വയനാട്/ബത്തേരി: സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന കുപ്രസിദ്ധ തട്ടിപ്പുകാരനും കൂട്ടാളിക്കുമെതിരെ പുൽപ്പള്ളി പോലീസ് കേസെടുത്തു. പത്തനംതിട്ട കോഴഞ്ചേരി കുറിച്ചുമുട്ടം പാലമൂട്ടിൽ ചിഞ്ചു ജേക്കബ്, ഇയാളുടെ കൂട്ടാളി ഊട്ടി ഗൂഡല്ലൂർ സ്വദേശി റെക്സിൻ മംഗലീന എന്നിവർക്കെതിരെയാണ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. അമരകുനി സ്വദേശി വിഷ്ണു രവീന്ദ്രൻ നൽകിയ പരാതിയിലാണ് നിലവിൽ പോലീസ് നടപടി.
തന്റെ സുഹൃത്തുക്കൾക്കും പരിചയക്കാർക്കും ജോലി വാഗ്ദാനം ചെയ്ത് 2025 ഓഗസ്റ്റ് മുതൽ 2026 ഫെബ്രുവരി വരെയുള്ള ആറുമാസ കാലയളവിൽ മാത്രം 25.30 ലക്ഷം രൂപ ചിഞ്ചു കൈക്കലാക്കിയെന്നാണ് പരാതി. ഇതിനുപുറമേ, സ്വന്തം പേരിലുള്ള സ്ഥലം വിൽപ്പന നടത്തി പലിശ സഹിതം തുക മടക്കിനൽകാമെന്ന് വിശ്വസിപ്പിച്ച് 9,84,800 രൂപ വേറെയും വാങ്ങി വഞ്ചിച്ചു. വിവിധ ബാങ്ക് അക്കൗണ്ടുകൾ വഴി ആകെ 35,14,800 രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് എഫ്.ഐ.ആറിലുള്ളത്. കേരളത്തിലെ വിവിധ ജില്ലകളിൽ സാമ്പത്തിക തട്ടിപ്പുകൾ നടത്തി വാറന്റായതോടെ കഴിഞ്ഞ ആറ് വർഷമായി തമിഴ്‌നാട് കേന്ദ്രീകരിച്ചായിരുന്നു ചിഞ്ചുവിന്റെ ഒളിജീവിതം. ഗൂഡല്ലൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സ്ത്രീക്കൊപ്പമായിരുന്നു താമസം.
പിടിക്കപ്പെടാതിരിക്കാൻ സ്വന്തം വീടുമായി യാതൊരു സമ്പർക്കവും പുലർത്തിയിരുന്നില്ല. ബത്തേരിയിലെ ഹോട്ടലുകളിൽ രഹസ്യമായി എത്തിച്ചാണ് ഇയാൾ മാതാപിതാക്കളെയും ഭാര്യയെയും കണ്ടിരുന്നത്. ആലപ്പുഴ കേന്ദ്രീകരിച്ചും ഇയാൾക്ക് വൻ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇടക്കാലത്ത് ഇയാളുടെ പെൺസുഹൃത്ത് ആശുപത്രിയിലായതോടെയാണ് തട്ടിപ്പിനിരയായവർക്ക് ചിഞ്ചുവിനെക്കുറിച്ച് സൂചന ലഭിക്കുന്നത്. തുടർന്ന് പണം നഷ്ടപ്പെട്ടവർ ചേർന്ന് ഇയാളെ സാഹസികമായി പിടികൂടി തമിഴ്‌നാട് പോലീസിൽ ഏൽപ്പിച്ചെങ്കിലും, കേരളത്തിലാണ് കേസുകളെന്ന സാങ്കേതികത്വം പറഞ്ഞ് പോലീസ് ഇയാളെ വിട്ടയക്കുകയായിരുന്നു. മോചിതനായതോടെ തമിഴ്‌നാട്ടിലെ സ്വാധീനമുപയോഗിച്ച് ചിഞ്ചു മറ്റൊരു രഹസ്യ കേന്ദ്രത്തിലേക്ക് താവളം മാറ്റി.
കേരള പോലീസിന്റെ കണ്ണുവെട്ടിക്കാൻ അതീവ ആസൂത്രിതമായ നീക്കങ്ങളാണ് ഇയാൾ നടത്തുന്നത്. തമിഴ്‌നാട് വിലാസത്തിൽ വ്യാജ തിരിച്ചറിയൽ രേഖകളും റേഷൻ കാർഡും ഇതിനകം സംഘടിപ്പിച്ചതായാണ് വിവരം. ഈ പുതിയ വിലാസം ഉപയോഗിച്ച്, തനിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് വ്യക്തമാക്കുന്ന ‘പോലീസ് ക്യാരക്ടർ സർട്ടിഫിക്കറ്റ്’ സ്വന്തമാക്കി എത്രയും വേഗം വിദേശത്തേക്ക് കടക്കാനാണ് തട്ടിപ്പുകാരന്റെ നിലവിലെ ശ്രമം.
ഇതിനായി തമിഴ്‌നാട് പോലീസിലെ ചില ഉദ്യോഗസ്ഥർക്ക് ലക്ഷങ്ങൾ കൈക്കൂലി നൽകിയതായി പരാതിക്കാർ ആരോപിക്കുന്നു. കൃത്യമായ വിവരങ്ങൾ കൈമാറിയിട്ടും കേരള പോലീസിനെ ഔദ്യോഗികമായി അറിയിക്കാതെ പ്രതിയെ വിട്ടയച്ച പ്രാദേശിക പോലീസിന്റെ നടപടി ഈ അവിശുദ്ധ ബന്ധത്തിന് തെളിവായി ഇവർ ചൂണ്ടിക്കാണിക്കുന്നു. ഒളിവിലുള്ള ചിഞ്ചു ജേക്കബിനെയും കൂട്ടാളിയെയും കണ്ടെത്താൻ പുൽപ്പള്ളി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

What do you feel about this post?
Like
Love
Happy
Haha
Sad

