രാഷ്ട്രീയത്തിൽ സീറ്റ് താൻ മുഖ്യം ; കർണാടകത്തിൽ ബിജെപി സീറ്റ് മോഹികൾ കോൺഗ്രസിലേക്ക്

India
Print Friendly, PDF & Email

ബെംഗളൂരു: തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ സീറ്റ് നഷ്ടമായ ബിജെപി നേതാക്കൾ കർണാടകത്തിൽ മറുകണ്ടം ചാടാനൊരുങ്ങുന്നു.

കർണാടക മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവടിയാണ് ഇത്തരത്തിലൊരു നീക്കം നടത്തുന്നത്. കോൺഗ്രസ് ഹൈക്കമാൻഡുമായി സാവടി ചർച്ച നടത്തിതായിട്ടാണ് വിവരം. സീറ്റ് നിഷേധിക്കപ്പെട്ട ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ ഈശ്വരപ്പയും പ്രതിഷേധത്തിലാണ്.

ബിജെപി സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധവുമായി എത്തിയവരിൽ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറുമുണ്ട്. 189 സ്ഥാനാർത്ഥികളുടെ പട്ടികയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. അതിൽ 52 പേരും പുതുമുഖങ്ങളാണ്. ബിജെപി സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചപ്പോൾ ലക്ഷ്മൺ സാവടിയ്ക്ക് സീറ്റ് നീഷേധിച്ചിരുന്നു. പുതിയതായി വിളിച്ചു ചേർത്തിരിക്കുന്ന അനുയായികളുടെ യോഗത്തിൽ കോൺഗ്രസ് പ്രവേശനം പ്രഖ്യാപിച്ചേക്കും.

സീറ്റ് കിട്ടാതെ പോയ ജഗദീഷ് ഷെട്ടർ സ്വതന്ത്രനായി മത്സരിച്ചേക്കും. ഈശ്വരപ്പയ്ക്ക് സീറ്റ് നിഷേധിച്ചിരുന്നില്ല. പകരം പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ എതിരാളിയാകാനാണ് പാർട്ടി നിർദേശിച്ചത്. എന്നാൽ രാഷ്ട്രീയം തന്നെ വിടാനാണ് ഈശ്വരപ്പയുടെ തീരുമാനം. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഷിഗ്ഗാവോണിൽ നിന്നും മത്സരിക്കും. മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ ശിക്കാരിപുരയിൽ മകൻ ബിവൈ വിജയേന്ദ്ര മത്സരിക്കും. ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി ടി രവി ചിക്കമംഗളൂരു സീറ്റിൽ മത്സരിക്കും.

സ്ഥാനാർത്ഥി പട്ടിക തീരുമാനിക്കാൻ ഡൽഹിയിൽ വിളിച്ച യോഗത്തിൽ നിന്നും യെദ്യൂരപ്പ ഇറങ്ങിപ്പോന്നത് വലിയ ചർച്ചയായി മാറിയിരുന്നു. വ്യക്തിപരമായ കാരണങ്ങളെന്നാണ് യെദ്യൂരപ്പ പറഞ്ഞതെങ്കിലും അതൃപ്തിയെ തുടർന്നാണ് യെദ്യൂരപ്പ തിരിച്ചുപോന്നതെന്നാണ് സൂചനകൾ. യെദ്യൂരപ്പ മുമ്‌ബോട്ടുവെച്ച 30 പേരുടെ പട്ടിക അംഗീകരിക്കാൻ കൂട്ടാക്കാതിരുന്നതിനെ തുടർന്നാണ് യെദ്യൂരപ്പ് പെട്ടെന്ന് തിരിച്ചുപോന്നതെന്നാണ് കേൾക്കുന്നത്.

പുതുമുഖങ്ങൾക്ക് പുറമേ 32 പേർ ഒബിസിയും 32 പേർ പട്ടികജാതിക്കാരും 16 പേർ പട്ടികവർഗത്തിൽ നിന്നുള്ളവർക്കുമാണ് സീറ്റ് നൽകിയിരിക്കുന്നത്. 2018ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 104 സീറ്റ് നേടിയായിരുന്നു ബിജെപി കരുത്തുകാട്ടിയത്. മെയ് 10നാണ് ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. മെയ് 13നാണ് വോട്ടെണ്ണൽ നടക്കുക. കോൺഗ്രസ് 166 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് !പ്രചരണം തുടങ്ങിക്കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *