എരുമേലി – ട്രെയിനിൽ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ കാണാതായ വെച്ചൂച്ചിറ സ്വദേശി യുവാവ് ട്രെയിനിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് അപകടത്തിൽ പെട്ട് മരിച്ചതാണെന്ന് വ്യക്തമായി. യുവാവിന്റെ മൃതദേഹം കോഴിക്കോട് കുറ്റിപ്പുറം ഭാഗത്ത് റെയിൽവേ ട്രാക്കിന് അടുത്തുള്ള പൊന്തക്കാടിൽ നിന്ന് ഇന്ന് രാവിലെ പത്ത് മണിയോടെ നടത്തിയ തിരച്ചിലിൽ കണ്ടെത്തി..
വെച്ചൂച്ചിറ കുമ്പിത്തോട് വേഴക്കാട്ട് വിശ്വനാഥൻറെ മകൻ വിനീത് (32) ന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ശേഷം നാട്ടിലെത്തിക്കും. ഇക്കഴിഞ്ഞ ഏഴിന് പുലർച്ചെ മൂന്നരയ്ക്ക് ശേഷം കോഴിക്കോടിനും കുറ്റിപ്പുറത്തിനും ഇടയിൽ വെച്ചാണ് വിനീതിനെ കാണാതായത്. മംഗലാപുരത്ത് അലൂമിനിയം ഫാബ്രിക്കേഷൻ ജോലി കഴിഞ്ഞു വിനീത് ഉൾപ്പടെ അഞ്ച് പേർ നാട്ടിലേക്കു ട്രെയിനിൽ വരുമ്പോഴാണ് വിനീതിനെ കാണാതായത്. ട്രെയിൻ കോഴിക്കോട് സ്റ്റേഷൻ വിട്ടതിന് പിന്നാലെ ശുചിമുറിയിൽ പോകുന്നതിനായി വിനീത് കംമ്പാർട്ടുമെൻറിൽ നിന്നും പോയതാണെന്നും പിന്നെ തിരികെ വന്നില്ലന്നുമാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ അറിയിച്ചത്. അഞ്ച് മിനിറ്റ് കഴിഞ്ഞ് സുഹൃത്തുക്കൾ ശുചിമുറിയിൽ വിനീതിനെ തിരക്കി ചെന്നെങ്കിലും കണ്ടെത്താനായില്ല. ഈ സമയം ട്രെയിനിൽ പിന്നിലെ കമ്പാർട്ടുമെൻറിൽ ഇരുന്നയാൾ ഒരാൾ വാതിലിലൂടെ പുറത്തേക്കു വീണതായി കണ്ടെന്ന് സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് സുഹൃത്തുക്കൾ കുറ്റിപ്പുറം സ്റ്റേഷനിൽ ഇറങ്ങി നാട്ടുകാരുടെ സംഘവുമായി പരിശോധന നടത്തിയെങ്കിലും വിനീതിനെ കണ്ടെത്താനായിരുന്നില്ല. തുടർന്ന് ബന്ധുക്കൾ വെച്ചൂച്ചിറ പൊലീസിൽ നൽകിയ പരാതിയിൽ റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്.


