അടൂർ – യുവതിയെ ചീത്ത വിളിച്ചത് ചോദ്യം ചെയ്ത ഭർത്താവിന്റെ സഹോദരനെ ലക്ഷ്യമിട്ട് വീടു കയറി ആക്രമണം. മർദനത്തിൽ യുവാവിന് ഗുരുതരപരുക്ക്. മൂന്നു പേർക്കെതിരേ പോലീസ് കേസെടുത്തു. മേലൂട്സജീവ് ഭവനത്തിൽ വിനീഷ് (26), സഹോദരൻ നന്ദു (25) എന്നിവരെയാണ് മർദിച്ചത്. വീടും കാറുംഅടിച്ചു തകർത്തു.
ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. ഒരു ബുള്ളറ്റിൽ വന്ന വിനോദ്, അജിത്ത്, രഞ്ജിത്ത് എന്നിവർ വീട്ടിൽ എത്തുകയും കമ്പിവടിയും നെഞ്ചക്കും ഉപയോഗിച്ച് വിനീഷിനെ മർദിക്കുകയുമായിരുന്നു. മർദനമേറ്റ് അവശനിലയിലായ വിനീഷിനെ വീടിന് വെളിയിലേക്ക് തൂക്കി എറിഞ്ഞു. വീടിന്റെ ജനാല ചില്ലകളും മുറ്റത്ത് കിടന്ന മാരുതി ആൾട്ടോ കാറും അടിച്ചു തകർത്തു. ഇത് തടയാൻ ശ്രമിച്ച സഹോദരൻ നന്ദുവിനെയും അക്രമി സംഘം ആക്രമിച്ചു.
പരുക്കേറ്റ വിനീഷിനെയും കൊണ്ട് ആശുപത്രിയിലേക്ക് പോകും വഴി കാർ തടഞ്ഞ് വീണ്ടും അടിച്ചു പൊട്ടിച്ചു. ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെ നന്ദുവിന്റെ ഭാര്യ സോനയെ വിനോദ്, അജിത്ത്,രഞ്ജിത്ത് എന്നിവർ ചീത്ത വിളിച്ചതു ചോദ്യം ചെയ്തതിലുള്ള വിരോധത്തെ തുടർന്നാണ് അക്രമമെന്ന് പറയുന്നു.
മർദനമേറ്റവരെ അടൂർ ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ഇവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. അടൂർ പോലീസ് മേൽനടപടി സ്വീകരിച്ചു.


