ശബരിമലയിലെ പോലീസിന്റെ സൈബർ ഹെൽപ്‌ഡെസ്‌ക് വിജയകരം ; മണ്ഡല കാലത്ത് കാണാതെപോയ 70 മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമസ്ഥർക്ക് തിരിച്ചു നൽകി

Kerala Pathanamthitta

പത്തനംതിട്ട: ജില്ലയിലെ പോലീസ് ശബരിമലയിൽ നടപ്പിലാക്കിയ സൈബർ ഹെൽപ്പ് ഡെസ്‌കിന്റെ പ്രവർത്തന ഫലമായി, കാണാതെപോയ അയ്യപ്പന്മാരുടെ മൊബൈൽ ഫോണുകൾ കണ്ടെത്തി ഉടമകൾക്ക് തിരിച്ചു നൽകി. ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാർ മുൻകൈയെടുത്ത് നടപ്പിലാക്കിയ, മൊബൈൽ ഉപകരണങ്ങൾ ഉപയോഗിച്ച് കൈകാര്യം ചെയ്യുന്നതിനും ട്രാക്ക് ചെയ്യുന്നതിനുമുള്ള കേന്ദ്രീകൃത സംവിധാനമായ സി ഇ ഐ ആർ പോർട്ടലിന്റെ പ്രവർത്തനമാണ് ഉപകാരപ്രദമായത്. സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്റ്റർ എന്നാണ് ഇത് അറിയപ്പെടുന്നത്. ജില്ലയിൽ ആദ്യമായാണ് ഈ സംവിധാനം പ്രവർത്തിച്ചു തുടങ്ങിയത്. ഇപ്പോഴും ഇത് പ്രവർത്തനസജ്ജമാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

കഴിഞ്ഞ ശബരിമല മണ്ഡല – മകരവിളക്ക് കാലം ആരംഭിച്ച ശേഷമാണ് പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിൽ സൈബർ ഹെല്പ് ഡസ്‌ക് തുടങ്ങിയത്. മൊബൈൽ ഫോൺ നഷ്ടമായവർക്ക് സി ഇ ഐ ആർ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ഫോൺ സംബന്ധിച്ച വിവരങ്ങൾ നൽകാം. ഇത്തരത്തിൽ രജിസ്റ്റർ ചെയ്തവയിൽ പോലീസ് കണ്ടെത്തി തിരിച്ചുപിടിച്ച 70 ഫോണുകളാണ് ഉടമകളെ കണ്ടെത്തി കൊറിയർ വഴി അയച്ചു കൊടുത്തത്. മിക്കതും ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെ ചില സ്ഥലങ്ങളിൽ നിന്നുമാണ് കണ്ടെത്താൻ സാധിച്ചത്.

സൈബർ ഹെൽപ്‌ഡെസ്‌ക്കിലെ പോലീസ് ഉദ്യോഗസ്ഥർ ഈ ഫോണുകൾ നിലവിൽ ഉപയോഗിക്കുന്നവരെ കണ്ടെത്തി അവരോട് വിവരം പറയുകയും തുടർന്ന് ഫോൺ തിരികെ ലഭ്യമാക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് ഉടമസ്ഥർക്ക് അയച്ചു കൊടുക്കുകയും ചെയ്തു. മൊബൈൽ ഫോൺ നഷ്ടപ്പെടുന്ന സന്ദർഭങ്ങളിൽ അവർ കണ്ടെത്തുന്നതിന് രജിസ്റ്റർ ചെയ്യാവുന്ന മൊബൈൽ ആപ്പ് ആണ് സി ഇ ഐ ആർ. മോഷണം തടയുന്നതിനും നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ തിരിച്ചു കിട്ടുന്നതിനും ജില്ലാ പോലീസ് മേധാവി മുൻകൈയെടുത്ത് രൂപീകരിച്ച് വിജയകരമായി നടപ്പിലാക്കിയ സംവിധാനമാണിത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തർക്ക് ഏറെ ഉപകാരപ്രദമാണ് കേന്ദ്രഗവണ്മെന്റ് പദ്ധതിയിൽപ്പെട്ട ഈ സംവിധാനമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. പമ്പ പോലീസ് ഇൻസ്‌പെക്ടർ സി.കെ.മനോജിന്റെ നേതൃത്വത്തിലാണ് ഹെൽപ്‌ഡെസ്‌ക് പ്രവർത്തിക്കുന്നത്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *