തിരുവനന്തപുരം – ക്ഷേത്ര പ്രവേശന വിളംബര വാർഷികത്തോട് അനുബന്ധിച്ചു തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറത്തിറക്കിയ നോട്ടീസ് വിവാദം ആയതോടെ ആ നോട്ടീസിന്റെ ചുമതല ഉണ്ടായിരുന്ന സാംസ്‌കാരിക വിഭാഗം ഡയറക്ടർ ബി. മധുസൂദനൻ നായർക്ക് ജോലിയിൽ മാറ്റം. ഹരിപ്പാട് ഡെപ്യൂട്ടി കമ്മിഷണർ ആയി ആണ് ഇദ്ദേഹത്തിനു മാറ്റം. എന്നാൽ ഇതിനു പിന്നാലെ അദ്ദേഹം ഒരു മാസത്തെ അവധിയിൽ പ്രവേശിച്ചു.
നോട്ടീസ് വിവാദമായതോടെ ഇന്ന് നടന്ന ചടങ്ങിൽ നിന്ന് രാജകുടുംബ പ്രതിനിധികൾ വിട്ടു നിന്നു . അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി, പൂയം തിരുനാൾ ഗൗരി പാർവതി ഭായ് എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്നത്. ക്ഷേത്രപ്രവേശന വിളംബര വാർഷിക പരിപാടിയില്‍ പങ്കെടുക്കേണ്ട എന്ന് തീരുമാനിച്ചതാണ് എന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് അറിയിച്ചത് . അതേസമയം, രാജകുടുംബ പ്രതിനിധികൾ പങ്കെടുക്കാത്തത് അനാരോഗ്യം മൂലമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റ് കെ.അനന്തഗോപൻ പറഞ്ഞു.
നാടുവാഴിത്തത്തെ പ്രോത്സാഹിപ്പിക്കുന്ന നോട്ടീസ് ക്ഷേത്രപ്രവേശനത്തിനായി നടന്ന ഐതിഹാസിക പോരാട്ടത്തെ വിസ്മരിച്ചെന്നും ഈ നോട്ടീസ് പുറത്തിറങ്ങിയതോടെ വിമർശനമുണ്ടായി. പ്രയോഗങ്ങളിൽ ചില പിഴവുണ്ടായെന്നും വിവാദമാക്കേണ്ടെന്നും നോട്ടീസ് തയ്യാറാക്കിയ ദേവസ്വം ബോർഡിന് കീഴിലെ സാംസ്ക്കാരിക പുരാവസ്തു ഡയറക്ടർ ബി.മധുസൂദനൻ നായർ പ്രതികരിച്ചിരുന്നു. നോട്ടീസിൽ ദേവസ്വം മന്ത്രിക്കും കടുത്ത അതൃപ്തിയുണ്ടെന്ന് അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കിയിരുന്നു . ഇതേ തുടർന്ന് നോട്ടീസ് പിൻവലിക്കാനും തീരുമാനിച്ചിരുന്നു. ഒടുവിൽ ഇന്ന് ചേർന്ന ബോർഡ് യോഗമാണ് മധുസൂദനൻ നായരെ സ്ഥലം മാറ്റിയത്.


