പുളിക്കീഴ്: വൃദ്ധരായ മാതാപിതാക്കൾക്ക് നിയമപരമായ സംരക്ഷണവും പരിചരണവും നൽകാതെ നിരന്തരം ദേഹോപദ്രവമേല്പിച്ച കേസിൽ മകനെ പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തു. കടപ്ര മാന്നാർ തോട്ടുമട സ്വദേശിയായ തുരുത്തേൽ വീട്ടിൽ നദീഷ് (39) ആണ് അറസ്റ്റിലായത്. മദ്യപിച്ചെത്തി സ്ഥിരമായി ദേഹോപദ്രവമേല്പിക്കുന്നതിനെ തുടർന്ന് മകനെതിരെ പിതാവ് തിരുവല്ല ആർ.ഡി.ഒ കോടതിയിൽ നൽകിയ പരാതിയിൽ പ്രതി വീട്ടിൽ നിന്നും മാറി താമസിക്കുന്നതിന് ഉത്തരവായിരുന്നു. ഇതു പ്രകാരം മാറിത്താമസിച്ച പ്രതി ഉത്തരവ് ലംഘിച്ച് വീണ്ടും വീട്ടിലെത്തി ദേഹോപദ്രവം നടത്തി. തുടർന്ന് പരാതിക്കാരൻ വീണ്ടും കോടതിയെ സമീപിച്ചു. മാതാപിതാക്കളെയും മുതിർന്ന പൗരൻമാരുടെയും സംരക്ഷണവും ക്ഷേമവും ആക്റ്റ് 2007 ‘ പ്രകാരം പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കാൻ കോടതി ഉത്തരവാകുകയും ചെയ്തു. പുളിക്കീഴ് പോലീസ് സബ്ഇൻസ്‌പെക്ടർ നൗഫൽ എസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


