മന്ത്രി വീണാ ജോർജ് ജില്ലാതല ശുചിത്വ പ്രഖ്യാപനം നടത്തി

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – മാലിന്യ സംസ്‌കരണം സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്ന് ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. മാലിന്യ സംസ്‌കരണത്തിൽ മികവാർന്ന പ്രവർത്തനമാണ് ജില്ലയിലേത്. മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പത്തനംതിട്ടയെ ശുചിത്വജില്ലയായി അടൂർ സെന്റ് തോമസ് പാരിഷ് ഹാളിൽ മന്ത്രി പ്രഖ്യാപിച്ചു . തദ്ദേശ സ്ഥാപനങ്ങളിൽ ജില്ലാ ഭരണകൂടത്തിന്റെ ഡോർ ടു ഡോർ മാലിന്യ സംസ്‌കരണ അവയർനെസ് കാമ്പയിൻ വിജയകരമാണ്. കുന്നന്താനം കിൻഫ്രാ പാർക്കിലെ അജൈവ സംസ്‌കരണ ഫാക്ടറി ജില്ലയ്ക്ക് അഭിമാനം പകരുന്നു. മാലിന്യസംസ്‌കരണ പ്രവർത്തനങ്ങളിൽ തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടൽ പ്രശംസനീയം. അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി സ്വീകരിക്കും. ‘വൃത്തി 2025’ ന്റെ ഭാഗമായി തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന കോൺക്ലേവിൽ മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട് അവബോധമാണ് ലക്ഷ്യം.

ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകൾ, നാല് മുൻസിപ്പാലിറ്റി എന്നിവ 100 ശതമാനം മാലിന്യമുക്തമായി. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശസ്വയം ഭരണ വകുപ്പിന്റെയും പരിശ്രമത്തോടെ വാതിൽപ്പടി ശേഖരണം പൂർണ ലക്ഷ്യത്തിലെത്തി. മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി ഇലന്തൂർ ( ജില്ലയിലെ മികച്ച ബ്ലോക്ക് പഞ്ചായത്ത് ) പത്തനംതിട്ട (നഗരസഭ ), റാന്നി (ഗ്രാമപഞ്ചായത്ത്) എന്നിവയ്ക്കുളള പുരസ്‌കാരം വിതരണം ചെയ്തു. ക്ലീൻ കേരളയുടെ അജൈവ മാലിന്യം ശേഖരിക്കുന്ന വാഹനയാത്ര മന്ത്രി ഫ്ളാഗ് ഓഫ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം അധ്യക്ഷനായി. ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ എ എസ് നൈസാം പഠന റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പ്രസിഡന്റുമാരായ ജെ ഇന്ദിരാദേവി, എം പി മണിയമ്മ, ബി എസ് അനീഷ് മോൻ, ജെസി സൂസൻ, അടൂർ നഗരസഭാ ചെയർപേഴ്സൺ ദിവ്യാ റെജി മുഹമ്മദ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ അനിതാകുമാരി, മാലിന്യമുക്ത നവകേരളം, ഹരിത കേരള മിഷൻ, കുടുംബശ്രീ ജില്ലാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർമാരായ ആർ അജിത് കുമാർ, ജി അനിൽ കുമാർ, എസ് ആദില എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *