തൊണ്ടിമുതലായ സൈക്കിൾ സ്‌റ്റേഷനിൽ നിന്ന് മോഷ്ടിച്ച പോലീസുകാരന് സസ്‌പെൻഷൻ മാത്രം : രാഷ്ട്രീയ ഇടപെടലെന്ന് ആക്ഷേപം

Kerala Idukki
Print Friendly, PDF & Email

ഇടുക്കി – പൊലീസ് സ്‌റ്റേഷനിലെ തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന സ്‌പോർട്‌സ് സൈക്കിൾ മോഷ്ടിച്ച സംഭവത്തിൽ പൊലീസുകാരന് എതിരെ വ്യക്തമായ തെളിവുകളുണ്ടായിരുന്നിട്ടും കേസെടുക്കാതെ വകുപ്പ് തല നടപടിയിൽ ഒതുക്കിയത് സേനയ്ക്കുള്ളിൽ കടുത്ത അമർഷത്തിനിടയാക്കി. അസോസിയേഷൻ നേതാവായ പൊലീസുകാരനെ രക്ഷിക്കാൻ ഉന്നത രാഷ്ട്രീയ ഇടപെടലകൾ നടന്നതായാണ് ആക്ഷേപം.

കഴിഞ്ഞ മാസം 18 നായിരുന്നു സംഭവം. ഒരു കേസുമായി ബന്ധപ്പെട്ട് കോടതി നിർദേശ പ്രകാരം തൊടുപുഴ പൊലീസ് സ്‌റ്റേഷനിൽ സൂക്ഷിച്ചിരുന്ന സ്‌പോർട്‌സ് സൈക്കിൾ ഡിവൈഎസ്പി സ്‌ക്വാഡിലെ അംഗമായ ജയ്‌മോൻ കടത്തുകയായിരുന്നു. ഉടമ സൈക്കിൾ തിരികെ എടുക്കാൻ എത്തിയപ്പോഴാണ് തൊണ്ടിമുതൽ കാണാതായ വിവരം പുറത്ത് വന്നത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സൈക്കിൾ ജയ്‌മോൻ കടത്തിയതാണെന്ന് വ്യക്തമായി.

പിന്നീട് ഇയാൾ സൈക്കിൾ സ്‌റ്റേഷനിലേക്ക് തിരികെ എത്തിക്കുകയായിരുന്നു. എന്നാൽ സിസി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ വ്യക്തമായ തെളിവുകൾ ഉണ്ടായിരിക്കെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതിരുന്നതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലാണെന്നും പറയപ്പെടുന്നു.കേസ് എടുക്കാതെ വകുപ്പ് തല നടപടിയിൽ ഒതുക്കിയ സംഭവം പൊലീസിലുള്ള പൊതുജനങ്ങളിലെ വിശ്വാസം തകർത്തതായും വിമർശനമുണ്ട്. കേസുമായി ബന്ധപ്പെട്ട് നിലവിൽ ജോമോൻ സസ്‌പെൻഷനിലാണ്. സസ്‌പെൻഷനിൽ മാത്രമായി ഒതുക്കി മോഷണക്കേസിൽ നിന്ന് ഒഴിവാക്കാനാണ് നീക്കമെന്ന് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *