ശബരിമല: ശബരിമല അയ്യപ്പ സന്നിധിയിൽ തുടർച്ചയായി ഏഴാം വർഷവും സംഗീതാർച്ചനയുമായി തമിഴ്നാട്ടിൽനിന്നുള്ള ഭക്തസംഘമെത്തി. തമിഴ്നാട്ടിലെ താമ്പരം സ്വദേശികളായ ‘ഹരി ഓം അരുൾ ഇസൈ’ സംഘമാണ് ഭക്തിസാന്ദ്രമായ സംഗീതാർച്ചന സ്വാമിക്ക് സമർപ്പിച്ചത്.
ആചാരപ്പെരുമയിൽ അണിഞ്ഞൊരുങ്ങിയ സന്നിധാനത്ത് വലിയ നടപ്പന്തലിലെ ശാസ്താ ഓഡിറ്റോറിയം സംഗീതസാന്ദ്രമായി മാറി. ഗായകരായ സെന്തിൽ കുമാറും ബാലാജിയും നേതൃത്വം നൽകിയ പരിപാടിയിൽ കീബോർഡ്, തബല, പാഡ് തുടങ്ങിയ വിവിധ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയായിരുന്നു സംഘത്തിന്റെ പ്രകടനം. ബാബു, ദിനകർ, ഗോപി, ചെല്ലപ്പതി, റാം എന്നിവരാണ് സംഘത്തിലെ മറ്റ് കലാകാരന്മാർ. ഭക്തിഗാനങ്ങൾ കോർത്തിണക്കിയ സംഗീതസമർപ്പണം അയ്യപ്പഭക്തർക്ക് ആത്മീയാനുഭൂതി പകർന്നു.


