തിരുവല്ല -മല്ലപ്പള്ളി – ചേലക്കൊമ്പ് റോഡ് നിർമാണത്തിനായി മല്ലപ്പള്ളി വില്ലേജിലെ സർവേ നടപടി വേഗത്തിലാക്കാൻ മാത്യു ടി തോമസ് എംഎൽഎ ആവശ്യപ്പെട്ടു. ജില്ല ആസൂത്രണസമിതി സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ല വികസന സമിതി യോഗത്തിലായിരുന്നു എംഎൽഎയുടെ നിർദേശം. ശ്രീവല്ലഭ ക്ഷേത്രം തെക്കേ നടപ്പാലം പുനർനിർമാണത്തിന് ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കണം. തിരുവല്ല സർക്കാർ ആശുപത്രിയിലെ പുതിയ ഒ.പി കെട്ടിടനിർമാണം പുരോഗമിക്കുന്നു. കോമളം പാലത്തിന്റെ അപ്രോച്ച് റോഡ് പൂർത്തിയായി. കോതക്കാട് പാലത്തിനായി ഭൂമി ഏറ്റെടുക്കൽ വേഗത്തിൽ ആക്കണമെന്നും പന്നിക്കുഴി പാലത്തിന്റെ അടിഭാഗത്തുള്ള കോൺക്രീറ്റ് മാലിന്യം അടിയന്തരമായി നീക്കം ചെയ്യണമെന്നും എംഎൽഎ നിർദേശിച്ചു.
മേലുകര- റാന്നി റോഡിലെ പുതുമൺ പാലം ഫെബ്രുവരി ആദ്യം നാടിന് സമർപ്പിക്കുമെന്ന് പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു. ചെറുകോൽ നാരങ്ങാനം വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ് വേഗത്തിൽ നടപ്പാക്കണം. കുറുമ്പൻ മൂഴി അരയാഞ്ഞിലിമൺ പ്രദേശത്തേക്കുള്ള നടപ്പാല നിർമാണവുമായി ബന്ധപ്പെട്ട് കെഎസ്ഇബി, ഫയർ ആൻഡ് സേഫ്റ്റി, ഇറിഗേഷൻ വകുപ്പുകളുമായി കൂടികാഴ്ച നടത്തും.
ചെത്തോംകര ജംഗ്ഷനിലെ റോഡ് സുരക്ഷ പ്രവൃത്തി പൂർത്തിയായി. തൊണ്ടിക്കയം പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം പുരോഗമിക്കുന്നു. കടുമീൻചിറ റോഡ്, പൂവന്മല റോഡ്, പെരുന്തേനരുവി ടൂറിസം പദ്ധതി എന്നിവയുടെ പുരോഗതി എംഎൽഎ വിലയിരുത്തി. റാന്നി മണ്ഡലത്തിലെ വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കാൻ തദ്ദേശസ്ഥാപനങ്ങളുടെയും വനംവകുപ്പിനെയും ഉൾപ്പെടുത്തി സ്‌പെഷ്യൽ ഡ്രൈവുകൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
പത്തനംതിട്ട കൈപ്പട്ടൂർ റോഡിൽ പുത്തൻപീടികയിലെ വെള്ളക്കെട്ടിനു പരിഹാരം കാണണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനമ്മാ റോയി ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പരിധിയിലെ കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കുന്നതിനും അപ്പർ കുട്ടനാട്ടിലെ നദികളിലും തോടുകളിലും പോളകൾ നീക്കം ചെയ്യുവാനും നടപടി ഉണ്ടാകണമെന്നും നിർദേശിച്ചു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന്റെയും അബാൻ മേൽപാലത്തിന്റെയും നിർമാണ പുരോഗതി ജില്ലാ കലക്ടർ എസ് പ്രേംകൃഷ്ണൻ വിലയിരുത്തി.
എഡിഎം ബി ജ്യോതി, ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപ ചന്ദ്രൻ, വകുപ്പ്തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


