ന്യൂഡൽഹി : ഖത്തറിൽ തടവിലായ എട്ട് മുൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ച നടപടി ഞെട്ടിക്കുന്നതെന്ന് ഇന്ത്യ പ്രതികരിച്ചു. കൂടുതൽ വിവരങ്ങൾക്കായി രാജ്യം കാത്തിരിക്കുകയാണ്. ഖത്തറുമായി ഇക്കാര്യം സംസാരിക്കുമെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞു.
ഖത്തറിൽ സൈനികരെ പരിശീലിപ്പിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു ഇവർ. ഒരു വർഷം മുമ്പാണ് ഖത്തർ ഇൻറലിജൻസ് ഇവരെ കസ്റ്റഡിയിലെടുത്തത്. അൽ ദഹറ കമ്പനിയിലെ ഉദ്യോഗസ്ഥരാണിവർ. ഏകാന്ത തടവിലായിരുന്നു ഇതേവരെ എട്ടുപേരും. ഇവരുടെ കുടുംബങ്ങളുമായി ആശയവിനിമയം നടത്തുന്നുവെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥരായ ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ സഞ്ജീവ് ഗുപ്ത, നാവികൻ രാഗേഷ് എന്നിവരെ ഓഗസ്റ്റ് 30-ന് ദോഹയിൽ നിന്നാണ് ഖത്തർ രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്.


