ഇലവുംതിട്ട – എറണാകുളത്ത് ഒരു ക്രൈം കേസിൽ ഉൾപ്പെട്ട ബൈക്ക് മെഴുവേലി പഞ്ചായത്തിലെ ആണർകോട് വാർഡിലെ മുള്ളൻവാതുക്കൽ – പൂക്കൈത റോഡിൽ റബ്ബർ തോട്ടത്തിലെ ഷീറ്റ് പുരക്ക് സമീപത്ത് കാട്ടിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഒരാഴ്ചക്ക് മുമ്പ് പുല്ല് ചെത്താൻ പോയ നാട്ടുകാർ സംശയകരമായ നിലയിൽ ചപ്പും പടലവുമൊക്കെ മൂടിയ നിലയിൽ കണ്ടെത്തിയ ബൈക്കിനെക്കുറിച്ചു ആദ്യം പന്തളം പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും, പിന്നീട് ഇലവുംതിട്ട പോലീസ് സ്ഥലത്തെത്തി ബൈക്ക് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. എറണാകുളത്ത് ഒരു ക്രൈമിൽ ഉൾപ്പെട്ട ബൈക്ക് ആണിതെന്ന് അന്വേഷണത്തിൽ മനസിലായതായി ഇലവുംതിട്ട സ്റ്റേഷൻ എസ്.എച്ച്.ഓ വിനോദ് കൃഷ്ണൻ പറഞ്ഞു.
നമ്പർ പ്ളേറ്റ് മറച്ച നിലയിൽ കണ്ടെത്തിയ ഈ ബൈക്ക് എറണാകുളത്ത് നിന്ന് ഇവിടെങ്ങനെയെത്തി എന്നത് സംശയകരമാണ്. അതോ ഇവിടെ നിന്ന് അങ്ങോട്ട് പോയതോ ? നമ്മുടെ നാട്ടിൻപുറങ്ങളും മയക്ക് മരുന്ന് മാഫിയാ, ഗുണ്ടാ മാഫിയ ഒക്കെക്കൊണ്ട് സമ്പന്നമാണ് എന്ന് പറയാതിരിക്കാൻ വയ്യ. ആ നിലക്കുള്ള അന്വേഷണങ്ങൾ ബൈക്ക് ഇവിടെ ഒളിപ്പിച്ചവരിലേക്കും എത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.



