പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള അറിയിപ്പുകൾ
ജില്ലാതല പരിശീലനം
സ്‌കൂൾ സമഗ്ര ആരോഗ്യപദ്ധതി (ഫസ്റ്റ്‌ബെൽ ) യുടെ ജില്ലാതല പരിശീലനം ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം പത്തനംതിട്ട എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ അനിതകുമാരി ഉദ്ഘാടനംചെയ്തു. ഡോ.എസ്. നയന (ജൂനിയർ കൺസൾട്ടന്റ് ഇൻ സൈക്ക്യാട്രി ജി.എച്ച് പത്തനംതിട്ട) , ഡോ. കെ.കെ ശ്യാംകുമാർ (ജില്ലാ ആർ.സി.എച്ച് ഓഫീസർ) എന്നിവർ ക്ലാസ് നയിച്ചു.
വീൽ ചെയർ വിതരണം
ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം ഭിന്നശേഷിക്കാർക്ക് ഇലക്ടിക് വീൽ ചെയർ വിതരണം ചെയ്തു.
പത്തനംതിട്ട പ്രകാശധാര സ്‌പെഷ്യൽ സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. 10 പേർക്കായി 10.28 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് ചെലവഴിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജിജി മാത്യു അധ്യക്ഷനായി. ജില്ലാ സാമൂഹ്യ നീതി ഓഫീസർ ജെ ഷംലാ ബീഗം, ജില്ലാ പഞ്ചായത്ത് അംഗം ജെസി അലക്‌സ്, പ്രകാശധാര സ്‌പെഷ്യൽ സ്‌കൂൾ ഡയറക്ടർ റവ. ഫാ. റോയി സൈമൺ എന്നിവർ പങ്കെടുത്തു.
അഭിമുഖം മാർച്ച് 28ന്
കോന്നി മെഡിക്കൽ കോളജിൽ കരാർ വ്യവസ്ഥയിൽ 11 ഒഴിവിലേക്ക് ജൂനിയർ റസിഡന്റുമാരെ നിയമിക്കുന്നതിന് അഭിമുഖം മാർച്ച് 28ന് രാവിലെ 10.30 ന് നടക്കും. എംബിബിഎസ്, മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, തിരിച്ചറിയൽരേഖ എന്നിവയുടെ അസലും പകർപ്പും സഹിതം ഹാജരാകണം. പ്രവൃത്തിപരിചയമുളളവർക്കും പത്തനംതിട്ട ജില്ലക്കാർക്കും മുൻഗണന. പ്രായപരിധി 50 വയസ്. ഫോൺ :0468 2344803.
റിസർച്ച് അസിസ്റ്റന്റ്
പന്നിവേലിചിറ ഫിഷറീസ് കോംപ്ലക്‌സ് ഗിഫ്റ്റ് ഹാച്ചറിയിലെ റിസർച്ച് അസിസ്റ്റന്റ് /ഹാച്ചറി ടെക്‌നീഷ്യൻ തസ്തികയിലെ ഒരു ഒഴിവിലേക്ക് മാർച്ച് 28ന് രാവിലെ 11ന് അഭിമുഖം നടത്തുന്നു. അസൽ രേഖകൾ സഹിതം ജില്ലാ ഫിഷറീസ് കാര്യാലയത്തിൽ എത്തണം. ഫോൺ : 0468 2214589.


