അടൂർ – സ്വത്തുക്കൾ ആവശ്യപ്പെട്ട് മാതാവിനെ വീട്ടിൽ അതിക്രമിച്ചു കയറി തോക്കുചൂട്ടി ഭീഷണിപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ. പള്ളിക്കൽ ആനയടി ചെറുകുന്ന് ലിസി ഭവനിൽ കെ.എ.ഏബ്രഹാമിന്റെ ഭാര്യ ലിസി(65)യെ ഭീഷണിപ്പെടുത്തിയ കേസിൽ രണ്ടാമത്തെ മകൻ ജോറി വർഗീസിനെ(48)യാണ് അറസ്റ്റ് ചെയ്തത്. ഭാര്യ ഷൈനിയെയും കൂട്ടി എത്തിയ ജോറി സ്വത്തുക്കൾ തങ്ങളുടെ മക്കളുടെ പേരിൽ എഴുതി കൊടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ലിസി കഴിഞ്ഞ 30 വർഷമായി ഭർത്താവുമൊത്തു ഗൾഫിലും അമേരിക്കയിലും ജോലി ചെയ്യകയായിരുന്നു. നാലുമാസം മുൻപാണ് നാട്ടിലെത്തിയത്. ഇവർക്ക് മൂന്ന് ആൺ മക്കളാണ് . മൂത്ത മകൻ സന്തോഷും കുടുംബവും ഗോവയിലും രണ്ടാമത്തെ മകൻ ജോറിനും ഭാര്യ ഷൈനിയും ഏറ്റവും ഇളയമകനായ ഐറിനും ഭാര്യ രാജിയും ഇടുക്കിയിലാണ് താമസിക്കുന്നത്.
ഐറിനും ഭാര്യയും അവരുടെ മകനും വീട്ടിൽ ഉള്ള സമയത്താണ് ജോറിനും ഷൈനിയും തോക്കുമായി എത്തി ഭീഷണി മുഴക്കിയത്. തങ്ങളുടെ മക്കളുടെ പേരിൽ വീടും സ്വത്തും എഴുതിക്കൊടുക്കണം എന്നാവശ്യപ്പെട്ട് ലിസിയുടെ തലയ്ക്കു നേരെ തോക്ക് ചൂണ്ടി കൊല്ലുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. ഭയന്നു പോയ ലിസി സ്വത്ത് എഴുതിക്കൊടുക്കാമെന്ന് സമ്മതിച്ചു. ജോറിയും ഷൈനിയും തോക്കുമായി അടുക്കള ഭാഗത്തേക്ക് പോവുകയും ചെയ്തു. ഐറിൻ വിളിച്ച് അറിയിച്ചത് അനുസരിച്ച് സ്ഥലത്ത് വന്ന പോലീസ് ജെറിനെ കൂട്ടിക്കൊണ്ടു പോയെങ്കിലും തോക്കുകൾ കിട്ടിയില്ല. ലിസിയുടെ മൊഴി പ്രകാരം എസ്.ഐ ഡി. സുനിൽകുമാർ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തോക്കുകൾ കണ്ടെത്തി. ജോറി വർഗീസിനെ കോടതിയിൽ ഹാജരാക്കി.


