മാർപാപ്പയെ കാണാൻ പോകാൻ ഇറ്റാലിയൻ ഭാഷ പഠിച്ചതോർത്ത് മുൻ എംഎൽഎ ജോസഫ് എം. പുതുശേരിയുടെ കുറിപ്പ്

Kerala Pathanamthitta Special

കോട്ടയം – മാർപാപ്പയെ കാണുമ്പോൾ പറയുന്നതിനായി ഇറ്റാലിയൻ ഭാഷ പഠിച്ചതും അദ്ദേഹത്തെ നേരിൽ കണ്ടപ്പോൾ അത് പറഞ്ഞതുമൊക്കെ കൂട്ടിച്ചേർത്ത് മുൻ എംഎൽഎയും കേരളാ കോൺഗ്രസ് വൈസ് ചെയർമാനുമായ ജോസഫ് എം. പുതുശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. അദ്ദേഹം ആഗ്രഹിച്ചിരുന്നെങ്കിലും ഇന്ത്യാ സന്ദർശനം നടക്കാതെ പോയതിന്റെ കാരണം നമ്മുടെ നിർഭാഗ്യമാണെന്നും പുതുശേരി കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:-

https://www.facebook.com/share/p/1GJ3nYdac4/

ഫ്രാൻസിസ് മാർപാപ്പ വിടവാങ്ങുമ്പോൾ സർവ സ്വീകാര്യതയുടെ മഹത്തായ മാതൃക എഴുതിച്ചേർത്ത അദ്ധ്യായത്തിനാണ് തിരശ്ശീല വീഴുന്നത്.
അന്ന് മാർപാപ്പയുടെ തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള കർദിനാൾമാരുടെ യോഗം നടക്കുമ്പോൾ വെളുത്ത പുക വരുന്നതിനുമുമ്പ് മാധ്യമങ്ങൾ 14 പേരുടെ സാധ്യതാ പട്ടിക പുറത്തുവിട്ടിരുന്നു. അതിൽ ഫ്രാൻസിസ് മാർപാപ്പയുടെ പേരുണ്ടായിരുന്നില്ല. എന്നാൽ ദൈവഹിതം മറ്റൊന്നായിരുന്നു. അദ്ദേഹത്തെയാണ് മാർപാപ്പയായി തിരഞ്ഞെടുത്തത്. ആ തിരഞ്ഞെടുപ്പ് അക്ഷരാർത്ഥത്തിൽ ശരിയായിരുന്നു വെന്ന് പുതിയ മാർപാപ്പ സ്വജീവിതത്തിലൂടെ തെളിയിച്ചു. വ്യത്യസ്ത വീക്ഷണം ഉള്ളവരും വിരുദ്ധധ്രുവങ്ങളിൽ നിൽക്കുന്നവരും അടക്കം എല്ലാവരും അദ്ദേഹത്തിന്റെ നടപടികളെ വാഴ്ത്തി പാടിയത് അതിന്റെ നിദർശനം.

ഒരിക്കൽ വത്തിക്കാനിൽ വച്ച് അദ്ദേഹത്തെ കൂടിക്കാണാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ അസുലഭ ഭാഗ്യവും അവിസ്മരണീയ മുഹൂർത്തവുമായി നിലനിൽക്കുന്നു. 2017ൽ ഇറ്റാലിയൻ പാർലമെന്റിൽ വച്ച് നടന്ന ഇന്റർ പാർലമെന്ററി അസംബ്ലി ഓൺ ഓർത്തഡോക്‌സിയുടെ(ഐഎഓ) 24-ാമത് വാർഷിക ജനറൽ അസംബ്ലിയിൽ പങ്കെടുക്കാൻ പോയപ്പോഴാണിത് സംഭവിച്ചത്. കർദിനാൾ ക്ലീമിസ് തിരുമേനിയാണ് അതിനവസരം ഒരുക്കിയത്.

‘ബോൻ ജോർണോ’ (ഗുഡ് മോർണിംഗ്) എന്നു തുടങ്ങി ‘തൂത്തി ഇന്ത്യാനി അസ്‌പെത്താത്തി പെർ ലാ സുവാ പ്രസൻസാ എ ലാ ബെനദിക് സിയോനേ’ ( ഇന്ത്യയിൽ വന്ന് തങ്ങളെ അനുഗ്രഹിക്കണമെന്ന് എല്ലാ ഇന്ത്യക്കാരും ആഗ്രഹിക്കുന്നു) എന്ന് ഇറ്റാലിയൻ ഭാഷയിൽ അദ്ദേഹത്തോട് പറയുമ്പോൾ എനിക്കുണ്ടായ അഭിമാനം വലുതായിരുന്നു.’സോനോ വിച്ചീനോ ദി കാർഡിനൽ ക്ലിമിസ് ‘ (കർദിനാൾ ക്ലീമിസിന്റെ അയൽക്കാരനാണ്) എന്നു കൂടി പറയുമ്പോൾ മാർപാപ്പ എന്റെ ഇരു കരങ്ങളും ഗ്രഹിച്ച് ശ്രദ്ധയോടെ എനിക്ക് ചെവി കൂർപ്പിക്കുകയായിരുന്നു.

‘പിതാവിനെ കാണാൻ പുതുശ്ശേരി ഇറ്റാലിയൻ ഭാഷ പഠിക്കുകയായിരുന്നു’ എന്നു ക്ലീമ്മിസ് തിരുമേനി അപ്പോൾ പറഞ്ഞത് കേട്ട് പൊട്ടിച്ചിരിച്ചുകൊണ്ട് അദ്ദേഹം കരം അമർത്തി, ഒരു അംഗീകാരമോ അഭിനന്ദനമോ പോലെ. ഞാൻ സമ്മാനിച്ച it @ kallooppara . schools എന്ന ഇംഗ്ലീഷ് പുസ്തകത്തിൽ ശ്രദ്ധയോടെ കണ്ണോടിച്ചു. പേജുകൾ മറിച്ചു നോക്കി. അത് പൂർത്തിയായെന്നു തോന്നിയപ്പോൾ ഞാൻ കയ്യിൽ കരുതിയിരുന്ന ജപമാല നീട്ടി. അദ്ദേഹം അത് വാഴ്ത്തി തന്നു. വിട വാങ്ങുമ്പോഴേക്കും വീണ്ടും എന്റെ നേരെ കൈ ഉയർത്തി എന്നെ അനുഗ്രഹിച്ചു. ഇതിനേക്കാൾ വലിയൊരു ജീവിതസാഫല്യം എന്താണ് ? വാക്കുകൊണ്ടും പ്രവൃർത്തികൊണ്ടും ദൈവവഴിയിൽ നിന്ന് അണുവിട വ്യതിചലിക്കാത്ത ഫ്രാൻസിസ് മാർപ്പാപ്പായുമായുള്ള ഈ സാമിപ്യവും ഇടപെടലും ദിവ്യാനുഗ്രഹത്തിന്റെ മറ്റൊരു ലോകത്തേക്കാണ് എന്നെ ആനയിച്ചത്.

പരിശുദ്ധ പിതാവ് വിടവാങ്ങു മ്പോൾ ഒരിക്കലും മറക്കാനാവാത്ത ഈ സ്മരണകൾ എന്റെ മനോമുകുരത്തിൽ നിറഞ്ഞുതുളുമ്പുന്നു.ഒരു ഊർജ്ജ പ്രവാഹത്തിന്റെ സന്നിവേശം പോലെ. ഒരു നിരാശ മാത്രം ബാക്കി നിൽക്കുന്നു.പരിശുദ്ധപിതാവിന്റെ ഇന്ത്യാ സന്ദർശനം നടന്നില്ലെന്ന കാര്യം. ശ്രീലങ്കയും ബംഗ്ലാദേശും മ്യാൻമറും അടക്കമുള്ള അയൽ രാജ്യങ്ങളിലൊക്കെ സന്ദർശനം നടത്തിയ ഫ്രാൻസിസ് മാർപാപ്പ ഇന്ത്യ സന്ദർശിക്കാനുള്ള തന്റെ ഇംഗിതം 2016 ഒക്ടോബറിൽ തന്നെ മാധ്യമപ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയിൽ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ രാജ്യത്തിന്റെ ഔദ്യോഗിക ക്ഷണം യഥാസമയം നടത്താതെ വൈകിപ്പിച്ചതാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നെങ്കിലും സന്ദർശനം നടക്കാതെ പോയതിന്റെ കാരണം. നമ്മുടെ നിർഭാഗ്യം എന്നല്ലാതെ എന്തുപറയാൻ. ഇതിനുത്തരവാദികളായവരാണ് അതിനു മറുപടി നൽകേണ്ടത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *