ഇലവുംതിട്ട – കേന്ദ്ര സർക്കാരിന്റെ അമൃത് സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കുളനട പഞ്ചായത്ത് പത്താം വാർഡായ രാമൻചിറയിലെ ചിറയോട് ചേർന്ന് മാലിന്യ സംസ്‌കരണ പ്ലാന്റ് പണിയാൻ നീക്കം. രാമൻചിറയുടെ പ്രകൃതി രമണീയത മുൻ നിർത്തിയുള്ള മിനി ഇക്കോ ടൂറിസം പദ്ധതി അട്ടിമറിച്ചുകൊണ്ടാണ് കുളനട പഞ്ചായത്ത് മാലിന്യ സംസ്‌ക്കരണ പ്ലാന്റ് നിർമ്മാണത്തിന് തിടുക്കം കാട്ടുന്നതെന്നാണ് പ്രതിഷേധത്തിനായി രൂപവത്ക്കരിച്ച ആക്ഷൻ കമ്മറ്റിയുടെ ആരോപണം. ചിറയിലെ പോളയും പായലും നീക്കം ചെയ്ത് 29 ലക്ഷം മുടക്കിയാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ വശങ്ങൾ കരിങ്കല്ല് കെട്ടിയാണ് ഈ ചിറ നവീകരിച്ചത്. ഇവിടുത്തെ മിനി ഇക്കോ ടൂറിസം സാദ്ധ്യതയും അന്നൊക്കെ ചർച്ചയായിരുന്നു. ഇക്കോ ടൂറിസം പദ്ധതിയുടെ തുടക്കമെന്ന നിലയിൽ ഹാപ്പിനസ് പാർക്കിന് പദ്ധതി രേഖയും അംഗീകരിച്ച വേളയിലാണ് മാലിന്യ സംസ്‌ക്കരണ പ്ലാന്റ് പദ്ധതിയുമായി പഞ്ചായത്ത് രംഗത്ത് വന്നത്. ചിറയോട് ചേർന്ന് 30 സെന്റ് പുറമ്പോക്ക് ഭൂമിയിൽ പ്ലാന്റ് പണിയാനാണ് ജില്ലാ കലക്ടർ താത്ക്കാലിക അനുമതി നൽകിയിരിക്കുന്നത്.
ഇവിടെ പ്ലാന്റ് പണിതാൽ പ്ലാസ്റ്റിക് സംസ്‌ക്കരണം ഇക്കോ ടൂറിസം പദ്ധതി അപ്പാടെ അട്ടിമറിക്കും. പ്ലാസ്റ്റിക്ക് വീണ് ചിറ മലിനപ്പെടും. മൽസ്യത്തിനും ജീവജാലങ്ങൾക്കും ഭീഷണിയാവും. പുഞ്ചയിലേക്കുള്ള നീരൊഴുക്ക് തടസപ്പെടും. ശ്രീഗോപാലകൃഷ്ണ ക്ഷേത്രവും സെന്റ് പോൾസ് പള്ളിയും ചേർന്ന് രൂപപ്പെട്ട മതസൗഹാർദതയിൽ പുഷ്ടിപ്പെട്ട ഭക്ത സംഗമങ്ങളുടെ പരിശുദ്ധിയ്ക്കും മാനിന്യ പ്ലാന്റ് കളങ്കം ചാർത്തും. ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി അമൃത് സരോവർ പദ്ധതി കൺവീനർ ഏബ്രഹാം സാമുവേൽ തദ്ദേശ വകുപ്പ് മന്ത്രിയ്ക്കും ജില്ലാ കളക്ടർക്കും പരാതി നൽകി.
കുളനട പഞ്ചായത്ത് പത്താം വാർഡിൽ ആറേക്കറോളം വിസ്തൃതിയുള്ള രാമൻചിറ എന്ന ജലാശയത്തിന്റെ പേരിലാണ് ആ പ്രദേശവും അറിയപ്പെടുന്നത്. വേനലിൽ പ്രദേശത്തെ കിണറുകൾക്ക് ജലസ്രോതസാവുന്ന രാമൻചിറയുടെ പരിസ്ഥിതി പ്രാധാന്യം കണക്കിലെടുത്താണ് കേന്ദ്ര സർക്കാരിന്റെ അമൃത സരോവർ പദ്ധതിയിൽ നിന്നും അനുവദിച്ച 40 ലക്ഷത്തോളം രൂപ ചെലവിൽ ചിറ നവീകരിച്ചത്. എന്നാൽ ചിറയുടെ നവീകരണം പൂർത്തിയാക്കിയതിന് പിന്നാലെ യാതൊരു കൂടിയാലോചനയുമില്ലാതെ, ചിറക്ക് സമീപം എം സി എഫ് പദ്ധതി പ്രകാരം പഞ്ചായത്തിലെ മുഴുവൻ മാലിന്യങ്ങളും സംഭരിക്കാനുളളകേന്ദ്രം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതെന്ന് ഓ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് എം.എസ്. മുരളി ആരോപിച്ചു. ചിറയ്ക്ക് സമീപമുള്ള പാലമരം സമീപത്തെ ഗോപാലകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ യക്ഷിയമ്മ പ്രതിഷ്ഠയുമായി ബന്ധമുള്ളതും പ്രത്യേക ആചാരങ്ങൾ നടത്തുന്നതുമാണ്. ഈ പാലമരത്തോട് ചേർന്നാണ് മാലിന്യ സംഭരണ കേന്ദ്രത്തിനായി ഗ്രാമ പഞ്ചായത്ത് സ്ഥലം ഒരുക്കിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട വിവരം ധരിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി മോശമായാണ് ക്ഷേത്ര കമ്മറ്റി ഭാരവാഹികളോട് ഇടപെട്ടതെന്ന് പ്രസിഡന്റ് ദിലീപ് സതീഷ് പറഞ്ഞു. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള രാമൻചിറയെ മലിനപ്പെടുത്തി മാലിന്യ സംഭരണം അനുവദിക്കാനാവില്ല എന്ന് പൊതുപ്രവർത്തകനായ സജി പി ജോൺ പറഞ്ഞു. വേസ്റ്റ് തള്ളുന്ന ഒരിടമാക്കി രാമൻചിറയെ മാറ്റാൻ അനുവദിക്കില്ലെന്ന് പ്രദേശവാസിയും റിട്ടയേഡ് അദ്ധ്യാപകനുമായ മാത്യൂസ് ഏബ്രാഹാം പറഞ്ഞു.
ഗ്രാമസഭയിലോ പൊതുജനങ്ങളോടോ ആലോചിക്കാതെ പഞ്ചായത്ത് അധികൃതർ രഹസ്യമായെടുത്ത തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രദേശവാസിയായ എം.കെ.തങ്കപ്പൻ പറയുന്നു. അമൃത സരോവർ പദ്ധതി അട്ടിമറിക്കാനാണ് കുളനട പഞ്ചായത്ത് അധികൃതരുടെ ശ്രമമെന്നും ആരോപണമുണ്ട്. കുളനട പഞ്ചായത്തിലെ ആകെ മാലിന്യം സംഭരിക്കാൻ കണ്ടെത്തിയ സ്ഥലത്ത്, ഇവിടെ മാലിന്യം തള്ളുന്നത് ശിക്ഷാർഹമാണ് എന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ബോർഡ് സ്ഥാപിച്ചിട്ടുള്ളതാണ് വിരോധാഭാസം.