സർക്കാർ ലക്ഷ്യം ക്ഷീരകർഷകരുടെ ഉന്നമനം: മന്ത്രി ജെ ചിഞ്ചുറാണി

Kerala Pathanamthitta
Print Friendly, PDF & Email

ഇലവുംതിട്ട – ക്ഷീരകർഷകരെ അനുഭാവപൂർവം പരിഗണിച്ച സർക്കാരാണ് ഭരിക്കുന്നതെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. മെഴുവേലി ഗ്രാമപഞ്ചായത്തിൽ നിർമിച്ച മൃഗാശുപത്രി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ക്ഷീരമേഖലയിൽ നിരവധി ക്ഷേമപദ്ധതി നടപ്പാക്കി. നിരവധി പ്രതിസന്ധി അതിജീവിച്ച് പാലുൽപ്പാദനത്തിൽ സ്വയം പര്യാപ്തതയിൽ എത്താനുള്ള ശ്രമത്തിലാണ്. ക്ഷീരകർഷകർക്ക് പാലിന് ഏറ്റവും കൂടുതൽ വില നൽകുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. രാജ്യത്ത് പാൽ ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനത്താണ്. വളർത്തുന്ന 95 ശതമാനം പശുക്കളും സങ്കര ഇനങ്ങളാണ്. ക്ഷീരക്ഷേമ നിധി ബോർഡിന്റെ പ്രവർത്തനം പ്രശംസനീയം. ക്ഷീരകർഷകരുടെ കുട്ടികൾക്ക് സ്‌കോളർഷിപ്പടക്കം നൽകുന്നു. ചികത്സാ ചെലവിന് രണ്ടു ലക്ഷം രൂപ വരെയുള്ള ഇൻഷുറൻസ് പദ്ധതിയുണ്ട്. പഞ്ചായത്ത് കേന്ദ്രീകരിച്ച് ‘ക്ഷീരഗ്രാമം’ പദ്ധതി നടപ്പാക്കി. പഞ്ചായത്ത് എത്ര തുക മാറ്റിവയ്ക്കുന്നുവോ അത്രയും ക്ഷീരവികസന വകുപ്പും നൽകുന്നു. കന്നുകുട്ടി വളർത്തൽ പദ്ധതിക്കും സഹായമുണ്ട്. 46 കോടി രൂപ ഇതുമായി ബന്ധപ്പെട്ട് ചെലവഴിച്ചു. അസുഖം മൂലം കിടപ്പിലായ കന്നുകാലികളെ ഉയർത്തുന്നതിനുള്ള ‘കൗ ലിഫ്റ്റ്’ ഉപകരണം ജില്ലകളിലുണ്ട്.

വീട്ടുമുറ്റത്ത് സേവനം നൽകാൻ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും വെറ്ററിനറി ആംബുലൻസുകൾ ഉറപ്പാക്കും. 1962 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെട്ടാൽ ഡോക്ടർ ഉൾപ്പെടെ ആംബുലൻസ് വീട്ടിലെത്തും. ഡ്രൈവർ കം അറ്റൻഡറും മരുന്നും മൊബൈൽ യൂണിറ്റിലുണ്ടാകും. കന്നുകാലികൾക്കെല്ലാം സമഗ്ര ഇൻഷുറൻസ് പദ്ധതി ഉറപ്പാക്കാനാണ് സർക്കാർ ശ്രമമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ജനകീയ കൂട്ടായ്മയുടെ വിജയമാണ് മെഴുവേലി മൃഗാശുപത്രിയെന്ന് അധ്യക്ഷ പ്രസംഗത്തിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. 50 വർഷമായി വാടകക്കെട്ടിടത്തിലായിരുന്നു വെറ്ററിനറി ഡിസ്‌പെൻസറിയുടെ പ്രവർത്തനം. 13-ാം വാർഡ് ഉള്ളന്നൂരിൽ 10 സെന്റ് സ്ഥലത്താണ് പുതിയ മൃഗാശുപത്രി. മൃഗസംരക്ഷണ വകുപ്പ് 66 ലക്ഷം രൂപ മുടക്കിയാണ് കെട്ടിടം നിർമിച്ചത്. മ്യഗങ്ങളെ പരിശോധിക്കാനുള്ള പ്രത്യേക സ്ഥലം ഉൾപ്പെടെ സൗകര്യങ്ങളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *