ഇടുക്കിയിൽ യു.ഡി.എഫ് ബന്ധം ഉലയുന്നു ; കോൺഗ്രസ് അവഗണനയിൽ പ്രതിഷേധിച്ച് മലങ്കര സുറിയാനി കത്തോലിക്ക സഭ

Kerala Idukki

ഇടുക്കി – തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ അർഹമായ പ്രാതിനിധ്യം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മലങ്കര സുറിയാനി കത്തോലിക്ക സഭ കോൺഗ്രസ് നേതൃത്വത്തോട് ഇടയുന്നു. സഭയ്ക്ക് ജില്ലയിലെങ്ങും സ്വാധീനമുള്ള നിർണ്ണായക മേഖലകളിലെ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളിലേക്കും, ബ്ലോക്ക്, ജില്ലാ ഡിവിഷനുകളിലേക്കും, പ്രത്യേകിച്ച് കട്ടപ്പന നഗരസഭയിലേക്കും പരിഗണന ലഭിച്ചില്ലെന്നാണ് സഭാ നേതൃത്വത്തിൻ്റെ പ്രധാന പരാതി.

വർഷങ്ങളായി കോൺഗ്രസിനോട് സഹകരണം പുലർത്തുന്ന സഭയിലെ നിരവധി അംഗങ്ങൾ കോൺഗ്രസ് പാർട്ടി പ്രവർത്തകരായി നിലകൊണ്ടിട്ടും അവഗണിക്കപ്പെട്ടതിനെ അത്യധികം ഗൗരവത്തോടെയാണ് സഭ കാണുന്നത്.

*പരിഗണിച്ചില്ല, പ്രതിഷേധം ശക്തം
കുമളി, ചക്കുപള്ളം, കരുണാപുരം, വണ്ടൻമേട്, ഉപ്പുതറ, നെടുങ്കണ്ടം, പാമ്പാടുംപാറ അടക്കം ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ കെ.പി.സി.സി.യുടെ നിർദ്ദേശപ്രകാരം വാർഡ് കോൺഗ്രസ് കമ്മിറ്റി മീറ്റിങ്ങുകളിൽ സഭാ വിശ്വാസികളുടെ പേരുകൾ നിർദ്ദേശിക്കപ്പെട്ടിരുന്നു.

എന്നാൽ, ജില്ലയിലെ ഒരു പഞ്ചായത്തിൽ പോലും ഇവർക്ക് സ്ഥാനാർത്ഥിത്വം നൽകാൻ കോൺഗ്രസ് തയ്യാറായില്ല. ഈ അവഗണനയ്ക്ക് പിന്നാലെ സഭയുടെ പ്രതിഷേധം പരസ്യമായി പ്രകടിപ്പിക്കാൻ തുടങ്ങി. ചിലയിടങ്ങളിൽ ഇടവക വികാരി അച്ചൻമാരെ കാണാനെത്തിയ യു.ഡി.എഫ്. സ്ഥാനാർത്ഥികളെ കാണാൻ അച്ചന്മാർ തയ്യാറായില്ല എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇടത് മുന്നണി പരിഗണിച്ചു. കോൺഗ്രസ് അവഗണന തുടരുമ്പോൾ, സഭയിൽ നിന്നുള്ളവർക്ക് ഇടത് മുന്നണി മതിയായ പരിഗണന നൽകിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.

ജില്ലാ പഞ്ചായത്ത് സീറ്റടക്കം നിരവധി സീറ്റുകളാണ് എൽ.ഡി.എഫ്. സഭയിൽപ്പെട്ടവർക്ക് നൽകിയിരിക്കുന്നത്. ഇത് കോൺഗ്രസ് ക്യാമ്പിൽ കൂടുതൽ ആശങ്കയുണ്ടാക്കുന്നു.കോൺഗ്രസിൽ നിന്നുള്ള അവഗണന തുടരുന്ന സാഹചര്യത്തിൽ, ഡിസംബർ ആദ്യവാരം കട്ടപ്പനയിൽ ശക്തമായ സഭാ സംഗമം നടത്താൻ മലങ്കര കത്തോലിക്ക സഭ ആലോചിക്കുന്നുണ്ട്. സംഗമത്തിൽ സഭാ തലവനും കെ.സി.ബി.സി. അദ്ധ്യക്ഷനുമായ കർദിനാൾ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവയെ അടക്കം പങ്കെടുപ്പിക്കാനാണ് നീക്കം.

*ഇത് കോൺഗ്രസ് നേതൃത്വത്തിന് കടുത്ത വെല്ലുവിളിയായേക്കും.
വിഷയത്തിൽ, ഇടുക്കിയിലെ സഭാ നേതൃത്വം കെ.സി.ബി.സി. അദ്ധ്യക്ഷൻ കർദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയെ നേരിട്ട് പരാതി അറിയിച്ചതായും വിവരമുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസ്-സഭ ബന്ധം ഉലഞ്ഞത് യു.ഡി.എഫിൻ്റെ വിജയ സാധ്യതകളെ സാരമായി ബാധിക്കുമെന്നുറപ്പാണ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *