തിരുവല്ല – നഗരത്തിലെ സ്പാ, വെൽനസ് സെന്ററുകളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധന. രാമൻചിറയിലെ സ്പായിൽ മസാജിങ്ങിന് വിധേയനായിക്കൊണ്ടിരുന്നയാൾ ഇറങ്ങിയോടി സ്‌കൂട്ടറിൽ കയറി രക്ഷപ്പെട്ടു. ഇയാൾ പോലീസ് വകുപ്പിൽ ആലപ്പുഴയിൽ ജോലി ചെയ്യുന്നുവെന്നാണ് പറയപ്പെടുന്നത്. ഇയാൾ പോലീസുകാരനല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾ രക്ഷപ്പെട്ട വാഹനത്തിന്റെ നമ്പറിൽ നിന്ന് തിരുവല്ല കുറ്റപ്പുഴ സ്വദേശിയാണെന്ന് കണ്ടെത്തി.
നഗരത്തിലെ സ്പാ, വെൽനസ് സെന്ററുകളിൽ ക്രോസ് മസാജ് അടക്കം നടക്കുന്നതായി ആരോഗ്യ വിഭാഗത്തിന്റെ മിന്നൽ പരിശോധനയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം അഞ്ചു സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. രാമൻചിറയിൽ യോഗ, സ്പാ ലൈസൻസുള്ള സ്ഥാപനത്തിൽ ഉദ്യോഗസ്ഥർ എത്തുമ്പോൾ ക്രോസ് മസാജ് നടക്കുകയായിരുന്നു. ഇവിടെ നിന്നുമാണ് കസ്റ്റമർ ഇറങ്ങി ഓടിയത്. സ്പാ അടച്ചുപൂട്ടാൻ കത്തു നൽകും.
രാമൻചിറയിലെ മറ്റൊരു സ്ഥാപനത്തിലും മസാജ് നടക്കുന്നതായി കണ്ടെത്തി. ഇവിടെ ലൈസൻസില്ലാതെയാണ് പ്രവർത്തനം. മഞ്ഞാടിയിലെ മറ്റൊരു സ്പായും ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. ഇവിടെ ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള പെൺകുട്ടികൾക്ക് താമസിക്കാനുള്ള സൗകര്യമടക്കം നൽകിയിരുന്നു. മഞ്ഞാടിയിലെ മറ്റൊരു സ്പായും മീന്തലക്കരയിലെ പീഡനം നടന്ന സ്പായും അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷൈനി പ്രസാദ് പറഞ്ഞു. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ മനോജ് കുമാർ, ശ്രീലക്ഷ്മി, െ്രെഡവർ അനീഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.
രാമൻചിറ വാർബ മൈൽ സ്‌റ്റോൺ എന്ന കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബ്യൂട്ടൽസ് സ്പായ്ക്ക് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്പാ നടത്തുന്ന കുര്യൻ എന്നയാൾ കെട്ടിടം ഉടമയുമായി കേസ് നിലനിൽക്കുന്നുണ്ട്. ഉടമയ്ക്ക് അനുകൂലമായി വിധി വന്നിട്ടും രാഷ്ട്രീയ പിന്തുണയോടെ യുവജനസംഘടനകളെ വെല്ലുവിളിച്ചാണ് ഇയാൾ സ്പാ നടത്തുന്നതെന്ന് പറയുന്നു. 14 ലക്ഷത്തോളം രൂപ വാടക ഇനത്തിൽ ഉടമയ്ക്ക് കിട്ടാനുണ്ട്. ഉടമ ജോൺകോശി ഈ സ്ഥാപനത്തിന് ലൈസൻസ് പുതുക്കി നൽകരുതെന്ന് നഗരസഭയ്ക്ക് കത്തു നൽകിയിരുന്നു. ഇതുകാരണമാണ് ലൈസൻസ് പുതുക്കാത്തത്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്നുവെന്ന് നേരത്തേയും പോലീസ് പരാതി ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ വന്ന യുവതിയുടെ ബാഗിൽ നിന്ന് 6000 രൂപ മോഷണം പോയത് സംബന്ധിച്ച് തിരുവല്ല പോലീസിന് പരാതി നൽകിയിട്ടുണ്ടായിരുന്നു.


