ഭാര്യയുമായി വഴക്കുണ്ടാക്കിയ ഭർത്താവിനെ, വിവരമറിഞ്ഞെത്തിയ ഭാര്യാ സഹോദരൻ കമ്പിവടിക്കടിച്ചു

Crime
Print Friendly, PDF & Email

ചിറ്റാർ: ഭർത്താവ് തന്നോട് വഴക്കുണ്ടാക്കിയ വിവരം സഹോദരി ഫോണിൽ അറിയിച്ചപ്പോൾ സ്ഥലത്തെത്തിയ സഹോദരൻ, വഴക്കുണ്ടാക്കുന്ന ഭർത്താവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. കമ്പിവടികൊണ്ടുള്ള അടിയേറ്റ് വലതുകൈക്ക് പൊട്ടലേറ്റ യുവാവ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ചിറ്റാർ പാമ്പിനി ഇലവുങ്കൽ ഇ എസ് സുമേഷ് (35) ആണ് ചിറ്റാർ പോലീസിന്റെ പിടിയിലായത്.

മാർച്ച് 13 നാണ് സംഭവം. ചിറ്റാർ വയ്യാറ്റുപുഴ മീൻകുഴി തടത്തിൽ പുത്തൻ വീട്ടിൽ എം കെ സുനിൽ മോനാണ് പരിക്കേറ്റത്. ഭർത്താവ് സുനിൽ വഴക്കുണ്ടാക്കിയ വിവരം സഹോദരൻ സുമെഷിനെ യുവതി ഫോണിൽ വിളിച്ചറിയിച്ചതാണ് പ്രകോപനം സൃഷ്ടിച്ചത്. ഉച്ചക്ക് ശേഷം മൂന്നിന് ചിറ്റാറുള്ള കേരള ഗ്രാമീണ ബാങ്കിന്റെ മുകൾ നിലയിലേക്കുള്ള പടിയിൽ വച്ച് കയ്യിൽ കരുതിയ കമ്പിവടി കൊണ്ട് പ്രതി ആക്രമിക്കുകയായിരുന്നു. അടികൊണ്ട് സുനിലിന്റെ വലതുകൈ എല്ലിൽ പൊട്ടലുണ്ടായി. എസ് സി പി ഓ അനിൽകുമാർ ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. പോലീസ് ഇൻസ്‌പെക്ടർ ബി രാജഗോപാൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു.

ഇരുമ്പുകമ്പി പോലീസ് പിന്നീട് കണ്ടെടുത്തു, പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതിനെ തുടർന്ന് തിങ്കളാഴ്ച്ച അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം തുടരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *