പല നിലപാടുകളും പൊളിഞ്ഞപ്പോൾ, നഷ്ടപ്രതാപം തിരിച്ചു പിടിക്കാൻ വെള്ളാപ്പള്ളിയും സുകുമാരൻ നായരും : ഇനി ഇതേയുള്ളൂ രക്ഷ !!

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – പണ്ട് ഉറ്റ മിത്രങ്ങളും, പിന്നീട് ബദ്ധശത്രുക്കളായും രണ്ടു വഴിയിലൂടെ നിങ്ങിയ എൻഎസ്എസ് സെക്രട്ടറി ജനറൽ ജി. സുകുമാരൻ നായരും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശനം വീണ്ടും ഐക്യത്തിന്റെ പാതയിലാണ്. ശബരിമല വിഷയത്തിൽ ഇരുവരും സ്വീകരിച്ച നിലപാട് അമ്പേ പൊളിഞ്ഞതാണ് ഇപ്പോഴുള്ള ഏകീകരണ ശ്രമത്തിന് കാരണമായിരിക്കുന്നത് എന്ന് കരുതാം. സർക്കാരിന്റെ ശബരിമല അയ്യപ്പസംഗമത്തിന് രണ്ടു പേരും പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇരുസമുദായങ്ങളിലും നേതാക്കളുടെ ഈ നിലപാട് ചോദ്യം ചെയ്യപ്പെട്ടു.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹൈന്ദവ സമുദായത്തിലെ പ്രബലരായ എൻഎസ്എസിനെയും എസ്എൻഡിപിയെയും കൂടെ നിർത്താൻ വേണ്ടി കൂടി ആവിഷ്‌കരിച്ച പരിപാടിയായിരുന്നു പമ്പയിലെ ആഗോള അയ്യപ്പസംഗമം. സുകുമാരൻനായരും വെള്ളാപ്പളളിയും പരിപാടിക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു.

ഇരു സമുദായങ്ങളിലും നിന്നുള്ള എതിർപ്പ് ഇവർ കാര്യമാക്കിയില്ല. രണ്ടു പേർക്കും ലക്ഷ്യങ്ങൾ പലതായിരുന്നു. സ്വർണപ്പാളി മോഷണക്കേസിൽ നിലവിൽ ജയിലിൽ കിടക്കുന്ന മുരാരിബാബുവിനെ എൻഎസ്എസ് പ്രതിനിധിയായി ദേവസ്വം തലപ്പത്ത് കൊണ്ടു വരിക എന്നൊരു ലക്ഷ്യം സുകുമാരൻ നായർക്ക് ഉണ്ടായിരുന്നുവെന്നും അതു കൊണ്ടാണ് 2018 ലെ യുവതി പ്രവേശന സമയത്തെ നിലപാടിൽ നിന്ന് അദ്ദേഹം മലക്കം മറിഞ്ഞത് എന്നും വിമർശനം ശക്തമായിരുന്നു. അയ്യപ്പസംഗമത്തിന് ശേഷമാണ് ശബരിമല സ്വർണക്കൊള്ള ഉയർന്നു വന്നതും മുരാരി ബാബു ആദ്യം തന്നെ അറസ്റ്റിലാകുന്നതും.

ഇതോടെ ശബരിമല വിഷയത്തിൽ എൻഎസ്എസ് സ്വീകരിച്ച നിലപാടിനും സുകുമാരൻ നായർക്കുമെതിരേ സമുദായത്തിന് പുറമേ എല്ലാക്കോണുകളിൽ നിന്നും ചോദ്യശരങ്ങൾ ഉയർന്നു. പ്രതിരോധിക്കാൻ കഴിയാത്ത വിധം സുകുമാരൻ നായർ വെട്ടിലാവുകയും ചെയ്തു. ഇതേ അവസ്ഥ തന്നെയാണ് വെള്ളാപ്പള്ളിക്കും ഉണ്ടായത്. മുഖ്യമന്ത്രിയുടെ കാറിൽ കയറി ആഗോള അയ്യപ്പസംഗമത്തിൽ വന്ന വെള്ളാപ്പള്ളിയുടെ വിദ്വേഷപ്രസംഗങ്ങൾ സർക്കാരിന് തിരിച്ചടിയായി. ആഗോള അയ്യപ്പ സംഗമവേദിയിൽ പിണറായി വിജയൻ അയ്യപ്പഭക്തനാണെന്ന് പ്രഖ്യാപിച്ചു കൂടിയാണ് വെള്ളാപ്പള്ളി പിന്തുണ അറിയിച്ചത്.

പിന്നാലെ സ്വർണക്കൊള്ള വെളിച്ചത്തു വന്നതോടെ വെള്ളാപ്പള്ളിയുടെ നിലപാടുകളും പ്രതിസന്ധിയിലായി. മുഖ്യമന്ത്രി ഒരു വർഗീയവാദിയെ കാറിൽ കയറ്റിയെന്ന തരത്തിലുള്ള പ്രചാരണം സംസ്ഥാനത്ത് ഉടനീളം എൽഡിഎഫിന് തിരിച്ചടിയായി. മാധ്യമപ്രവർത്തകരോട് പതിവില്ലാതെ തട്ടിക്കയറുന്ന വെള്ളാപ്പള്ളിയെ ആണ് കണ്ടത്. മുഖ്യമന്ത്രി വെള്ളാപ്പള്ളി സംരക്ഷിക്കുന്നത് ന്യൂനപക്ഷ വേദികളിൽ വരെ വിമർശനത്തിന് കാരണമായി.

ഇങ്ങനെ രണ്ടു സമുദായ നേതാക്കൾക്കും പിടിവള്ളി നഷ്ടപ്പെട്ട അവസ്ഥയിലാണ് പുതിയൊരു സഖ്യമുണ്ടാക്കി തട്ടുകേട് മറയ്ക്കാനുളള ശ്രമം നടക്കുന്നത്. വെള്ളാപ്പള്ളിയെ ന്യായീകരിച്ച് സുകുമാരൻ നായർ രംഗത്ത് എത്തുന്നതു പോലും അദ്ദേഹത്തിന് മേലുള്ള വർഗീയവാദി പരിവേഷം മാറ്റിയെടുക്കുന്നതിന് വേണ്ടിയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് നായരീഴവ ഐക്യം പോലെ കാർഡ് ഇറക്കി കളിക്കുന്നത് ഇതാദ്യമല്ല. രണ്ടു പേരുടെയും നിലനിൽപ്പിനുണ്ടായിരിക്കുന്ന ഭീഷണി ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഐക്യകാഹളം ഉയർന്നിരിക്കുന്നത്. വിഡി സതീശനെ അടക്കം വിമർശിച്ചു കൊണ്ട് എൽഡിഎഫിന് പരസ്യ പിന്തുണ എന്ന നിലപാട് ഉയർത്താനാകും രണ്ടു പേരും ശ്രമിക്കുക.

പിണറായിയെ വീണ്ടും അധികാരത്തിലേറ്റുക എന്ന ബാധ്യത കൂടി ഇവർ ഏറ്റെടുക്കുന്നു. ന്യൂനപക്ഷ വോട്ടുകൾ കൂടുതലായി എൽഡിഎഫിന് കിട്ടില്ലെന്ന ഉത്തമബോധ്യം അവർക്കുണ്ട്. ഈ സാഹചര്യത്തിൽ ഹൈന്ദവ വോട്ടുകളുടെ ഏകീകരണത്തിലൂടെ എൽഡിഎഫിനെ അധികാരത്തിലെത്തിക്കാനാണ് ശ്രമം. ജോസ് കെ. മാണി പക്ഷം എൽഡിഎഫ് വിടുന്നില്ലെന്നുള്ളതും ഒരു താൽക്കാലിക ആശ്വാസമാണ്. എന്തായാലും നായരീഴവ ഐക്യം ഒരു തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്നും അതിന് ശേഷം രണ്ടു വഴിക്കാകുന്ന പതിവ് തന്ത്രമാണെന്നും ഇരുസമുദായാംഗങ്ങൾക്കിടയിലും ആക്ഷേപം ഉയർന്നു കഴിഞ്ഞു. ബിജെപിയും യുഡിഎഫും ഇക്കാര്യത്തിൽ എടുക്കുന്ന നിലപാടാകും ഇനി ശ്രദ്ധേയം.

 

Leave a Reply

Your email address will not be published. Required fields are marked *