പത്തനംതിട്ടയിലെ എല്ലാ ക്വാറികളിലും പരിശോധന നടത്തും : ജില്ലാ കലക്ടർ

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്ന കോന്നി പയ്യനാമൺ ചെങ്കളം ക്വാറിയുടെ ഉടമയ്ക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തുന്നത് പരിശോധിക്കാൻ പോലിസിനോട് നിർദേശിച്ച് കെ യു ജനീഷ് കുമാർ എംഎൽഎ. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. എന്നാൽ സുരക്ഷ സംവിധാനം പാലിക്കാതെയാണ് ക്വാറി നടത്തിയതെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് എംഎൽഎയുടെ നിർദേശം. പാറമട അപകടവുമായി ബന്ധപ്പെട്ട് കോന്നി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ജില്ലാ കലക്ടർ എസ്.പ്രേം കൃഷ്ണന്റെ സാന്നിധ്യത്തിൽ ചേർന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് എംഎൽഎയുടെ നിർദേശം.
പാറമടയ്ക്കെതിരായ മുഴുവൻ പരാതികളും പരിശോധിക്കും. ക്വാറി ഉടമ പഞ്ചായത്ത് വഴി കയ്യേറി ഗേറ്റ് സ്ഥാപിച്ചതായി തെളിഞ്ഞാൽ പോലിസിനെ ഉപയോഗിച്ച് പൊളിച്ചു മാറ്റും. പഞ്ചായത്ത് രാജ് ആക്ട് പ്രകാരമായിരിക്കും നടപടി. ജലസോത്രസുകളിലേക്ക് ക്വാറിയിൽ നിന്ന് മാലിന്യം ഒഴുകുന്നതിനെ കുറിച്ചുള്ള ആരോപണം അന്വേഷിക്കും. ഉരുൾപൊട്ടൽ മേഖലയിലാണ് ക്വാറി പ്രവർത്തിക്കുന്നതെന്ന വാദവും പരിശോധിക്കും. ജില്ലാ ഭരണകൂടവും സർക്കാരും ജനങ്ങൾക്കൊപ്പമാണെന്ന് എംഎൽഎ പറഞ്ഞു.

കോന്നി, റാന്നി മേഖലയിലടക്കം ജില്ലയിൽ പ്രവർത്തിക്കുന്ന എല്ലാ പാറമടകളിലും അന്വേഷണം നടത്തി 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ വിവിധ വകുപ്പ് ഉദ്യോഗസ്ഥരോട് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ ആവശ്യപ്പെട്ടു. ചെങ്കളം ക്വാറി നിയമവിരുദ്ധമായാണോ പ്രവർത്തിച്ചതെന്ന് പരിശോധിക്കും. നിലവിൽ ക്വാറി പ്രവർത്തനം നിർത്തിയിരിക്കുകയാണ്. അന്വേഷണത്തിന് ശേഷമേ തുടർ പ്രവർത്തനത്തിന് അനുമതി നൽകൂ. റവന്യൂ ഭൂമി കയ്യേറി ഖനനം നടത്തിയെന്ന ആരോപണം പരിശോധിക്കാൻ ഡ്രോൺ സർവേ നടത്താൻ ജില്ലാ കലക്ടർ നിർദേശിച്ചു. അടൂർ ആർഡിഒ എം. ബിപിൻ കുമാർ, ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടർ ആർ രാജലക്ഷ്മി, ജില്ലാ ഫയർഫോഴ്സ് മേധാവി പ്രതാപ് ചന്ദ്രൻ, കോന്നി തഹസിൽദാർ എൻ വി സന്തോഷ്, കോന്നി ഡിവൈഎസ്പി ജി അജയ്നാഥ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *