കക്കൂസ് മാലിന്യവുമായി വന്ന ലോറി, പോലീസ് ജീപ്പ് കണ്ട് വിട്ടുപോയി : പിന്നാലെ ലോറിയെ ചേസ് ചെയ്ത് പിടികൂടി ഏനാത്ത് പോലീസും ബീറ്റാ സംഘവും

Crime

അടൂര്‍: മുന്നിലൂടെ അതിവേഗം പോകുന്ന ഒരു കാര്‍, പിന്നാലെ സാമാന്യം വേഗതയില്‍ ഒരു ടാങ്കര്‍ ലോറിയും. സംശയം തോന്നിയ പോലീസ് നൈറ്റ് പെട്രോളിങ് സംഘം പിന്നാലെ വച്ചു പിടിച്ചു. ലോറിക്ക് വേഗമേറി, പിന്നാലെ പോലീസും പാഞ്ഞു. മൂന്നു കിലോമീറ്റര്‍ ചെല്ലുമ്പോള്‍ സിനിമ സ്‌റ്റൈലില്‍ മറ്റൊരു പോലീസ് വാഹനം പാഞ്ഞു വന്ന് ലോറിക്ക് കുറുകെയിട്ട് നിര്‍ത്തി. പരിശോധിക്കുമ്പോള്‍ ലോറിക്കുള്ളില്‍ കക്കൂസ് മാലിന്യം. തള്ളാന്‍ പറ്റിയ സ്ഥലം നോക്കി നടന്ന ലോറിക്കാരാണ് പോലീസിന് മുന്നില്‍പ്പെട്ടത്.

കക്കൂസ് മാലിന്യം നിക്ഷേപിക്കാന്‍ വന്ന ടാങ്കര്‍ ലോറി ഏനാത്ത് പോലീസാണ് സാഹസികമായി പിന്തുടര്‍ന്ന് പിടികൂടിയത്. മണ്ണടി ദളവ ജങ്ഷന്‍ ഭാഗത്ത് വച്ച് ബുധനാഴ്ച പുലര്‍ച്ചെ 2.15 നാണ് പോലീസ് നൈറ്റ് പട്രോളിങ് സംഘം ടാങ്കര്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടത്. ഇതിന് മുന്നില്‍ ഒരു കാര്‍ കടന്നു പോയിരുന്നു. പിന്നാലെ അതിവേഗത്തില്‍ ടാങ്കര്‍ കടന്നു പോയപ്പോള്‍ സംശയം തോന്നിയ പോലീസ് പിന്തുടരുകയായിരുന്നു. പോലീസിനെ കണ്ട് അമിതവേഗതയില്‍ പാഞ്ഞ ടാങ്കര്‍ സാഹസികമായി പിന്തുടര്‍ന്നാണ് പിടികൂടിയത്. മൂന്നര കിലോമീറ്ററോളം പിന്തുടര്‍ന്ന ശേഷം മിസ്പ ജങ്ഷനില്‍ വച്ചു വാഹനം പോലീസ് പിടികൂടി.

ഇതിനിടെ പട്രോളിങ് സംഘം പത്തനംതിട്ട പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് റോഡ് അപകടങ്ങള്‍ കുറക്കാനുള്ള പട്രോളിങ് സംഘ(ബീറ്റ)ത്തിന്റെ സഹായം തേടി. എ.എസ്.ഐ സാജന്‍ ഫിലിപ്പ്, സി.പി.ഓ അനീഷ് എന്നിവരായിരുന്നു പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്. ബീറ്റ പട്രോളിങ് സംഘത്തിന്റെ വാഹനം മിസ്പ ജങ്ഷനിലെത്തി ടാങ്കറിനു കുറുകെ ഇട്ട് തടഞ്ഞു പിടികൂടി. തുടര്‍ന്ന് ടാങ്കര്‍ പോലിസ് സ്‌റ്റേഷനിലെത്തിച്ചു. വാഹനത്തിലുണ്ടായിരുന്ന പന്നിവിഴ സ്വദേശി ശ്രീജിത്തിനെ (27 ) കസ്റ്റഡിയിലെടുത്തു. ഡ്രൈവറും മറ്റൊരാളും ഓടിരക്ഷപ്പെട്ടു. പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ തുടര്‍നടപടി സ്വീകരിച്ചു. ബീറ്റ പോലീസ് സംഘത്തില്‍ എസ്.ഐ ഷാ, സി.പി.ഓ രാജേഷ് എന്നിവരാണ് ഉണ്ടായിരുന്നത്. മണ്ണടി മുടിപ്പുര റോഡരികിലെ നീര്‍ച്ചാലിലും കൃഷിയിടത്തിലും കക്കൂസ് മാലിന്യം തള്ളിയതിനു രണ്ട് വാഹനങ്ങള്‍ കഴിഞ്ഞയിടെ പോലീസ് പിടികൂടിയിരുന്നു. ശുചിമുറി മാലിന്യം കൊണ്ടുവന്ന ടാങ്കര്‍ ലോറിയും അകമ്പടി വന്ന ജീപ്പുമായിരുന്നു അന്ന് പിടിച്ചെടുത്തത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും മറ്റുമാണ് പോലീസ് അന്ന് വാഹനങ്ങള്‍ പിടികൂടിയത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *