പന്തളം – എം.സി റോഡിലെ സ്ഥിരം അപകട മേഖലയായ കുരമ്പാലയില്‍ നിയന്ത്രണം വിട്ട കാര്‍ മറ്റൊരു കാറിലും രണ്ടു ബൈക്കിലും ആയി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്ക്. ചേരിക്കല്‍ മീനത്ത് ചരിഞ്ഞതില്‍ സെയ്ദ് മുഹമ്മദിന്റെ മകന്‍ മുഹമ്മദ് റിയാസാ (34)ണ് മരിച്ചത്. റിയാസിനോടൊപ്പം ബൈക്കില്‍ ഉണ്ടായിരുന്ന ചേരിക്കല്‍, ഭരത് ഭവനത്തില്‍ ഭരത് മോഹന്‍(26), മറ്റൊരു ബൈക്ക് യാത്രക്കാരനായ കുടശനാട് അമല്‍ നിവാസില്‍ അമല്‍ജിത്ത്(29) എന്നിവര്‍ക്ക് പരുക്കേറ്റു.
ഭരത് മോഹന്‍ ഗുരുതരമായ പരുക്കുകളോടെ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ ചികില്‍സയിലാണ്. അമല്‍ജിത്തിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായിരുന്ന മുഹമ്മദ് റിയാസിനെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. അടൂര്‍ വടക്കേടത്തുകാവിലെ ടാറ്റാ നെക്‌സോണ്‍ ഷോറൂമിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ട മൂവരൂം. അടൂരിലേക്ക് ജോലിക്ക് പോകുമ്പോഴാണ് അപകടം.
എം.സി റോഡില്‍ കുരമ്പാല പത്തിരിപ്പടിയില്‍ ബുധനാഴ്ച രാവിലെ 8.30 യോടെയായിരുന്നു അപകടം. തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ഭാര്യയെ യാത്രയാക്കി കല്ലിശ്ശേരിയിലേക്ക് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സിനോജ് സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് എതിര്‍ദശയില്‍ വരികയായിരുന്ന പന്തളം സ്വദേശി ശ്രീകുമാറിന്റെ കാറിലിടിക്കുകയായിരുന്നു. കാറിന്റെ പിന്നിലായി ഉണ്ടായിരുന്ന രണ്ടു ബൈക്കുകളിലും ഇടിച്ച് അപകടം സംഭവിച്ചത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ ഗതാഗത കുരുക്കും അനുഭവപ്പെട്ടു.
അടൂരില്‍ നിന്നും എത്തിയ അഗ്‌നിരക്ഷാസേന അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പന്തളം പോലീസും സ്ഥലത്തെത്തിയിരുന്നു. പോലീസ് ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം അടൂര്‍ ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് ചേരിക്കല്‍ മുസ്ലിം ജുമാ മസ്ജിദില്‍ കബറടക്കം നടക്കും. ഭാര്യ : ശിഫ റിയാസ് മകള്‍ :അസ്വ മറിയം.
What do you feel about this post?
Like
Love
Happy
Haha
Sad

