പത്തനംതിട്ട: നന്മകളുമായി റമദാന് വ്രതത്തിലാണ് വിശ്വാസികൾ. റമദാന്റെ അമൂല്യമായ രത്നങ്ങള്‍ ഒളിപ്പിച്ചിരിക്കുന്ന നിധികളാണ് അവസാനത്തെ പത്ത് ദിവസങ്ങൾ. റമദാനില്‍ ഏറ്റവും വിലകൂടിയത് അവസാനത്തെ പത്തുദിനങ്ങള്‍ തന്നെയാണ്. അവസാനത്തെ പത്തിലെ ഏറ്റവും പവിത്രമായ ദിനം ലൈലതുല്‍ ഖദ്ര് തന്നെയാണ്. ദുല്‍ഹജ്ജിലെ പത്തുദിനങ്ങള്‍, അറഫാ ദിനം, പരിശുദ്ധമായ മാസമായ മുഹര്‍റം, ആശൂറാ ദിനങ്ങള്‍ തുടങ്ങിയ ദിനങ്ങള്‍ക്കുള്ളത് പോലെയുള്ള ശോഭയാണ് റമദാനിലെ അവസാന പത്ത് ദിനങ്ങള്‍ക്കുള്ളത്.
റമദാനെ യാത്ര അയക്കാനുള്ള അവസരമായാണ് ഈ നാളുകളെ നാം ഉപയോഗപ്പെടുത്താറ്. അവസാന പത്തുദിനങ്ങളെ ഉപയോഗപ്പെടുത്താനും, നന്മ പ്രവര്‍ത്തിക്കാനും ശരിയായ നിയ്യത്തോടെ ആ ദിനങ്ങളെ നാം സ്വീകരിക്കേണ്ടതുണ്ട്.
റമദാനിലെ അവസാനത്തെ പത്തിൽ പ്രവാചകൻ മുഹമ്മദ് നബി(സ:അ) ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു, അവിടുത്തെ വഫാത്തിന് ശേഷം പ്രവാചക പത്നിമാർ ഇഅ്തികാഫ് ഇരിക്കുമായിരുന്നു. (ബുഖാരി, മുസ്ലിം).
ഇഅ്തികാഫ് എന്നത് , ഭൗതികമായ എല്ലാ കാര്യങ്ങളും ഉപേക്ഷിച്ച് അല്ലാഹുവിനെ ആരാധിക്കാൻ പള്ളികളിൽ ഒഴിഞ്ഞിരിക്കുക എന്നതാണ്. തിരക്കു പിടിച്ച ജീവിതത്തിൽ അൽപ്പ നാളുകൾ പൂർണ്ണമായി അല്ലാഹുവിലേക്ക് ശരീരവും മനസ്സും മടക്കാൻ, 10 ദിവസം മുഴുവനായി ഇരിക്കാൻ സാധിക്കാത്തവർക്ക് ഒരു ദിവസമോ ഒരു ദിവസത്തിന്റെ അൽപ്പ ഭാഗമോ ഇരിക്കാം.
ആത്മ സംസ്ക്കരണം, സ്വയം വിചാരണ ചെയ്യൽ, തൗബ (പശ്ചാത്താപം) , ഖുർആൻ പാരായണം, ദിക്റുകൾ, പ്രാർത്ഥനകൾ, നമസ്ക്കാരം തുടങ്ങി വ്യത്യസ്ഥ ആരാധനാ കർമ്മങ്ങൾക്കുള്ള അവസരമാണിത്.
പൂർണ്ണസംതൃപ്തിയോടെ റമദാൻ 30 പൂർത്തിയാക്കി ഈദുൽഫിത്തറിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് മുസ്ലിം വിശ്വാസി സമൂഹം.
@ഷാനവാസ് പുളിക്കൽ അബുദാബി.


