എടത്വ: ആദ്യപൂർണ മലയാള വ്യാകരണ ഭാഷാ ഗ്രന്ഥകർത്താവായ റവ.ജോർജ് മാത്തൻ്റെ 156 -ാം ചരമവാർഷിക അനുസ്മരണം മാർച്ച് 3ന് ഇന്ന് 2.30 ന് ബെറാഖാ ഭവനിൽ നടക്കും. റവ.ജോർജ്ജ് മാത്തൻ സ്മാരക സമിതി ചെയർമാൻ പ്രകാശ് പനവേലി അധ്യക്ഷത വഹിക്കും. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിൻ ജോസഫ് ഉദ്ഘാടനം ചെയ്യും. തലവടി സെന്റ് തോമസ് സിഎസ്ഐ ചർച്ച് വികാരി റവ. മാത്യു പി ജോർജ്ജ് മുഖ്യ സന്ദേശം നല്കുമെന്ന് സെക്രട്ടറി ജനറൽ ഡോ. ജോൺസൺ വി ഇടിക്കുള അറിയിച്ചു.
റവ. ജോർജ്ജ് മാത്തൻ്റെ ജീവ ചരിത്രം ഉൾകൊള്ളിച്ചു കൊണ്ട് അലക്സ് നെടുമുടി തയ്യാറാക്കിയ ‘കാവ്യപഥങ്ങളിലൂടെ ‘ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ കുട്ടനാട് നേച്ചർ സൊസൈറ്റി പ്രസിഡൻ്റ് ജയൻ ജോസഫ് പുന്നപ്രയ്ക്ക് നല്കി നിർവഹിക്കും. നിരണം ഗ്രാമ പഞ്ചായത്ത് അംഗം അജോയി കെ വർഗ്ഗീസ് അലക്സ് നെടുമുടിയ്ക്ക് ഉപഹാരം സമർപ്പിക്കും.
ആധുനിക വിദ്യാഭ്യാസ രീതിയുടെ പ്രാധാന്യത്തെ തിരുവിതാംകൂർ സർക്കാർ മുൻപാകെ ശക്തമായി അവതരിപ്പിച്ച വ്യക്തി, മുൻകാല അടിമജാതികൾക്ക് സ്വാതന്ത്ര്യം വേണമെന്ന് എഴുത്തിലൂടെയും പ്രവർത്തിയിലൂടെയും കാണിച്ചുകൊടുത്ത മനുഷ്യ സ്‌നേഹി, ആധുനിക മലയാള ഭാഷയെയും വ്യാകരണത്തെയും മലയാളികൾക്കിടയിൽ അവതരിപ്പിച്ച പണ്ഡിതൻ, തിരുവിതാംകൂർ ഭാഷാ പാഠപുസ്തക കമ്മിറ്റിയുടെ പ്രസിഡന്റ് തുടങ്ങി നിരവധി മേഖലകളിൽ കഴിവ് തെളിയിക്കുകയും സാമൂഹ്യ പരിഷ്‌കരണത്തിനായി പോരാടുകയും സാമുഹ്യ പുരോഗതിക്ക് വില മതിക്കാനാവാത്ത സംഭാവനകൾ നല്കുകയും ആദ്യ പൂർണ മലയാള വ്യാകരണഭാഷ ഗ്രന്ഥകർത്താവുമായ റവ.ജോർജ് മാത്തൻ്റെ സ്മരണ നിലനിർത്തുന്നതിന് ആവശ്യമായ നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്നും കുട്ടനാട്ടിൽ സ്മാരകം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് റവ. ജോർജ്ജ് മാത്തൻ സ്മാരക സമിതി ചെയർമാൻ പ്രകാശ് പനവേലി ,സെക്രട്ടറി ജനറൽ ഡോ. ജോൺസൺ വി ഇടിക്കുള എന്നിവർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.




