പത്തനംതിട്ടയിലെ മലയോര മേഖലയില്‍ രാത്രി യാത്രയ്ക്ക് നിരോധനം

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം,മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ എന്നിവയിലുള്ള ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിന് പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴു മുതല്‍ രാവിലെ ആറുവരെയും, തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്/കുട്ട വഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയും മേയ് 28 വരെ നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ എസ്. പ്രേം കൃഷ്ണന്‍ ഉത്തരവായി. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് നിരോധനം ബാധകമല്ല.

*ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചു
ജില്ലയില്‍ ശക്തമായ മഴയുടെ സാഹചര്യത്തില്‍മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിന് മെയ് 25 മുതല്‍ 28 വരെ ജില്ലയിലെ എല്ലാ ക്വാറികളുടേയും പ്രവര്‍ത്തനവും മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ എസ് പ്രേം കൃഷ്ണന്‍ ഉത്തരവായി. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കര്‍ശന നടപടി സ്വീകരിക്കും. ഇത്തരത്തിലുള്ള ലംഘം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് അതത് താലൂക്കുകളിലെ കണ്‍ട്രോള്‍ റൂമില്‍ പരാതിപ്പെടാം.

*ഉദ്യോഗസ്ഥര്‍ ഹാജരാകണം
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ സുഗമമായ നിര്‍വഹണത്തിനായി എല്ലാ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരും മെയ് 25 മുതല്‍ 30 വരെ  ഓഫീസില്‍ ഹാജരാകണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ എസ് പ്രേം കൃഷ്ണന്‍ ഉത്തരവായി. തങ്ങളുടെ പരിധിയിലുള്ള എല്ലാ വകുപ്പുകള്‍, പ്രാദേശിക അതോറിറ്റികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലെ  മുഴുവന്‍ ജീവനക്കാരും ഓഫീസുകളില്‍ കൃത്യമായി ഹാജരാകാന്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കണം. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നപക്ഷം ഇവരുടെ സേവനം ലഭ്യമാക്കണം. ഗര്‍ഭിണികള്‍, അംഗപരിമിതര്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങളാല്‍ നിലവില്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നവര്‍ എന്നിവര്‍ക്ക്  ഉത്തരവ് ബാധകമല്ല.

*മണ്ണിടിച്ചില്‍ സാധ്യത :  പ്രദേശവാസികളെ സുരക്ഷിതയിടങ്ങളിലേയ്ക്ക് മാറ്റണം
ഓറഞ്ച് ബുക്ക് 2021 ല്‍ വള്‍നറബിള്‍ ഗ്രൂപ്പ് എന്നടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തിയ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ദുരിതാശ്വാസ കാമ്പുകളിലേയ്ക്ക് മാറ്റുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ എസ് പ്രേം കൃഷ്ണന്‍ ഉത്തരവ് നല്‍കി. പ്രാദേശികമായി വള്‍നറബിള്‍ ഗ്രൂപ്പ് എന്ന് വിലയിരുത്തിയിട്ടുള്ള പ്രദേശങ്ങളില്‍ പാര്‍ക്കുന്നവരെയും ക്യാമ്പുകളിലേയ്ക്ക് മാറ്റുന്നതിന് ഉത്തരവുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *