പത്തനംതിട്ട – എക്‌സൈസ് ജില്ലാതല വ്യാജമദ്യ നിയന്ത്രണ സമിതി യോഗം എഡിഎം ബി ജ്യോതിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്നു. ഓണഘോഷത്തോടനുബന്ധിച്ച് എക്‌സൈസ്, പോലീസ്, വനം വകുപ്പുകളുടെ നേതൃത്വത്തിൽ പരിശോധനകൾ ശക്തമാക്കാൻ തീരുമാനിച്ചു. വില്ലേജ്, വാർഡ് തലങ്ങളിൽ ബോധവൽകരണപ്രവർത്തനങ്ങൾ ഊർജിതമാക്കും.
ഓണഘോഷത്തോടനുബന്ധിച്ച് ജില്ലയിൽ വ്യാജ മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉൽപാദനം, വിതരണം എന്നിവ തടയുന്നതിന് വിപുലമായ എൻഫോഴ്സ്മെന്റ് സംവിധാനങ്ങൾ എക്സൈസ് വകുപ്പ് ഏർപ്പെടുത്തി. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ഓഫീസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന എക്‌സൈസ് കൺട്രോൾ റൂമും ജില്ലയിലെ രണ്ട് ഓഫീസുകളിലായി സ്‌ട്രൈക്കിംഗ് ഫോഴ്‌സ് യൂണിറ്റും രൂപീകരിച്ചു. സംശയാസ്പദമായ സാഹചര്യങ്ങൾ ഉണ്ടായാൽ ഇടപെടുന്നതിന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക ഇന്റലിജൻസ് ടീമും മദ്യം, മയക്കുമരുന്ന് എന്നിവയുടെ വിപണനം നിരീക്ഷിക്കാനായി ഷാഡോ എക്‌സൈസ് ടീമും ജില്ലയിൽ സജ്ജമാണ്. പൊലീസ്, വനം, റവന്യൂ വകുപ്പുകൾ സംയുക്തമായി മദ്യ ഉൽപാദന-വിപണന കേന്ദ്രങ്ങളിലും വനപ്രദേശങ്ങളിലും റെയ്ഡ് നടത്തും. ജില്ലയിലെ പ്രധാനപാതകളിൽ വാഹനപരിശോധനയ്ക്ക് പ്രത്യേക ടീമിനെ നിയോഗിച്ചു. സംശയാസ്പദമായ സാഹചര്യത്തിലുള്ള വാഹനം, കട, തുറസായ സ്ഥലം, സ്ഥാപനം എന്നിവ പരിശോധനയ്ക്ക് വിധേയമാക്കും. കള്ളുഷാപ്പ്, ബാർ, മറ്റ് ലൈസൻസ് സ്ഥാപനങ്ങൾ പരിശോധിച്ച് സാമ്പിൾ ശേഖരിക്കും. നിരോധിത പുകയില ഉൽപന്നങ്ങൾ, ലഹരി വസ്തുക്കളുടെ വിൽപന എന്നിവ കർശനമായി തടയും. സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ലഹരി വ്യാപനം തടയുന്നതിനായി നിരീക്ഷണം ശക്തമാക്കി. മുൻസിപ്പൽ പഞ്ചായത്ത് വാർഡ് തലങ്ങളിൽ കുടുംബശ്രീയുമായി ചേർന്ന് ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നുണ്ട്.
ജില്ലയിൽ എക്സൈസ് വകുപ്പ് 5257 റെയിഡുകൾ നടത്തി. 1127 അബ്കാരി കേസുകളിൽ 1049 പേരെ അറസ്റ്റ് ചെയ്തു. 17 വാഹനങ്ങൾ പിടിച്ചെടുത്തു. 1996 കോട്പാ കേസുകളിലായി 210.430 കിലോ ഗ്രാം നിരോധിത പുകയില ഉല്പന്നങ്ങൾ പിടിച്ചെടുത്ത് 3,99,200 രൂപ പിഴ ഈടാക്കി. പൊലിസ്, വനം വകുപ്പുകളുമായി ചേർന്ന് വന മേഖലകളിൽ നടത്തിയ പരിശോധനയിൽ 1127 അബ്കാരി കേസുകളിൽ 5711 ലിറ്റർ കോട, 1120.136 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം, 143.550 ലിറ്റർ ചാരായം, 24.750 ലിറ്റർ അരിഷ്ടം എന്നിവ കണ്ടെത്തി. കള്ള് ഷാപ്പുകളിൽ 1544 പരിശോധനകൾ നടത്തി 279 സാമ്പിൾ ശേഖരിച്ചു രാസപരിശോധനയ്ക്ക് അയച്ചു.
യോഗത്തിൽ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ എം സൂരജ്, നർകോട്ടിക് സെൽ ഡിവൈഎസ്പി ബി അനിൽ, കോന്നി സീനിയർ ഫോറസ്റ്റ് ഓഫീസർ എ എസ് മനോജ്, ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫീസർ (തിരുവല്ല) പി ആർ മല്ലിക, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ, കേരള മദ്യനിരോധന സംഘം പ്രസിഡന്റ് ജയചന്ദ്രൻ ഉണ്ണിത്താൻ, അംഗങ്ങളായ വാളകം ജോൺ, കേരള മദ്യവർജന ബോധവൽകരണ സമിതി പ്രസിഡന്റ് സോമൻ പാമ്പായിക്കോട്, ജില്ലാ രക്ഷാധികാരി പി.വി. എബ്രഹാം, മുഹമ്മദ് സാലി, ബേബി കുട്ടി ഡാനിയേൽ, രാജമ്മ സദാനന്ദൻ, പി കെ ഗോപി, പൊലിസ,് ഫോറസ്റ്റ്, വിദ്യാഭ്യാസം, കുടുംബശ്രീ, ബിവറേജസ് കോർപ്പറേഷൻ വകുപ്പുകളിലെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

