ഏറെ മോഹിച്ച വീട്ടിലേക്ക് ഇനി രഞ്ജിതയുടെ ചേതനയറ്റ ശരീരം എത്തും : നാടും വീടും ശോകഭരിതം

Kerala Pathanamthitta

പുല്ലാട് – സ്വസ്ഥവും സുരക്ഷിതവുമായ ഭാവി കെട്ടിപ്പടുക്കാൻ കുരുന്നു മക്കളെ മുത്തശിയെ ഏൽപ്പിച്ച് വിദേശത്തേക്ക് പോയ രഞ്ജിതയുടെ മരണം ജന്മനാടിനും ബന്ധുക്കൾക്കും നൽകുന്ന സങ്കടം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ്. ഇതിൽ പ്രധാനമായിരുന്നു പുതിയൊരു വീട് എന്നത്. വീട്
പൂർത്തിയാക്കി അമ്മയ്‌ക്കൊപ്പം മക്കളെയും മാറ്റണമെന്നായിരുന്നു ആഗ്രഹം. എന്നാൽ വിധി ഇതിന് അനുവദിച്ചില്ല. നാട്ടിലേക്ക് വന്ന് പെട്ടെന്ന് മടങ്ങേണ്ടതു കൊണ്ടാണ് ആദ്യം ലഭിച്ച വിമാനത്തിന് ടിക്കറ്റ് എടുത്തത്. അങ്ങനെയാണ് രഞ്ജിത ചെന്നൈ വഴി അഹമ്മദാബാദിൽ എത്തി വിമാനത്തിൽ കയറുന്നത്.

നാട്ടിലെത്തി അത്യാവശ്യം പൂർത്തിയാക്കേണ്ട കാര്യങ്ങൾ നിറവേറ്റി വളരെ അധികം മോഹങ്ങളോടെ സന്തോഷമായി യാത്ര പുറപ്പെട്ടതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. പക്ഷെ ഒരുപാട് പ്രതീക്ഷകളോടെ സ്വപ്നങ്ങളുമായി ആരംഭിച്ച യാത്രയാണ് അന്ത്യയാത്രയായി മാറിയത്. പറന്നുയർന്ന വിമാനം തീ ഗോളങ്ങളായി തകർന്നു വീണതോടെ ഒരുപാട് പ്രതീക്ഷകളാണ് അസ്തമിക്കുന്നത്. ഇതിന്റെ ദുഖത്തിലാണ് കുടുംബങ്ങളും ബന്ധുക്കളും. ജീവിതത്തിൽ പലപ്പോഴായി പലവിധ വിഷമസന്ധികൾ ധൈര്യപൂർവം നേരിട്ടാണ് രഞ്ജിത ജീവിതം നയിച്ചത്. സർക്കാർ നേഴ്‌സ് ആയിരുന്നെങ്കിലും നിലവിലെ ബുദ്ധിമുട്ടുകൾ മാറ്റാനും കുട്ടികൾക്ക് നല്ലൊരു ജീവിതം നൽകാനും അത് പോരെന്ന തിരിച്ചറിവിലാണ് വിദേശത്തേക്ക് പോകാൻതീരുമാനം എടുത്തത്.

ഇതേ തുടർന്നാണ് ആദ്യം ഗൾഫിൽ സലാലയിൽ ജോലിക്ക് പോയത്. ഇതിനായി സർവീസിൽ നിന്നും അവധി എടുക്കുക ആയിരുന്നു. കൂടുതൽ മെച്ചപ്പെട്ട ജോലി യു.കെയിൽ ലഭിച്ചതോടെ പിന്നീട് അവിടേക്ക് പോയി. എങ്കിലും പ്രായമേറിയ അമ്മയും വിദ്യാർഥികളായ മക്കളും ആയിരുന്നു മനസിൽ. ഇതോടെയാണ് അവിടെ നിന്നും തിരികെ നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് നാല് ദിവസങ്ങൾക്ക് മുൻപ് നാട്ടിലെത്തി അവധി റദ്ദാക്കി ജോലിയിൽ തിരിച്ച് കയറുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. തുടർന്ന് യു.കെ.യിൽ നിന്നും വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങാനായി മടങ്ങിപ്പോകുമ്പോഴാണ് ദുരന്തത്തിൽ ജീവൻ നഷ്ടമാകുന്നത്. ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഇതിക, പത്താം ക്ലാസ് വിദ്യാർത്ഥി ഇന്ദുചൂഡൻ എന്നിവരാണ് മക്കൾ. പിതാവ് ഗോപകുമാരൻ നായർ നേരത്തേ മരിച്ചു. മാതാവ് തുളസിക്കുട്ടിയമ്മയും രഞ്ജിതയുടെ രണ്ട് മക്കളുമാണ് ഇപ്പോൾ ഇവിടെ ഉള്ളത്. രണ്ട് സഹോദരന്മാരും രഞ്ജിതയ്ക്കുണ്ട്.

വീടെന്ന സ്വപ്നം പൂവണിയുന്നു..പക്ഷേ..

രഞ്ജിത ഏറെക്കാലമായി ആഗ്രഹിച്ചതായിരുന്നു തന്റെ നാട്ടിൽ സ്വന്തമായൊരു വീട്. സ്വന്തം കഴിവിലും അധ്വാനത്തിലും അത് പൂർത്തിയാകുമ്പോൾ പക്ഷെ ഗൃഹനാഥ ഓർമ്മയാകുന്നു. അഹമ്മദാബാദിൽ തകർന്നു വീണ വിമാനത്തിനൊപ്പം ആ മോഹങ്ങളും എരിഞ്ഞു തീർന്നു. രഞ്ജിത നാട്ടിലെത്തിയപ്പോൾ വീടിന്റെ പണികൾ നടക്കുകയായിരുന്നു. ഇതിൽ സംതൃപ്തി രേഖപ്പെടുത്തിയ ശേഷം ആണ് മടങ്ങിയതെന്ന് കരാറുകാരൻ പറയുന്നു. വീട് പൂർണമായും പൂർത്തിയാകുന്നില്ലെങ്കിലും അടുക്കളയും ഒരു കിടപ്പ് മുറിയും ബാത്ത് റൂമും ശരിയാക്കി ഇവിടേക്ക് മാറുന്നതിനും തീരുമാനിച്ചിരുന്നു. ഇതിനായി 28 ന് സമയവും കുറിച്ചിരുന്നു. സംഭവമറിഞ്ഞ ബന്ധുക്കളും നാട്ടുകാരും എത്തുന്നത് ഇവർക്കായി നിർമ്മിക്കുന്ന പുതിയ വീടിന്റെ മുറ്റത്തേക്കാണ്. കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമലയുടെ നേതൃത്വത്തിൽ ബന്ധുക്കളും നാട്ടുകാരും അമ്മ തുളസിയെയും മക്കളെയും ആശ്വസിപ്പിക്കാൻ പാടുപെടുകയാണ്.

കുട്ടികൾ പഠിക്കുന്ന സ്‌കൂളുകളിലെ അദ്ധ്യാപകരും സഹപാഠികളും വീട്ടിലേക്ക് ഒഴുകി എത്തുകയാണ്. നാട്ടിലും സമൂഹത്തിലും എല്ലാ കാര്യങ്ങളിലും സജീവമായ ആൾ കൂടിയാണ് അമ്മ തുളസി. അതിനാൽ തന്നെ നാട്ടുകാർ കൂടുതൽ ദുഃഖിതരാണ്. സുരേഷ്‌ഗോപി അടക്കമുള്ള നിരവധി നേതാക്കളും വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *