനലായിരുന്നിട്ട് കൂടി മിക്ക സൂര്യകാന്തികളും പൂത്തുലഞ്ഞു. ഫോട്ടോ ഷൂട്ടിന് ഇവിടം സ്ഥിരം വേദിയാകുകയാണ്. ഇനി പൂപ്പാടം കാണാൻ സുന്ദര പാണ്ഡ്യ പുരത്തേക്കൊന്നും പോക്കേണ്ടതില്ല. ലാഭം പ്രതീക്ഷിച്ചല്ല സഞ്ചാരികൾക്ക് കണ്ട് ആ സ്വദിക്കാനായിട്ടാണ് സൂര്യകാന്തി കൃഷി ചെയ്തതെന്ന് യുവകർഷകർ പറഞ്ഞു. ബംഗളുരുവിൽ നിന്നാണ് സൂര്യ കാന്തി ചെടികളുടെ വിത്ത് ലഭിച്ചത്. വിവാഹ ആൽബം, യുട്യൂബ് ആൽബങ്ങൾ എന്നിവയുടെ ചിത്രീകരണത്തിന് ആൾക്കാർ ഇവിടെ എത്തുന്നുണ്ട്. സൂര്യകാന്തിക്കൊപ്പം പച്ചക്കറി കൃഷിയും ഉണ്ട്. തണ്ണിമത്തൻ, സലാഡ് വെള്ളരി, ചീര, പച്ചമുളക് എന്നിവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. മൂന്നര ലക്ഷത്തോളം രൂപ ചെലവിട്ടാണ് ഡ്രിപ്പ് ഇറിഗേഷൻ ചെയ്തത്.

നെടുവത്തൂർ ഭാഗത്ത് ഒരേക്കറിൽ കുമ്പളം, പയർ,ചീര എന്നിവയും കരീപ്ര ഉടയ്ക്കാട്ട് ഒന്നര ഏക്കറിൽ വാഴ, ചേന, ഇഞ്ചി കൃഷിയും ഉണ്ട്. തികച്ചും ജൈവ കൃഷി രീതിയാണ് അവലംബിച്ചിരി ക്കുന്നത്. ഇവിടെ വിളയുന്ന പച്ചക്കറികൾ കുളക്കട ഏനാത്ത് പാലത്തിന് സമീപം കൃഷിയിടത്തിലെ തന്നെ കടയിലൂടെയാണ് വിൽക്കുന്നത്. സൂര്യകാന്തി പൂക്കൾ ഇതൾ പൊഴിഞ്ഞ് തുടങ്ങിയാൽ ഓണക്കാലം ലക്ഷ്യമിട്ട് പച്ചക്കറി കൃഷി ആരംഭിക്കുമെന്ന് ഇവർ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *