ശബരിമല – സന്നിധാനത്തും പരിസരത്തുമുള്ള ട്രാക്ടർ റോഡുകളിൽ ഭക്തർ വിരിവെക്കുന്നത് ഒഴിവാക്കണമെന്ന് സന്നിധാനം എ.ഡി.എം ഡോ. അരുൺ എസ്. നായർ നിർദ്ദേശിച്ചു. രാത്രികാലങ്ങളിൽ ഈ റോഡുകളിലൂടെയുള്ള ട്രാക്ടർ ഗതാഗതം സജീവമായതിനാൽ ഈ വഴികളിലെ വിശ്രമം അപകടങ്ങൾക്ക് കാരണമായേക്കാം.
കുട്ടികളും മുതിർന്ന പൗരന്മാരും ഉൾപ്പെടുന്ന തീർത്ഥാടക സംഘങ്ങൾ അപകടസാധ്യതയുള്ള ഇത്തരം പാതകളിൽ വിശ്രമിക്കുന്നത് വലിയ സുരക്ഷാപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. അതിനാൽ ട്രാക്ടർ സഞ്ചരിക്കുന്ന വഴികളിൽ നിന്ന് മാറി സുരക്ഷിതമായ ഇടങ്ങളിൽ വിരിവെക്കാൻ ഭക്തർ പ്രത്യേകം ശ്രദ്ധിക്കണം.
കാനനക്ഷേത്രമായ ശബരിമലയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ ഭക്തർ സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വനത്തിലോ നടപ്പാതകളിലോ വലിച്ചെറിയാതെ ശബരിമല പവിത്രമായി സൂക്ഷിക്കാൻ അയ്യപ്പഭക്തർ സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

