ന്യൂഡൽഹി – പാലസ്തീൻ ഇസ്രായേൽ സംഘർഷം അവസാനിക്കുമെന്ന് പ്രതീക്ഷ. ഹമാസുമായുള്ള സമാധാന കരാറിൽ ഒപ്പു വയ്ക്കുന്നതിനായി ഇസ്രായേലിന്റെ മന്ത്രിസഭ പ്രത്യേക യോഗം ചേരുമെന്ന് റിപ്പോർട്ട്. ഈ സമാധാന കരാറിലുള്ള നിബന്ധനകൾ പ്രകാരം ബന്ദികളാക്കിയിരിക്കുന്ന 50ഓളം സ്ത്രീകളേയും കുട്ടികളേയും അഞ്ച് ദിവസത്തിനുള്ളിൽ ഹമാസ് മോചിപ്പിച്ചേക്കുമെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബന്ദികളുടെ മോചനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാർ കാബിനറ്റും, സെക്യൂരിറ്റി കാബിനറ്റും വിളിച്ചും ചേർക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസും പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. 240ഓളം പേരെയാണ് ഹമാസ് ഭീകരർ ഒക്ടോബർ ഏഴിന് നടത്തിയ ആക്രമണത്തിന് പിന്നാലെ ബന്ദികളാക്കി വച്ചിരിക്കുന്നത്. നാളെയോ മറ്റന്നാളോ ആയി ബന്ദികളെ മോചിപ്പിക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങുമെന്നാണ് സൂചന.
വെടിനിർത്തൽ നടപ്പാക്കുന്നതിന് അനുസരിച്ച് ബന്ദികളാക്കപ്പെട്ടവരെ മോചിപ്പിക്കും. തടവിലാക്കപ്പെട്ടവരെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യം ബുദ്ധിമുട്ടേറിയ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ടെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ലോക സമാധാനത്തിനായി ഈ സംഘർഷം അവസാനിക്കേണ്ടതുണ്ട്.


