Newdelhi – വെളിച്ചമില്ലാത്ത തുരങ്കത്തിൽ ഇരുട്ടിൽ അവർ കഴിയാൻ തുടങ്ങിയിട്ട് ഇന്ന് പതിനൊന്നു ദിവസങ്ങൾ..

” ആരും ഭയപ്പെടേണ്ടതില്ല, ഞങ്ങൾ നിങ്ങളെ സുരക്ഷിതരായി പുറത്തെത്തിക്കും …’ അവരുടെ അടുത്തേക്ക് തുരങ്കത്തിലെ ഇടിഞ്ഞുവീണ മണ്ണിന്റെ ഇടയിൽ കൂടി കടന്നുവന്ന കുഴലിന്റെ അറ്റത്ത് മുഖംചേർത്തുനിന്ന് വിതുമ്പിയ അകപ്പെട്ടുപോയ തൊഴിലാളികളോട് പുറത്തുനിന്ന് രക്ഷാപ്രവർത്തകരുടെ ആശ്വാസ വാക്കുകൾ. പത്ത് ദിവസങ്ങൾക്ക് ശേഷമാണ് ഈ ആശ്വാസത്തിന്റെ ശബ്ദമെങ്കിലും അവരെത്തേടിയെത്തിയത്. തുരങ്കത്തിനകത്തേയ്ക്ക് ഇടിഞ്ഞു വീണുകിടക്കുന്ന മണ്ണിന്റെ ഇടയിലൂടെ അകത്തേക്ക് തുരന്നു സ്ഥാപിച്ച കുഴലിലൂടെ ക്യാമറ കടത്തിയാണ് രക്ഷാപ്രവർത്തകർ തൊഴിലാളികളുടെ ദൃശ്യങ്ങൾ പകർത്തിയത്. മറ്റൊരു നാലിഞ്ച് കംപ്രസർ ട്യൂബ് വഴി തൊഴിലാളികൾ പുറത്തുള്ള ബന്ധുക്കളുമായി സംസാരിക്കുകയും ചെയ്തു. തൊഴിലാളികൾ ആരോഗ്യവാന്മാരാണെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. കുഴലിലൂടെ തുരങ്കത്തിനുള്ളിലെത്തിച്ച ഭക്ഷണ സാധനങ്ങൾ അവർ സ്വീകരിക്കുന്നതും പരസ്പരം സംസാരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. തൊഴിലാളികളുമായി വാക്കി – ടോക്കികൾ വഴിയാണ് ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥർ സംസാരിക്കുന്നത്.

ദീപാവലി ദിനത്തിൽ വീട്ടിലേക്ക് മടങ്ങാനിരുന്ന ഈ തൊഴിലാളികളാണ് ബ്രഹ്‌മഖൽ – യമുനോത്രി ദേശീയപാതയിൽ സിൽകാരയ്ക്കും ദണ്ഡൽഗാവിനും ഇടയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കം ഭാഗികമായി തകർന്നു വീണു അതിനകത്ത് അകപ്പെട്ടുപോയത്. ഈ വാർത്ത രാജ്യത്തെ ഞെട്ടിച്ചു.

നാലര കിലോമീറ്റർ നീളമുള്ള തുരങ്കത്തിന്റെ 60 മീറ്റർ ഭാഗമാണ് തകർന്നുവീണത്. 41 തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ അകപ്പെട്ടു. തൊഴിലാളികളെ രക്ഷപെടുത്താൻ ദൗത്യസംഘം പല പദ്ധതികളും ആലോചിച്ചു. അടിയന്തിരമായി തൊഴിലാളികൾക്ക് മരുന്നും ഭക്ഷണവും എത്തിച്ചു നൽകി. ഇടിഞ്ഞുവീണ മണ്ണിന്റെ ഇടയിലൂടെ തുരന്നു പൈപ്പ് കടത്തി കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാൻ ശ്രമം നടത്തി. പക്ഷേ എല്ലാം പാജയപ്പെട്ടു. മലയുടെ മുകളിൽനിന്ന് താഴേക്ക് കുഴിക്കാനുള്ള സാദ്ധ്യതയാണ് ഒടുവിൽ ഡി.ആർ.ഡി.ഒ. തേടിയത്. ഒടുവിൽ ഒടുവിൽ പത്ത് ദിവസത്തെ ശ്രമകരമായ പ്രവർത്തനങ്ങൾക്ക് ശേഷമാണ് തൊഴിലാളികളുടെ ദൃശ്യങ്ങൾ ആദ്യമായി പകർത്തുന്നത്. അവശിഷ്ടങ്ങൾക്കിടയിലൂടെ കടത്തിയ പൈപ്പിലൂടെ ക്യാമറ കയറ്റിയപ്പോൾ അവരുടെ ദൃശ്യങ്ങൾ പകർത്താനായി. അത് ലോകത്തെ ആശ്വാസത്തിന്റെ കൊടുമുടിയിലേറ്റി. അവർ ക്യാമറയ്ക്ക് നേരെ കൈകൾ വീശി. വോക്കി ടോക്കി വഴി അവർ രക്ഷാപ്രവർത്തകരുമായി സംസാരിച്ചു. ഇന്ന് അവരെ പുറത്തെത്തിക്കാമെന്ന പ്രതീക്ഷയിലാണ് രാജ്യം. ആറുമീറ്റർ അടുത്തുവരെ എത്തിയപ്പോളാണ് ഒരു ഇരുമ്പു തകിടിൽ ഡ്രിൽ ചെയ്യുന്ന മിഷീൻ തട്ടി പ്രതിസന്ധിയായത്. അതിന്നുതന്നെ ശരിയാക്കി ലക്ഷ്യത്തിലെത്തുമെന്നാണ് കരുതുന്നത്. ലോകത്തിലെ തുരങ്ക നിർമ്മാണ രംഗത്തെ പ്രമുഖരുടെ ഉപദേശങ്ങളും, നിർദ്ദേശങ്ങളും ഒക്കെ പരിഗണിച്ചാണ് ഇന്ത്യൻ രക്ഷാ പ്രവർത്തകരുടെ ഉദ്യമം മുന്നേറുന്നത്.

ഉത്തരാഖണ്ഡിലെ പ്രധാന ആരാധനാലയങ്ങൾ തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കാൻ ലക്ഷ്യമിട്ട് 2016-ൽ വിഭാവനം ചെയ്ത നരേന്ദ്രമോദി സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ് ചാർധാം ദേശീയപാത. കുറഞ്ഞത് 10 മീറ്റർ വീതിയുള്ള രണ്ട്-വരി പാതയാണ് (ഓരോ ദിശയിലും) വിഭാവനം ചെയ്തിരിക്കുന്നത്. ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ നാല് പുണ്യസ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതിനൊപ്പം സംസ്ഥാനത്തെ മുഴുവൻ ബന്ധിപ്പിക്കുന്ന ദേശീയപാതകളും പദ്ധതിയിൽ ഉൾപ്പെടുന്നു. ഡൽഹി – ഡെറാഡൂൺ എക്‌സ്പ്രസ് വേയെ ഇന്ത്യ – ചൈന അതിർത്തി റോഡുകളുമായി ബന്ധിപ്പിക്കുന്ന പദ്ധതിക്ക് ദേശീയ സുരക്ഷ മുൻനിർത്തിയും വലിയ പ്രധാന്യമാണുള്ളത്.




