കപ്പലണ്ടി കച്ചവടക്കാരെ പിടികൂടി ‘കളിപ്പാട്ടങ്ങൾ’ ബന്തവസിലെടുത്ത് കേസ് : പമ്പാ പോലീസ് ഹൈക്കോടതി പേടിയിൽ ചെയ്യുന്നതെല്ലാം അബദ്ധം: പരിഹാസവുമായി സസ്‌പെൻഷനിലുള്ള പോലീസുകാരൻ

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ട്രാക്ടർ യാത്ര നടത്തി എഡിജിപി എം.ആർ. അജിത്കുമാർ വിവാദത്തിലായപ്പോൾ അതുണ്ടാക്കിയ കുടുക്കിൽ നിന്ന് ഊരാൻ പാമ്പാപോലീസ് എസ്എച്ച്ഓ സി.കെ. മനോജിന്റെ ശ്രമം വലിയ കോമഡിയിലേക്ക്. പമ്പ – സന്നിധാനം റൂട്ടിൽ വഴിവക്കിൽ ഇരുന്ന് കച്ചവടം ചെയ്യുന്ന കപ്പലണ്ടി കച്ചവടക്കാരെ പിടികൂടി തൊണ്ടി മുതലായ ‘കളിപ്പാട്ടങ്ങൾ’ ബന്തവസിൽ എടുത്തിരിക്കുകയാണ് എസ്എച്ച്ഓ !!

ഹൈക്കോടതി വിധി ലംഘിച്ചതിനാണ് ഇവരെ കസ്റ്റഡിയിൽ എടുത്ത് കേസ് എടുത്തതും ‘കളിപ്പാട്ടങ്ങൾ’ ബന്തവസിലെടുത്തതും. എസ്‌സിപിഓയുമായി റോന്ത് ചുറ്റുന്ന സമയം കഴിഞ്ഞ 16 ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ പമ്പ യു ടേണിന് സമീപം നാലുപേർ കപ്പലണ്ടി വിൽക്കുന്നത് കണ്ടു. ഹൈക്കോടതി പമ്പയിലും പരിസരത്തും വഴിയോര കച്ചവടം നിരോധിച്ചിട്ടുള്ളതിനാൽ ഇവരെ പിടികൂടി ‘കളിപ്പാട്ടങ്ങൾ’ കസ്റ്റഡിയിൽ എടുത്തുവെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. പൊതുസ്ഥലം കൈയ്യേറി കച്ചവടം നടത്തിയതിനാണ് ഇവർക്കെതിരേ കേസ് എടുത്തത്.

ജൂലൈ 12 ന് രാത്രിയും പിറ്റേന്നുമായി പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചും എഡിജിപി എം.ആർ. അജിത്കുമാർ ട്രാക്ടർ യാത്ര നടത്തിയെന്ന വാർത്ത മറുനാടനാണ് പുറത്തു വിട്ടത്. എഡിജിപിയുടെ ട്രാക്ടർ യാത്ര വിവാദമായപ്പോൾ പമ്പ എസ്എച്ച്ഓ സ്വമേധയാ ഒരു കേസ് എടുത്തിരുന്നു. അതിൽ ട്രാക്ടർ ഓടിച്ച പോലീസുകാരൻ മാത്രമായിരുന്നു പ്രതി. വിഷയം ഹൈക്കോടതിയുടെ മുന്നിൽ എത്തുകയും എഡിജിപിക്കെതിരേ രൂക്ഷവിമർശനം ഉണ്ടാവുകയും ചെയ്തു. എഡിജിപിക്ക് വീഴ്ച പറ്റിയെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് ഡിജിപി റിപ്പോർട്ടും നൽകി. ഇതോടെ അജിത്കുമാറിനെ പോലീസിൽ നിന്ന് മാറ്റി എക്‌സൈസ് കമ്മിഷണറാക്കി. ഇതോടെ പോലീസ് വെട്ടിലായി.

എന്നാൽ, താൻ ഹൈക്കോടതി ഉത്തരവുകൾ പാലിക്കുന്നയാളാണെന്ന് വരുത്തി തീർക്കുന്നതിന് വേണ്ടിയാണ് പമ്പ എസ്എച്ച്ഓ തിരക്കിട്ട് കപ്പലണ്ടി കച്ചവടക്കാരെ പിടികൂടി ‘കളിപ്പാട്ടം’ കസ്റ്റഡിയിൽ എടുത്തത്. ഇതിനെതിരേ സസ്‌പെൻഷനിലുള്ള സിവിൽ പോലീസ് ഓഫീസർ ഉമേഷ് വളളിക്കുന്ന് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:

കുറച്ച് നേരം കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു തീർത്ഥാടന കേന്ദ്രത്തിലെ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ( SHO) ആണ് നിങ്ങൾ എന്ന് സങ്കൽപ്പിക്കാൻ പറ്റുമെങ്കിൽ നിങ്ങൾക്കുള്ളതാണ് ഈ ടാസ്ക്.
കേരള ഹൈക്കോടതിയുടെ നിരവധി ഉത്തരവുകൾ നിലനിൽക്കുന്ന ആരാധനാ കേന്ദത്തിലേക്ക് വരുന്ന ഭക്തജനങ്ങളുടെ സുരക്ഷയും അവർക്ക് തുല്യനീതിയോടെ തീർത്ഥാടനം നടത്താനുള്ള സാഹചര്യവും ഉറപ്പു വരുത്തുകയാണ് നിങ്ങളുടെ ജോലി എന്ന് കരുതുക.

ഇതിൽ വരുന്ന വീഴ്ചകളും വിവാദങ്ങളും പരാതികളും പരിഗണിച്ച് ധാരാളം കോടതി വിധികൾ നിലവിലുണ്ട് എന്ന് കരുതുക.

വാഹന പാർക്കിംഗ്, VIP പരിഗണന പാടില്ല, ക്യൂ സിസ്റ്റവും ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങളും ഉറപ്പാക്കുക, തിരക്ക് നിയന്ത്രിക്കുക, കുറ്റകൃത്യങ്ങൾ തടയുക തുടങ്ങിയവയൊക്കയാണ് പോലീസിന്റെ പരിപാടികൾ എന്ന് കരുതുക.

അവിടെ നിങ്ങളുടെ ഏറ്റവും ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥൻ ദർശന പുണ്യം നേടാൻ വരുമ്പോൾ കോടതിയുത്തരവ് ലംഘിച്ച് അയാളെ നിങ്ങൾ ഡിപ്പാർട്ട്മെന്റ് വക ചരക്ക് വാഹനം വിട്ടുകൊടുത്ത് മലമുകളിലെത്തിച്ച് സുഖിപ്പിച്ചു എന്ന് കരുതുക.

ഈ സംഭവം ദൃശ്യങ്ങൾ സഹിതം നാട്ടിലെങ്ങും പാട്ടാവുകയും ബഹു. കോടതിയിൽ എത്തുകയും ചെയ്തു എന്നു കരുതുക.

ഉന്നതനെ രക്ഷപ്പെടുത്താനും സ്വയം രക്ഷപ്പെടാനും ചരക്കു വാഹനം ഓടിച്ച ഡ്രൈവർക്കെതിരെ കേസെടുത്ത് നിങ്ങൾ ഊളത്തരം കാണിച്ചു എന്ന് കരുതുക.

അതും നാട്ടിൽ പാട്ടായി നിങ്ങൾ ( ഇല്ലാത്ത) നാണം കെട്ടു എന്ന് കരുതുക.

വിവാദം കോടതിയിലെത്തിയ സ്ഥിതിക്ക് കോടതിയുത്തരവുകൾ നടപ്പാക്കാൻ നിങ്ങൾ ചെയ്ത കാര്യങ്ങൾ വിശദീകരിച്ച് കൊണ്ടുള്ള റിപ്പോർട്ട് കോടതി നിങ്ങളോട് ആവശ്യപ്പെടും എന്ന് കരുതുക.

ഇത് വരെ ഒരു ചുക്കും ചെയ്യാതെ മേലാളന്മാരെയും സെലിബ്രിറ്റികളെയും സേവിച്ചു സന്തോഷിപ്പിച്ചു നടന്നതിനാൽ ഉടനെ എന്തെങ്കിലും ചെയ്തു കൂട്ടി റിപ്പോർട്ട്‌ ഉണ്ടാക്കണം എന്ന് കരുതുക.

ഈ സാഹചര്യത്തിൽ SHO എന്ന നിലയിൽ നിങ്ങൾ എന്ത് ചെയ്യും എന്നാണ് ചോദ്യം.

ഉത്തരത്തിന് ആറ് ഓപ്‌ഷനുകൾ താഴെയുണ്ട്. അതിൽ ഒന്ന് തിരഞ്ഞെടുക്കുകയോ സ്വന്തമായി ഒരു ഉത്തരം പറയുകയോ ചെയ്യാം.

ശരിയുത്തരം തെളിവ് സഹിതം നാളെ ഈ നേരത്ത് ഞാൻ പോസ്റ്റ്‌ ചെയ്യാം. എന്നിട്ട് തീരുമാനിക്കാം നമ്മളാണോ അവനാണോ മിടുക്കൻ എന്ന്. 😀

ഓപ്ഷൻ 1) കോടതിയുത്തരവ് ലംഘിക്കുന്ന എല്ലാവർക്കും എതിരെ നടപടിയെടുക്കും.

ഓപ്ഷൻ 2) കോടതിയുത്തരവ് ലംഘിക്കുന്ന VIP കപടഭക്തർക്കെതിരെ നടപടിയെടുക്കും.

ഓപ്ഷൻ 3) ഭക്തജനങ്ങൾക്ക് സുരക്ഷ ഉറപ്പ് വരുത്തി കള്ളന്മാരെയും പോക്കറ്റടിക്കാരെയും പിടികൂടി കേസെടുക്കും.

ഓപ്ഷൻ 4) നിരോധിത ലഹരി വസ്തുക്കൾ വിതരണം ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കും.

ഓപ്ഷൻ 5) ഗതാഗതം/ പാർക്കിംഗ് ലംഘിച്ച് യാത്രാദുരിതമുണ്ടാക്കുന്നവർക്കെതിരെ നടപടിയെടുക്കും.

ഓപ്ഷൻ 6) ചോദിക്കാനും പറയാനും ആരുമില്ലാത്ത, കപ്പലണ്ടിവില്പനക്കാരെ പിടികൂടി അറസ്റ്റ് ചെയ്ത് കയ്യിലുള്ള “കളിപ്പാട്ടങ്ങൾ” ബന്തവസ്സിലെടുക്കും.

സമയമുള്ളവർ SHO ആയി സങ്കൽപ്പിച്ച് ഉത്തരം കമന്റ് ചെയ്യണേ. എന്നെ പിടിച്ച് അകത്തിട്ടിട്ടില്ലെങ്കിൽ നാളെ വൈകീട്ട് കാണാം ഡിയേഴ്സ്.

Leave a Reply

Your email address will not be published. Required fields are marked *