സോളാർ വേലികളുടെ പരിപാലനം ഉറപ്പാക്കണം : ജനീഷ് കുമാർ എംഎൽഎ ; മനുഷ്യ – വന്യജീവി സംഘർഷം കുറയ്ക്കുന്നതിന് ശാസ്ത്രീയ പദ്ധതി തയ്യാറാക്കണം: പ്രമോദ് നാരായൺ എംഎൽഎ

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – വനാതിർത്തികളിൽ സോളാർ വേലി സ്ഥാപിക്കുന്നതിനൊപ്പം പരിപാലനവും ഉറപ്പാക്കണമെന്ന് കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ. മനുഷ്യ – വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് നിർദ്ദേശം നൽകുന്നതിനും പുരോഗതി വിലയിരുത്താനുമായി ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന ജില്ലാതല നിയന്ത്രണ സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനഭൂമി കൈമാറ്റത്തിന് സമയബന്ധിതമായി നിരാക്ഷേപപത്രം നൽകണം. ജനവാസ മേഖലയിൽ എത്തുന്ന വന്യജീവികളെ തിരിച്ചയക്കുന്ന പ്രവർത്തനം കൂടുതൽ ഊർജിതമാക്കണമെന്നും എംഎൽഎ നിർദ്ദേശിച്ചു.
മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിന് ശാസ്ത്രീയ പദ്ധതി തയാറാക്കണമെന്ന് റാന്നി എംഎൽഎ പ്രമോദ് നാരായൺ അഭിപ്രായപ്പെട്ടു. വെള്ളം, ഭക്ഷണം, ആവാസ വ്യവസ്ഥ എന്നിവ തേടി എത്തുന്ന വന്യമൃഗങ്ങൾക്ക് വനത്തിനുള്ളിൽ അവയുടെ ലഭ്യത വർദ്ധിപ്പിക്കണമെന്നും എംഎൽഎ പറഞ്ഞു. യോഗത്തിൽ ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ അധ്യക്ഷനായി.

വനത്തോട് ചേർന്നുള്ള സ്വകാര്യഭൂമി കാടുപിടിക്കുന്നത് വൃത്തിയാക്കാൻ ഉടമസ്ഥന് കർശന നിർദ്ദേശം നൽകണമെന്ന് അദ്ദേഹം പറഞ്ഞു. വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിന് പ്രായോഗികവും ഫലപ്രദമായ മാർഗങ്ങൾ ഏകോപനത്തോടെ സ്വീകരിക്കാൻ വകുപ്പ് മേധാവികൾക്ക് ജില്ലാ കലക്ടർ നിർദ്ദേശം നൽകി. റാന്നി ഡിഎഫ്ഒ എൻ. രാജേഷ്, കോന്നി ഡിഎഫ്ഒ ആയുഷ് കുമാർ കോറി, ഡെപ്യൂട്ടി കലക്ടർ ആർ രാജലക്ഷ്മി, ഡി.എം.ഒ ഡോ.എൽ. അനിത കുമാരി, വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.

ചിത്രം : ഫോറസ്റ്റ്
ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന വനംവകുപ്പിന്റെ ജില്ലാതല നിയന്ത്രണ സമിതി യോഗം ചേർന്നു

Leave a Reply

Your email address will not be published. Required fields are marked *