ദുബായ് – പ്രവാസികളുടെ ഏറ്റവും വലിയ സംഘടനയായ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണസമിതി തിരഞ്ഞെടുപ്പിൽ കെഎംസിസി – മാസ്സ് കൂട്ടു മുന്നണിയായ മതേതര ജനാധിപത്യ മുന്നണിക്ക് ജയം. കെ എം സി സി നേതാവ് നിസാർ തളങ്കര, സിപിഐഎം സംഘടനയായ മാസിന്റെ നേതാവ് ശ്രീപ്രകാശ് എന്നിവർ നേതൃത്വം നൽകിയ പാനലാണ് വിജയിച്ചത്. മുൻ സ്പീക്കർ കൂടിയായ ശ്രീരാമകൃഷ്ണന്റെ സഹോദരനാണ് ശ്രീപ്രകാശ്. കേരളത്തിൽ ഷാർജയിലെ ഈ കൂറു മുന്നണിയുടെ വിജയം വരാൻ പോകുന്ന “കേരള മോഡൽ ” ആകുമോ എന്ന ചർച്ചയും സജീവമായി.. ബിജെപി അനുകൂല സംഘടനയായ ഐപിഎഫ് നേതൃത്വം നൽകുന്ന സമഗ്ര വികസന മുന്നണിയും മത്സര രംഗത്തുണ്ടായിരുന്നു.
മുൻ പ്രസിഡന്റ് ഇ പി ജോൺസൺ, നിലവിലെ പ്രസിഡന്റ് വൈ എ റഹീം തുടങ്ങിയ ആദ്യകാല നേതാക്കൾ നേതൃത്വം നൽകിയ കോൺഗ്രസ് സംഘടനകളുടെ മുന്നണിയായ ജനാധിപത്യ മുന്നണിയാണ് തോറ്റത്. കോൺഗ്രസിനെ ഫലം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ലീഗും സിപിഎമ്മും ഒരുമിച്ചപ്പോൾ ആ പാനലിന് വമ്പൻ വിജയം സ്വന്തമാക്കാനായി.


