റാന്നി – ഹൈബ്രിഡ് കഞ്ചാവ് കടത്തുകയായിരുന്ന രണ്ടു യുവാക്കളെ വാഹന പരിശോധനയ്ക്കിടെ പോലീസ് പിടികൂടി. പത്തനംതിട്ട താഴെ വെട്ടിപ്പുറം സ്വദേശി താന്നിമൂട്ടിൽ മുഹമ്മദ് ആഷിഫ് ഷാജി (19), സിവിൽ സ്‌റ്റേഷന് സമീപം താമസിക്കുന്ന പടിഞ്ഞാറേവീട്ടിൽ സഞ്ജുമനോജ്(24)
എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 2.075 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇന്നലെ നടന്ന ഡിവൈഎഫ്‌ഐ പത്തനംതിട്ട ബ്ലോക്ക് സമ്മേളനത്തിൽ പ്രതിനിധിയായിരുന്നു സഞ്ജു.
കഞ്ചാവ് വില്പനയ്ക്കായി കാറിൽ കടത്തി കൊണ്ട് വരുന്നു എന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പെരുമ്പുഴ വച്ച് കാർ തടഞ്ഞു നിർത്തി പ്രതികളെ പിടികൂടുകയായിരുന്നു. കാറിന്റെ പിൻസീറ്റിൽ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ആയി 1.950 കിലോഗ്രാം സാദാ കഞ്ചാവും 125 ഗ്രാം ഹൈബ്രിഡ് കഞ്ചാവും കണ്ടെത്തി.ഒന്നാം പ്രതി സഞ്ജു മനോജ് പത്തനംതിട്ട പോലീസ് സ്‌റ്റേഷനിൽ 2023 ൽ രജിസ്റ്റർ ചെയ്ത അടിപിടിക്കേസിലും പ്രതിയാണ്. റാന്നി പോലീസ് ഇൻസ്‌പെക്ടർ മനോജ് കുമാറിന്റെ നേതൃത്വത്തിൽ എസ്. ഐ. സിബി.എ സ്, എ. എസ്. ഐ. നാസ്സർ,സി. പി. ഒ മാരായ അനു, ജിബിൻരാജ്, ബിനു എന്നിവരടങ്ങിയ സംഘം കൂടുതൽ അന്വേഷണം നടത്തി വരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


