അടൂർ: കഞ്ചാവ് ചെറുപൊതികളാക്കി വില്പന നടത്തി വരികയായിരുന്ന രണ്ട് യുവാക്കളെ ലോക്കൽ പോലീസും ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തു. മെഴുവലി വട്ടക്കാലായിൽ വീട്ടിൽ വിഷ്ണു (34), വെണ്മണി പുന്തല തട്ടുപുരക്കൽ സൂരജ് ടി. സുരേഷ് (26) എന്നിവരാണ് അറസ്റ്റിലായത്. 26 ന് രാത്രി 9.15 ഓടെ മിത്രപുരത്തു നിന്നുമാണ് യുവാക്കൾ പിടിയിലായത്. 48 ഗ്രാം കഞ്ചാവ് ഇവരിൽ നിന്നും പിടിച്ചെടുത്തു. മോട്ടോർ സൈക്കിളിന്റെ ടാങ്ക് കവറിന്റെ മുകളിലത്തെ അറയിൽ സിപ് ലോക്ക് കവറിൽ സൂക്ഷിച്ചനിലയിലായിരുന്നു കഞ്ചാവ്. പോലീസ് ഇൻസ്‌പെക്ടർ ശ്യാം മുരളിയുടെ നേതൃത്വത്തിൽ തുടർനടപടികൾ സ്വീകരിച്ചു. എസ്.ഐ അനൂപ് ചന്ദ്രനാണ് കേസെടുത്തത്.
പ്രതികൾ കഞ്ചാവ് വാങ്ങാൻ പോയതായി രഹസ്യവിവരം ഡാൻസാഫ് സംഘത്തിന് ലഭിച്ചിരുന്നു. 50 ഗ്രാം വാങ്ങി കൊണ്ടുവന്ന് ചെറു പൊതികളാക്കി ആവശ്യക്കാർക്ക് വിൽക്കുകയാണ് ചെയ്യുന്നതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. ജില്ലയിൽ പോലീസ് പരിശോധന ശക്തമാക്കിയപ്പോൾ കഞ്ചാവിന്റെ ലഭ്യത കുറഞ്ഞതിനാലാണ് ഇത്തരത്തിൽ ചെറിയ പൊതികളിലാക്കി വില്പന നടത്തുന്നതെന്നും പ്രതികൾ പോലീസിനോട് സമ്മതിച്ചു.


