ഒരു ചിതയിൽ അന്ത്യയാത്ര ; കണ്ണീർ കടലായി തലവടി

Kerala Alappuzha
Print Friendly, PDF & Email

ഒരു ചിതയിൽ അന്ത്യയാത്ര ; കണ്ണീർ കടലായി തലവടി

എടത്വ: സുനുവും സൗമ്യയും പിഞ്ചുകുട്ടികളുമായി അന്ത്യയാത്ര പറഞ്ഞത് ഒരുചിതയിൽ. കണ്ണീർ അടക്കാൻ കഴിയാതെ തലവടിക്കാർ തേങ്ങി. രോഗവും സാമ്പത്തിക പരാധീനതയും തളർത്തിയതോടെ പിഞ്ചുകുട്ടികളെ കൊന്ന് ദമ്പതികൾ ജീവനൊടുക്കിയ കുടുംബം ഒരു ചിതയിലാണ് അന്ത്യയാത്ര പറഞ്ഞത്. തലവടി ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിൽ ചക്കുളം മൂലേപ്പറമ്പ് വീട്ടിൽ സുനു (36), ഭാര്യ സൗമ്യ(31) ഇരട്ടകുട്ടികളായ ആദി, ആതിൽ (മൂന്നര) എന്നിവരുടെ മൃതദേഹമാണ് ഒറ്റചിതയിൽ അടക്കിയത്. മൃതദേഹം എടത്വയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുവന്നപ്പോൾ മുതൽ നൂറുകണക്കിന് ആളുകളാണ് ആശുപത്രിയിലും വഴിയിലുമായി ഒരുനോക്കു കാണാൻ തടിച്ചു കൂടിയത്. തിരക്ക് മൂലം മണിക്കൂറുകൾ താമസിച്ചാണ് മൃതദേഹങ്ങൾ വീട്ടിൽ എത്തിച്ചത്. തങ്ങളുടെ പ്രിയപ്പെട്ടവരെ അവസാനമായി ഒരുനോക്കു കാണാൻ ആയിരക്കണക്കിനാളുകൾ വീട്ടിലും എത്തിയിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ച വരെ ആദിയുടെയും അതുലിന്റെയും കളിചിരികൾ മുഴങ്ങിയ വീട്ടിൽ തേങ്ങലും നെടുവീർപ്പുകളും ഉയർന്നു. മൃതദേഹം പൊതുദർശനത്തിനായി തൊട്ടടുത്തുള്ള കുടുംബ വീട്ടിൽ ഒരേപോലെ നിറമുള്ള വസ്ത്രം ധരിപ്പിച്ച് നിരത്തി കിടത്തിയപ്പോൾ ഒരുനോക്ക് കാണാൻ ആളുകളുടെ തിരക്ക് നിയന്ത്രണാധിതമായി. ഇനി സുനുവും കുടുംബവും തങ്ങൾക്കൊപ്പം ഇല്ലെന്ന് വിശ്വസക്കാൻ കഴിയാതെ സുഹൃത്തുക്കൾ വിതുമ്പി കരഞ്ഞു.

ഇന്നലെ വൈകിട്ട് 3.30 ഓടെ സംസ്‌കാര ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് നാല് മണിയോടുകൂടി ആദ്യം പിതാവായ സുനുവിന്റെയും തുടർന്ന് മക്കളായ ആദിയുടെയും അതുലിന്റെയും അവസാനം മാതാവ് സൗമ്യയുടെയും മൃതദേഹം ചിതയിൽ കിടത്തി. സുനുവിന്റെ സഹോദരൻ സുജിത്തിന്റെ മകൻ സൂര്യൻ ചിന്തയ്ക്ക് തീ കൊളുത്തി. ആറ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ ആദിയുടേയും അതുലിന്റേയും മൃതദേഹം ചിതയിൽ ലയിച്ച് ഇല്ലാതാകുന്നത് കാണാൻ കഴിയാതെ സ്ത്രീകൾ വാവിട്ട് കരഞ്ഞു. ബാങ്ക് ലോൺ എടുത്തും കടം വാങ്ങിയും പടുത്തുയർത്തിയ വീടിന് മുന്നിൽ രണ്ടു കുഞ്ഞു സൈക്കിളുകളും കളിപ്പാട്ടങ്ങളും അനാഥമായി തീർന്നു

Leave a Reply

Your email address will not be published. Required fields are marked *