ഷവർമ്മ പോലുള്ള ചിക്കൻ വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾക്കൊപ്പം കിട്ടുന്ന അപകടകാരിയായ മയോണൈസ് കേരളമടക്കം പല സംസ്ഥാനങ്ങളിലും നിരോധിച്ചതാണെന്ന് എത്രപേർക്കറിയാം ?

Food
Print Friendly, PDF & Email

ഇന്ന് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയ ഭക്ഷണമായി മന്തി മാറിയിട്ടുണ്ട്. ഈ മാന്തി, അൽ ഫാം, ഷവായ് തുടങ്ങിയ ചിക്കൻ വിഭവങ്ങളുടെ ഒപ്പം കിട്ടുന്ന മയോണൈസ് ചേർത്തുള്ള കോംബിനേഷനും പലർക്കും ഇഷ്ടമാണ്. ഉയർന്ന കാലറിയുള്ള ഇവ ആരോഗ്യത്തിന് ദോഷമാണെന്ന് ആരോഗ്യവിദഗ്ദ്ധർ ഉൾപ്പെടെ പറയുന്നുണ്ടെങ്കിലും ഇവ കഴിക്കാതിരിക്കാൻ പലർക്കുമാകാറില്ല. മലയാളിക്ക് പ്രത്യേകിച്ചും.

അടുത്തിടെയാണ് മുട്ട ഉപയോഗിച്ചുള്ള മയോണൈസ് തമിഴ്‌നാട് സർക്കാർ നിരോധിച്ചത്. തെരുവിൽ വിൽക്കുന്ന ഭക്ഷണങ്ങളോടൊപ്പം മുട്ട ഉപയോഗിച്ച് ഉണ്ടാക്കുന്ന മയോണൈസ് കഴിച്ച് നിരവധി ജനങ്ങൾക്ക് നിരന്തരം രോഗങ്ങൾ ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നിരോധനം ഏർപ്പെടുത്തിയത്. ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്തുന്നതിനായാണ് ഈ കർശന നടപടിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, മുട്ട ഉപയോഗിച്ചുള്ള മയോണൈസിന് എന്താണ് കുഴപ്പം ? അത് എങ്ങനെ ആരോഗ്യത്തിന് അപകടമാകും ?

മയോണൈസ് ചേരുവകൾ എന്തൊക്കെയാണെന്ന് ആദ്യമറിയണം.
എണ്ണ, മുട്ട, നാരങ്ങാ നീര്, വെളുത്തുള്ളി അല്ലെങ്കിൽ വിനാഗിരി എന്നീ മൂന്ന് ചേരുവകൾ ഉപയോഗിച്ചാണ് മയോണൈസ് ഉണ്ടാക്കുന്നത്. മിക്‌സിയുടെ ജാറിൽ ഈ ചേരുവകളെല്ലാം ചേർത്ത് അടിച്ചെടുക്കും. ഇതിലേക്ക് വലിയ അളവിലാണ് എണ്ണ ചേർത്തുകൊടുക്കേണ്ടത്. അതിനാൽ, രുചിയേറുമെങ്കിലും ഇവ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല.

പണ്ടെന്നോ ഫ്രാൻസിലോ സ്‌പെയിനിലോ ആണ് മയോണൈസ് ആദ്യമായി കണ്ടെത്തിയതെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയിൽ സാൻഡ്‌വിച്ചുകൾ, സലാഡുകൾ, മോമോസ്, ചിക്കൻ വിഭവങ്ങൾ, ഷവർമ എന്നിവയിലെല്ലാം ഇത് സാധാരണയായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ഇവ അധികനേരം ഉപയോഗിക്കാൻ പാടില്ല. തയ്യാറാക്കി ചുരുങ്ങിയ സമയത്തിനുള്ളിൽ കഴിച്ചില്ലെങ്കിൽ ഇതിൽ ദോഷകരമായ ബാക്‌ടീരിയകൾ പെരുകും. ഇത് കഴിച്ചാൽ മരണം പോലും സംഭവിച്ചേക്കാമെന്നാണ് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത്.

അപകടകാരിയാണ് ഇതിൽ ചേരുന്ന മുട്ട
പ്രോട്ടീനിന്റെ നല്ലൊരു സ്രോതസായതിനാൽ മുട്ട ദിവസവും കഴിക്കുന്നവർ ഏറെയാണ്. ഇവ ചൂടാക്കി കഴിക്കുന്നത് അപകടമുണ്ടാക്കുന്നില്ല. എന്നാൽ, പച്ചമുട്ടയിൽ ധാരാളം രോഗകാരികൾ ഉണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്. മയോണൈസ് കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് കേരളത്തിൽ തന്നെ നിരവധി പേർ മരിച്ചിട്ടുണ്ട്.

പാസ്ചറൈസ് ചെയ്‌ത മുട്ടകൾ ഉപയോഗിച്ച് മയോണൈസ് തയ്യാറാക്കുന്നതിൽ തെറ്റില്ല. പാസ്ചറൈസ് ചെയ്യാത്ത മുട്ടകൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന മയോണൈസിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ബാക്‌ടീരിയകൾ വളരുന്നു. പ്രത്യേകിച്ച് സാൽമൊണെല്ല, ഇ കോളി തുടങ്ങിയവ. സാൽമൊണെല്ല ബാക്‌ടീരിയയാണ് ഭക്ഷ്യജന്യ രോഗങ്ങൾക്കുള്ള പ്രധാന കാരണം. യുഎസിലെ സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ (സിഡിസി) പറയുന്നതനുസരിച്ച്, ലോകമെമ്പാടും ഭക്ഷ്യജന്യ രോഗങ്ങൾ കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന്റെയും മരിക്കുന്നതിന്റെയും പ്രധാന കാരണം സാൽമൊണെല്ല ബാക്‌ടീരിയയാണ്.

വയറിളക്കം, ഛർദ്ദി, വയറുവേദന എന്നീ ലക്ഷണങ്ങളാണ് രോഗം ബാധിച്ചവരിലുണ്ടാകുക. അതേസമയം, ഇ. കോളി മലിനമായ ഭക്ഷണത്തിലൂടെയാണ് ശരീരത്തിൽ പ്രവേശിക്കുന്നത്. കുടൽ, മൂത്രാശയം ഉൾപ്പെടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും അണുബാധ ഉണ്ടാകാൻ ഇത് കാരണമാകുന്നു.

മയോണൈസിനു പല സംസ്ഥാനങ്ങളിലും നിരോധനം ഉണ്ട്.
2006ലെ ഭക്ഷ്യസുരക്ഷാ നിലവാര നിയമത്തിലെ സെക്ഷൻ 30 പ്രകാരമാണ് മയോണൈസ് നിരോധനം തമിഴ്‌നാട്ടിൽ നടപ്പിലാക്കിയിരിക്കുന്നത്. മയോണൈസ് ഉൾപ്പെടുത്തിയുള്ള ഭക്ഷണങ്ങൾ വാങ്ങുമ്പോൾ ഗുണനിലവാരം ഉറപ്പുവരുത്തിയ ശേഷം മാത്രം കഴിക്കാനും തമിഴ്‌നാട് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

മയോണൈസ് നിരോധിക്കുന്ന ആദ്യത്തെ സംസ്ഥാനമല്ല തമിഴ്‌നാട്. 2024 നവംബറിൽ ഹൈദരാബാദിൽ ഉണ്ടായ ഒരു ദാരുണമായ സംഭവത്തെത്തുടർന്ന് തെലങ്കാനയിൽ ഒരു വർഷത്തെ മയോണൈസ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മയോണൈസ് ചേർത്ത മോമോസ് കഴിച്ചതിനെ തുടർന്ന് 31 വയസുള്ള ഒരു സ്ത്രീ മരിക്കുകയും 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിനെത്തുടർന്നാണ് നടപടി.

അസംസ്കൃത മുട്ട ഉപയോഗിച്ചുള്ള മയോണൈസ് നിരോധിച്ച രാജ്യത്തെ ആദ്യ സംസ്ഥാനം കേരളമാണ്. 2023ൽ അൽ ഫാമിനൊപ്പം മയോണൈസ് കഴിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഒരു നഴ്‌സ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെയായിരുന്നു നടപടി. പത്തനംതിട്ട ജില്ലയിൽ മയോണൈസ് ചേർത്ത ഷവർമ കഴിച്ചതിനെത്തുടർന്ന് നിരവധി സ്‌കൂൾ കുട്ടികൾ ആശുപത്രിയിലായിട്ടുണ്ട്.

അപ്പോൾ ശ്രദ്ധിക്കുക . മയോണൈസിനെ മലയാളികൾ ഭക്ഷണത്തിൽ നിന്നൊഴിവാക്കുന്നത് നല്ലത് .!!

Leave a Reply

Your email address will not be published. Required fields are marked *