ആഘോഷമായി പ്രവേശനോത്സവം

Uncategorized
Print Friendly, PDF & Email

കോന്നി – മെഡിക്കൽ കോളജിലെ നഴ്സിംഗ് വിദ്യാർഥികളുടെ ആദ്യബാച്ച് പ്രവേശനോത്സവം ആഘോഷമായി. എം എൽ എ അഡ്വ. കെ യു ജനീഷ്‌കുമാറിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പൂച്ചെണ്ട് നൽകി സ്വീകരിച്ചു. എം ബി ബി എസ് വിദ്യാർഥികൾക്കായുള്ള എല്ലാ സൗകര്യങ്ങളും ഉപയോഗിച്ച് ഇവിടെ നഴ്സിംഗ് പഠിക്കാനെത്തിയ വിദ്യാർഥികൾക്കും അധ്യയനം നടത്താൻ സാധിക്കുമെന്നതു വലിയ കാര്യമാണെന്ന് ഉദ്ഘാടനം നിർവഹിച്ച എംഎൽഎ പറഞ്ഞു. അതിവേഗം വളരുന്ന മെഡിക്കൽ കോളജാണ് കോന്നിയിലേത്. അന്യസംസ്ഥാനത്തേക്കു കേരളത്തിലെ കുട്ടികൾ നഴ്സിംഗ് പഠനത്തിനായി പോകുന്നതിനുള്ള പരിഹാരമായാണ് സംസ്ഥാനസർക്കാർ കേരളത്തിൽ അതിനുള്ള അവസരമൊരുക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റേയും ആരോഗ്യമന്ത്രി വീണാജോർജിന്റേയും ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ. ബിന്ദുവിന്റേയും നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങളാണ് നടത്തുന്നത്. 20 നഴ്സിംഗ് കോളേജ് സർക്കാർ പുതുതായി അനുവദിച്ചതിൽ രണ്ടെണ്ണം കോന്നിയിലാണ്. കോളജിന്റെ പുതിയ കെട്ടിടത്തിനായി മൂന്നേക്കർ സ്ഥലം അനുവദിച്ചിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.

60 വിദ്യാർഥികളാണ് ആദ്യവർഷക്ലാസുകളിലേക്ക് എത്തിയത്. ഇതിൽ പതിനാല് പേർ ആൺകുട്ടികളാണ്. കോന്നി മെഡിക്കൽ കോളജിന്റെ അക്കാദമിക് ബ്ലോക്കിൽ രണ്ടാമത്തെ ഫ്‌ളോറാണ് നഴ്‌സിംഗ് കോളജിനായി ഉപയോഗിക്കുന്നത്. ആദ്യഘട്ടത്തിൽ ഒരു ക്ലാസ് റൂം, ലാബ്, ഫാക്കൽട്ടി റൂം, പ്രിൻസിപ്പൽ റൂം, ടോയ്‌ലെറ്റുകൾ എന്നിവയാണ് ക്രമീകരിച്ചിട്ടുള്ളത്. ലൈബ്രറി, എക്‌സാമിനേഷൻ ഹാൾ എന്നിവ മെഡിക്കൽ കോളജിന്റെ വിദ്യാർഥികൾക്കൊപ്പം ഉപയോഗിക്കും.

നഴ്‌സിംഗ് കോളജിലേക്ക് ആവശ്യമായ ഫർണിച്ചറുകളും എത്തിച്ചിട്ടുണ്ട്. രണ്ട് ഫാക്കൽറ്റികളാണ് ഇപ്പോൾ നഴ്സിംഗ് കോളേജിലുള്ളത്. കേരളത്തിലെ പതിനാല് ജില്ലകളിൽ നിന്നുമുള്ള വിദ്യാർഥികളും എത്തിയിട്ടുണ്ട്. പത്തനംതിട്ടയിലെ പതിനാറ് വിദ്യാർഥികളാണ് ആദ്യബാച്ചിൽ അഡ്മിഷൻ നേടിയിരിക്കുന്നത്.

 

അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് സീനിയർ സൂപ്രണ്ട് സതീശൻ, നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ കെ.ആർ അനുപ, മെഡിക്കൽ കോളജ് നഴ്സിംഗ് സൂപ്രണ്ട് എൻ സി സിന്ധു തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *