‘അക്ഷരം ആരോഗ്യം’ പത്തനംതിട്ട ജില്ലയിൽ തുടക്കം

Pathanamthitta

പത്തനംതിട്ട – സ്‌കൂൾ കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ അക്ഷരം ആരോഗ്യം സമഗ്ര സ്‌കൂൾ ആരോഗ്യ പരിപാടിക്ക് ജില്ലയിൽ തുടക്കം. പന്തളം നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ സുനിത വേണു പൂഴിക്കാട് സർക്കാർ യുപി സ്‌കൂളിൽ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൽ അനിതകുമാരി അധ്യക്ഷയായി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ് ശ്രീകുമാർ വിഷയാവതരണം നടത്തി.സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യവും വനിതാ ശിശു വികസനവും വകുപ്പ് മന്ത്രി വീണാ ജോർജ് തിരുവനന്തപുരത്ത് നിർവഹിച്ചു.

സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ഒന്നു മുതൽ 12 വരെ ക്ലാസിൽ പഠിക്കുന്ന കുട്ടികളെ ഗുണഭോക്താക്കളാക്കുന്ന പരിപാടിയാണ് അക്ഷരം ആരോഗ്യം. ആരോഗ്യ അവബോധവും മികച്ച ആരോഗ്യ ശീലവും കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും അതുവഴി സമൂഹത്തിലേക്കും എത്തിക്കുകയാണ് പ്രധാന ലക്ഷ്യം. അക്ഷരം ആരോഗ്യം വഴി പരിശോധന നടത്തിയ കുട്ടികൾക്ക് ഹെൽത്ത് കാർഡ് നൽകും. ഹെൽത്ത് കാർഡിൽ കുട്ടിയുടെ ആരോഗ്യ വിവരം രേഖപ്പെടുത്തും. ഇത് ഇലക്ട്രോണിക്ക് ഹെൽത്ത് കാർഡ് ആയി മാറ്റുകയും പൂർണ സ്വകാര്യതയോടെയും സുരക്ഷിതത്തോടെയും സ്റ്റേറ്റ് ഡേറ്റാ സെന്ററിൽ സൂക്ഷിക്കും.

എല്ലാ സ്‌കൂളുകളിലും ഹെൽത്ത് അസംബ്ലി, ഹെൽത്ത് കോർണർ ഉണ്ടായിരിക്കും. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും അനാരോഗ്യകരമായ ശീലം തടയും.

ഓരോ സ്‌കൂളിലും ഹെൽത്ത് മെന്റർമാരായി അധ്യാപകരെ തിരഞ്ഞെടുക്കുകയും അവർക്ക് വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് തയ്യറാക്കിയ മോഡ്യൂൾ പ്രകാരം പരിശീലനം നൽകും. അധ്യാപകർ കൃത്യമായ ഇടവേളകളിൽ തുടർച്ചയായി നാലു മേഖല അടങ്ങുന്ന 11 തീമുകളിൽ കുട്ടികൾക്ക് ആരോഗ്യ വിദ്യാഭ്യാസം നൽകും. അക്ഷരം ആരോഗ്യം പരിപാടിയിൽ വിദ്യാർഥികളുടെ സജീവ പങ്കാളിത്തം നൽകുന്നതിന് വേണ്ടി ഹെൽത്ത് അമ്പാസഡർമാരായി എല്ലാ ക്ലാസിൽ നിന്നും ഒന്നോ രണ്ടോ കുട്ടികളെ തിരഞ്ഞെടുക്കും. ഇവരിലൂടെ അധ്യാപകർ നൽകുന്ന വിവരം സൗഹാർദ്ദപരമായി വിദ്യാർഥികളുടെ ഇടയിൽ പ്രചരിപ്പിക്കും. അയൺ, ഫോളിക് ആസിഡ് ഗുളിക, കൗമാരാരോഗ്യ പരിപാടി, പ്രതിരോധ കുത്തിവെയ്പ്പ്, ആർത്തവ ശുചിത്വം തുടങ്ങിയ സ്‌കൂളുകളിൽ നടക്കുന്ന ആരോഗ്യ പരിപാടികളേയും പദ്ധതികളേയും അക്ഷരം ആരോഗ്യം കൂടുതൽ ശക്തീകരിക്കും. അടിയന്തര ഘട്ടങ്ങളിൽ ശാസ്ത്രീയ രീതിയിൽ പ്രഥമ ശുശ്രൂഷ നൽകേണ്ട സാഹചര്യത്തിൽ അക്ഷരം ആരോഗ്യം പദ്ധതി ഘട്ടമായി പരിശീലിപ്പിക്കും. ആരോഗ്യ പ്രശ്നം നേരത്തെ കണ്ടെത്തി സുഗമമായി പരിഹരിക്കും.

കാഞ്ഞിറ്റുകര സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ബിബിൻ സാജൻ ബോധവൽക്കരണ ക്ലാസ് നയിച്ചു. വാർഡ് കൗൺസിലർ അഡ്വ. ആനി ജോൺ, ജില്ലാ ആർ.സി. എച്ച് ഓഫീസർ ഡോ. കെ കെ ശ്യാംകുമാർ, തിരുവല്ല വിദ്യാഭ്യാസ ഉപജില്ല ഡയറക്ടറേറ്റ് ജൂനിയർ സൂപ്രണ്ട് ഇ മായ, പന്തളം എ.ഇ.ഒ സി.വി സജീവ് , എസ്. എസ്. കെ പ്രകാശ്, ഡയറ്റ് തിരുവല്ല മെമ്പർ ഡോ. ദേവി, പൂഴിക്കാട് യുപി സ്‌കൂൾ ഹെഡ്മാസ്റ്റർ സുദർശൻ, പി. റ്റി. എ പ്രസിഡന്റ് ശ്രീദേവി നമ്പ്യാർ, ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ എം പി ബിജു കുമാർ , ടെക്‌നിക്കൽ അസിസ്റ്റന്റുമാരായ ആർ. സജിത്ത് , സി പി ആശ, ജില്ലാ പബ്ലിക് ഹെൽത്ത് നഴ്സ് സി എ അനിലാകുമാരി, ഹെൽത്ത് സൂപ്പർവൈസർ ജയരാജ്, പബ്ലിക് ഹെൽത്ത് നഴ്സ് സൂപ്പർ വൈസർ മിനി, അധ്യാപകർ, ആരോഗ്യപ്രവർത്തകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. ഡോക്ടർമാർ,ആരോഗ്യ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *