14 കിലോ കഞ്ചാവുമായി ഒഡീഷക്കാരൻ എത്തിയത് പ്രാദേശിക രാഷ്ട്രീയ നേതാവിന് കൊടുക്കാൻ ; തിരുവല്ലയിൽ മാധ്യമങ്ങൾക്ക് മുന്നിൽ പോലീസിന്റെ ഒളിച്ചുകളി !!

Crime
Print Friendly, PDF & Email

14 കിലോ കഞ്ചാവുമായി ഒഡീഷക്കാരൻ എത്തിയത് പ്രാദേശിക രാഷ്ട്രീയ നേതാവിന് കൊടുക്കാൻ ; തിരുവല്ലയിൽ മാധ്യമങ്ങൾക്ക് മുന്നിൽ പോലീസിന്റെ ഒളിച്ചുകളി !!

തിരുവല്ല – ഇന്ന് 14 കിലോ കഞ്ചാവുമായി ഒഡീഷക്കാരൻ പോലീസ് പിടിയിലായി. പ്രതിയെ മാധ്യമങ്ങൾക്ക് മുന്നിലെത്തിക്കാതെ പോലീസിന്റെ ഒളിച്ചു കളി നടത്തി. ഭരണപ്പാർട്ടിയുടെ പ്രാദേശിക നേതാവിന് കൊണ്ടു വന്നതാണ് ഈ സ്റ്റഫെന്ന് പ്രതി മൊഴി നൽകിയെങ്കിലും അത് രേഖപ്പെടുത്തിയില്ലെന്നും ആരോപണം ഉയർന്നു. പക്ഷേ, ആരാണ് പിന്നിലെന്ന് അറിയാമെന്ന് പോലീസിന്റെ വെളിപ്പെടുത്തൽ പിന്നീട്.

ഡാൻസാഫ് ടീമും ലോക്കൽ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഒഡിഷ സാംബൽപൂർ ഗജപ്തി ജാലറസിങ്ങിന്റെ മകൻ അജിത് ചിഞ്ചണി (27) അറസ്റ്റിലായത്. ഡാൻസാഫ് ടീമിന്റെ നിരന്തര നിരീക്ഷണത്തിനൊടുവിലാണ് ഇയാൾ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപത്തു നിന്ന ഇന്ന് ബുധനാലാഴ്ച പുലർച്ചെ പിടിയിലായത്. മാസ്‌കിങ് ടേപ്പ് ചുറ്റിയ നിലയിൽ ഏഴു പൊതികൾ രണ്ട് ബാഗുകളിലായാണ് സൂക്ഷിച്ചിരുന്നത്.
കറൻസി നോട്ടുകളും എ.ടി.എം കാർഡുകളും മൊബൈൽ ഫോണും കണ്ടെടുത്തു. പോലീസ് തുടർനടപടികൾ കൈകൊണ്ടു. ദിവസങ്ങളായി യുവാവ് ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു. വിൽപ്പനക്കായി കൊണ്ടുവന്നതാണെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കഞ്ചാവിന്റെ ഉറവിടം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ എസ്. സന്തോഷിന്റെ നേതൃത്വത്തിൽ എസ്.ഐ ജി. ഉണ്ണികൃഷ്ണൻ, ഗ്രേഡ് എസ്.ഐ. സനിൽ, പ്രബേഷൻ എസ്.ഐ ജയ്‌മോൻ, എ.എസ്.ഐ. സി വിനീത്, എസ്.സി.പി.ഒമാരായ സുശീൽ കുമാർ, ഷാനവാസ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

സ്ഥിരം കഞ്ചാവ് വാഹകനാണ് പ്രതിയെന്നും, രണ്ടാഴ്ച്ചക്ക് മുമ്പും ഇയാൾ ഒഡിഷയിൽ നിന്നും ഇവിടെയെത്തി ടൂറിസ്റ്റ് ഹോമിൽ താമസിക്കുകയും, പ്രാദേശിക കച്ചവടക്കാരുമായി ബന്ധപ്പെട്ട് ഇടപാട് നടത്തുകയും ചെയ്തതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ വിതരണം ചെയ്യുന്നതിന് എത്തിച്ചതാണ് കഞ്ചാവ് എന്നാണ് പ്രതിയുടെ മൊഴി. ഒഡിഷയിൽ നിന്നും ട്രെയിനിൽ ചെങ്ങന്നൂരെത്തിയ ശേഷം ബസിൽ തിരുവല്ലയിൽ വന്ന് ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചു കൊണ്ട് ചെറുകിട കച്ചവടക്കാർക്ക് വിൽക്കുകയാണ് പതിവ്. ഇത്തവണയും ഇങ്ങനെ ഉദ്ദേശിച്ചാണ് വന്നത്. എന്നാൽ വിവരം രഹസ്യമായി മനസ്സിലാക്കിയ പോലീസ് സംഘം ഇയാൾക്കു വേണ്ടി വല വിരിച്ച് കാത്തുനിന്നു. ടൗണിലെ ലോഡ്ജിൽ മുറിയെടുത്ത് തങ്ങി കച്ചവടം ഉറപ്പാക്കാൻ തീരുമാനിച്ച് എത്തിയ ഇയാൾ പക്ഷെ, ഡാൻസാഫ് സംഘവും ലോക്കൽ പോലീസും ചേർന്നൊരുക്കിയ വലയിൽ വീഴുകയായിരുന്നു. വിൽപ്പനയ്ക്ക് എത്തിച്ച കഞ്ചാവിനുവേണ്ടി പണം മുടക്കിയവരെപ്പറ്റിയുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ നിന്നൊളിപ്പിക്കാൻ പോലീസ് നെട്ടോട്ടമോടി. കഞ്ചാവ് എത്തിച്ചത് പ്രാദേശിക രാഷട്രീയ നേതാവിന് വേണ്ടിയാണെന്ന് പ്രതി മൊഴി നൽകിയെന്നും സൂചന. ഇതാണ് പോലീസിന്റെ ഒളിച്ചോട്ടത്തിന് കാരണമെന്നും പറയുന്നു. സമീപകാലത്ത് ജില്ലയിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് ഇവിടെ കഴിഞ്ഞ ദിവസം രാത്രി നടന്നത്. വിവരം അറിഞ്ഞ് ഇന്നലെ രാവിലെ തന്നെ മാധ്യമ പ്രവർത്തകർ സ്‌റ്റേഷനിൽ എത്തി. എന്നാൽ, പ്രതിയുടെ വിവരങ്ങളും ദൃശ്യങ്ങളും മറച്ചു പിടിക്കാനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോൾ രാവിലെ 10 മണിയോടെ സ്‌റ്റേഷനിൽ എത്താനാണ് നിർദേശിച്ചത്. ഇതനുസരിച്ച് എത്തിയ മാധ്യമ പ്രവർത്തകരോട് 11 മണിക്ക് ശേഷം ദൃശ്യങ്ങൾ നൽകാമെന്ന് അറിയിച്ചു. ഈ സമയത്ത് ചെന്നെങ്കിലും കിട്ടിയില്ല.

ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ എസ്.എച്ച്.ഓയെയും എസ്.ഐയെയും മാധ്യമ പ്രവർത്തകർ ബന്ധപ്പെട്ടു. ഉടൻ എത്തി ദൃശ്യങ്ങൾ എടുത്തു കൊള്ളാൻ അനുവാദവും ലഭിച്ചു. സ്‌റ്റേഷനിൽ പാഞ്ഞെത്തിയ മാധ്യമ പ്രവർത്തകരെ രണ്ടു മണി വരെ ഉദ്യോഗസ്ഥർ പല കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കാൻ ശ്രമിച്ചു. അവധി ആയിരുന്ന ഡിവൈ.എസ്.പി എസ്. ഷാദ് പ്രതിയുടെ ദൃശ്യങ്ങൾ പകർത്താൻ മാധ്യമ പ്രവർത്തകരെ അനുവദിക്കണം എന്ന് നാലു തവണ എസ്.എച്ച്.ഓയോട് പറഞ്ഞുവെന്ന് പറയുന്നു. പക്ഷേ, നടപടി ഒന്നുമുണ്ടായില്ല. വൈദ്യ പരിശോധനയ്ക്കായി സ്‌റ്റേഷനിൽ നിന്നും ഇറക്കുമ്പോൾ മാത്രമാണ് മാധ്യമങ്ങൾക്ക് പ്രതിയുടെ അവ്യക്തമായ ചിത്രങ്ങൾ ലഭിച്ചത്. സംഭവം ജില്ലാ പോലീസ് മേധാവിയെ ധരിപ്പിച്ചു. പ്രതിയുടെ ദൃശ്യങ്ങൾ പകർത്തുവാൻ മാധ്യമങ്ങളെ അനുവദിക്കാൻ എസ്.പി നേരിട്ട് എസ്.എച്ച്.ഓയ്ക്ക് നിർദ്ദേശം നൽകി. ഇതിനു ശേഷമാണ് പ്രതിയുടെ ദൃശ്യങ്ങൾ പകർത്താൻ അനുവദിച്ചത്. പ്രമുഖ രാഷ്ര്ടീയ കക്ഷിയുടെ പ്രാദേശിക നേതാവിന് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതി മൊഴി നൽകിയതായി വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടില്ലെന്നും അറിയുന്നു.. ഈ അനാവശ്യ ഇടപെടലിനെ പ്രാദേശിക നേതാക്കളിൽ ചിലർ തന്നെ എതിർക്കുന്നുണ്ട്. അവരിൽ നിന്ന് തന്നെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നേക്കും. !!

Leave a Reply

Your email address will not be published. Required fields are marked *