കുമ്പനാട് – ചെമ്പകശ്ശേരിപ്പടിയിൽ നിന്നും നെല്ലിമലയിലേക്കുള്ള റോഡിൽ ഷാപ്പ് പടിക്കൽ കലുങ്ക് ഉയർത്തുന്നതിന് ഭാഗമായി റോഡ് പണി തുടങ്ങിയിട്ട് മൂന്നര വർഷത്തിൽ കൂടുതലായി. കലുങ്ക് പൊളിച്ചപ്പോൾ മുറിച്ച പൈപ്പ് ലൈൻ ഇതേവരെ പുനഃസ്ഥാപിച്ചിട്ടില്ല. മൂന്നര വർഷം ഗതാഗത ദുരിതമായിരുന്നെങ്കിൽ ഇപ്പോൾ ഉപയോഗിക്കാത്ത പൈപ്പിലൂടെ വരുന്ന പുകക്ക് ബില്ലും റെഡി. ആയിരങ്ങളുടെ ബില്ലാണ് നെല്ലിമലയിലെ വീടുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വെള്ളം ഇതേവരെ പുനഃസ്ഥാപിക്കാനുള്ള ശുഷ്‌കാന്തി കാണിക്കാതെ ഉപയോഗിക്കാത്ത വെള്ളത്തിന്റെ പണം പിരിക്കാനെത്തിയ ഉളുപ്പില്ലായ്മയെ സമ്മതിക്കണം.
ബില്ലുമായി എത്തിയവരോട് ചിലരെങ്കിലും പരാതിപ്പെട്ടപ്പോൾ എ.ഇ യുടെ സമക്ഷത്താണ് പരാതിപ്പെടേണ്ടതെന്ന ജീവനക്കാരുടെ മൊഴിപ്രകാരം ബന്ധപ്പെട്ടപ്പോൾ, ഇതേവരെ ബില്ല് തയ്യാറാക്കിയിരുന്നില്ലന്നും, ഇപ്പോൾ കുടിശിഖ സഹിതം ബില്ല് തയ്യാറാക്കാനായി ആളുകളെ നിയോഗിച്ചെന്നും പരാതിയുള്ളവർ നേരിട്ടെത്തി പരാതിപ്പെട്ടാൽ അതുപ്രകാരം തീരുമാനമെടുക്കാമെന്നുമാണ് എ.ഇ യുടെ അറിയിപ്പ്. മൂന്നര വർഷം നീണ്ട റോഡുപണി റോഡുപണി തീർന്നതിന്റെ രണ്ടാം ദിവസം തന്നെ ബില്ലുമായി വീടുകയറാൻ തുടങ്ങിയ ജീവനക്കാരുടെ ശുഷ്‌കാന്തി സമ്മതിക്കണം. ഇതേവരെ വെള്ളവുമില്ല. അത് പുനഃസ്ഥാപിക്കാതെ വെള്ളക്കരം പിരിവ്. നിയമ നടപടികൾക്കും, പ്രത്യക്ഷ സമര പരിപാടികൾക്കും ഒരുങ്ങുകയാണ് നെല്ലിമലക്കാർ. ജനങ്ങളെ കാണേണ്ടവരും കേൾക്കേണ്ടവരും ഉറക്കത്തിലുമാണ് !!




