കോഴിക്കോട് – കേരളത്തിൽ ഏപ്രിൽ 26 വെള്ളിയാഴ്ച ദിവസം വോട്ടെടുപ്പ് പ്രഖ്യാപിച്ച ഇലക്ഷൻ കമ്മീഷന്റെ നടപടി മുസ്ലിം വോട്ടർമാരും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട മുസ്ലിം ഉദ്യോഗസ്ഥരും പോളിങ് ഏജന്റുമാരുമായ മുസ്ലിം വിശ്വാസികൾക്കും അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. വെള്ളിയാഴ്ച ഇസ്ലാം മത വിശ്വാസികൾ പള്ളികളിൽ ഒത്തുചേരുന്ന ജുമുഅ ദിവസമാണ്.
കേരളത്തിലും തമിഴ്നാട്ടിലുമെല്ലാം ഈ ദിവസം തന്നെ വോട്ടെടുപ്പിന് തെരഞ്ഞെടുത്തത് പ്രയാസം സൃഷ്ടിക്കും. ഈ വിഷയം അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപെടുത്തുമെന്ന് പി.എം.എ സലാം അറിയിച്ചു. വോട്ടെടുപ്പ് ദിവസം മുഴുവൻ സമയം ബൂത്തിലും പുറത്തും ചെലവഴിക്കേണ്ട സ്ഥാനാർഥികളും പാർട്ടി പ്രവർത്തകരും ഉദ്യോഗസ്ഥരും ഈ സമയത്ത് അസൗകര്യം അനുഭവിക്കേണ്ടി വരും. ഇക്കാര്യത്തിൽ പുനർ വിചിന്തനം നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിശ്ചയിക്കപ്പെട്ട തിരഞ്ഞെടുപ്പ് ഷെഡ്യൂളുകളിൽ മാറ്റം വരുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകുമോ എന്ന് കണ്ടറിയണം. പ്രാർത്ഥിക്കാൻ പോകണോ ? അധികാരത്തിനായി വോട്ട് ചെയ്യാൻ പോകണോ എന്ന അനിശ്ചിതത്തിലാണ് മുസ്ലിം വിശ്വാസികൾ.


