ന്യൂഡൽഹി – അതിവേഗ സെഞ്ചുറിയോടെ നാളിതുവരെ ഒരു ഇന്ത്യക്കാരനും സ്വന്തമാക്കാത്ത നേട്ടങ്ങൾ പലതും വൈഭവ് സ്വന്തം പേരിലാക്കി. വെടിക്കെട്ടോടെ ഐപിഎൽ അരങ്ങേറ്റം ഉജ്വലമാക്കിയ വൈഭവ് വിസ്മയിപ്പിക്കുകയാണ്. ക്രിക്കറ്റിലെ സൂപ്പർ താരങ്ങൾ വാഴുന്ന ഐപിഎല്ലിൽ ഒരു 14 കാരന് എന്ത് ചെയ്യാനാകുമെന്ന ചോദിച്ചവർക്കെല്ലാം ഇന്നലത്തെ ആ ഒരൊറ്റ ഇന്നിങ്‌സുകൊണ്ട് വൈഭവ് മറുപടി നൽകി. ഗുജറാത്തിനെതിരേ 35 പന്തിൽ സെഞ്ചുറിനേടിയ ഇന്നിങ്സിന് സമാനതകളില്ല.
രാജസ്ഥാനെതിരേ 210 റൺസ് വിജയലക്ഷ്യമുയർത്തി മടങ്ങുമ്പോൾ ഇങ്ങനെയൊരു തിരിച്ചടി ബട്ലറും ഗില്ലും സ്വപ്നത്തിൽ പോലും കണ്ടിട്ടുണ്ടാകില്ല. ഗുജറാത്ത് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച 14-കാരന്റെ വിളയാട്ടം. ഗുജറാത്തിനെതിരേ വെടിക്കെട്ട് ബാറ്റിങ്ങ് കാഴ്ചവെച്ച വൈഭവ് സൂര്യവംശിയാണ് രാജസ്ഥാന്റെ വിജയശിൽപ്പി. അതിവേഗ സെഞ്ചുറിയുമായി വൈഭവ് കത്തിക്കയറുന്ന കാഴ്ചയാണ് ജയ്പുരിൽ കണ്ടത്. 17 പന്തിൽ അർധസെഞ്ചുറി തികച്ച താരം 35 പന്തിൽ സെഞ്ചുറിയും നേടി. ഒരുപിടി റെക്കോഡുകളും താരം സ്വന്തം പേരിലാക്കി. ടി20 യിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, ഐപിഎല്ലിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി, ഒരു ഇന്ത്യക്കാരന്റെ അതിവേഗ ഐപിഎൽ സെഞ്ചുറി അങ്ങനെ റെക്കോഡുകൾ വൈഭവ് തിരുത്തിയെഴുതി.
ബിഹാർ സമസ്തിപുർ സ്വദേശിയായ വൈഭവ് 2024 ജനുവരി അഞ്ചിനാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. പട്‌നയിൽ മുംബൈക്കെതിരെ ഇറങ്ങുമ്പോൾ പന്ത്രണ്ട് വയസ്സും 284 ദിവസവുമായിരുന്നു വൈഭവിന്റെ പ്രായം. ഇതോടെ രഞ്ജി ട്രോഫിയിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ താരമായി വൈഭവ് മാറി. കഴിഞ്ഞ വർഷം നടന്ന ഐപിഎൽ മെഗാ ലേലത്തിൽ, 1.1 കോടി രൂപയ്ക്കാണ് സൂര്യവംശിയെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്. ഇതോടെ ഐപിഎൽ കരാർ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനെന്ന നേട്ടവും താരത്തിന് സ്വന്തമായിരുന്നു.


